Latest News

കരുത്തറിയിച്ച് യു.എ.ഇ;. സിംബാബ്‌വെയ്ക്ക് 286 റണ്‍ വിജയലക്ഷ്യം

നെല്‍സണ്‍: പത്തൊന്‍പതു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം അത്ഭുതങ്ങളുടെ ചെപ്പ് തുറന്നെത്തിയിരിക്കുകയാണ് ലോകകപ്പ് വേദിയിലേയ്ക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്.

രണ്ട് പതിറ്റാണ്ട് മുന്‍പ് വമ്പന്മാര്‍ക്ക് മുന്നില്‍ പകച്ചുപോയി നാണംകെട്ടു മടങ്ങിയവരുടെ പിന്‍മുറക്കാരല്ല ഇക്കുറി എത്തിയിരിക്കുന്നത്. ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച സിംബാബ്‌വെയെ അക്ഷരാര്‍ഥത്തില്‍ തന്നെ ബാറ്റ് കൊണ്ട് ഞെട്ടിച്ചിരിക്കുകയാണ് എമിറേറ്റ്‌സുകാര്‍. അമ്പതോവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സാണ് യു.എ.ഇ. നേടിയത്. ഏകദിന ക്രിക്കറ്റിലെ അവരുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

മുഴുവന്‍ പാര്‍ട് ടൈം താരങ്ങളുമായി എത്തിയ യു. എ.ഇ. പ്രൊഫഷണല്‍ താരങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയ പ്രകടനമാണ് കാഴ്ചവച്ച്ത. പത്തോവര്‍ കഴിഞ്ഞപ്പോള്‍ 40 റണ്ണിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ കളിച്ചു പഠിക്കുന്നവരുടെ ദയനീയ ദുരന്തം മുന്നില്‍ കണ്ടവര്‍ ഏറെ. എന്നാല്‍, ഈ തകര്‍ച്ചയില്‍ നിന്ന് ഒന്നാന്തരമായി തിരിച്ചുവരുന്നതാണ് പിന്നെ കണ്ടത്. സിംബാബ്‌വെയുടെ മൂര്‍ച്ച കുറഞ്ഞ ബൗളിങ്ങും ഫീല്‍ഡര്‍മാരുടെ ഓട്ടക്കൈകളും കൂടി ചേര്‍ന്നതോടെ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി.

ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച പാലക്കാട്ടുകാരന്‍ കൃഷ്ണചന്ദ്രനും നാല്‍പ്പത്തിമൂന്ന് വയസ്സുള്ള മുന്‍ നായകന്‍ ഖുറാം ഖാനും ചേര്‍ന്നാണ് പ്രതിസന്ധിയില്‍ നിന്ന് ആദ്യം അവരെ കരകയറ്റിയത്. 16.2 ഓവറില്‍ നിന്ന് ഇവരെടുത്ത 82 റണ്‍ കൂട്ടുകെട്ടിന്റെ കൈപിടിച്ച് അവര്‍ പ്രതിസന്ധിയില്‍ നിന്ന് കരകയറി. സ്‌കോര്‍ 23-ാം ഓവറില്‍ തന്നെ 100 കടക്കുകയും ചെയ്തു. കൃഷ്ണചന്ദ്രന്‍ 63 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയുടെ അകമ്പടിയോടെ 34 ഉം ഖുറാം 55 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളോടെ 45 ഉം റണ്‍സാണ് നേടിയത്.
കൃഷ്ണചന്ദ്രന്‍


മെല്ലെയെങ്കിലും ദൃഢമായിരുന്നു ഇവര്‍ പാകിയ അടിത്തറ. ക്രീസില്‍ നില്‍ക്കാന്‍ ക്ഷമയുണ്ടെങ്കില്‍ റണ്ണെടുക്കാനാവുമെന്ന് അവര്‍ തെളിയിച്ചു. ഈ അടിത്തറയില്‍ കാലുറപ്പിച്ചാണ് പിന്നീട് വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ സ്വപ്നില്‍ പാട്ടിലും ഷൈമന്‍ അന്‍വറും ദ്രുതഗതിയില്‍ സ്‌കോര്‍ ചലിപ്പിച്ചത്. കരുതലോടെയുള്ളതായിരുന്നു സ്വപ്‌നിലിന്റെ ഇന്നിങ്‌സ്. എന്നാല്‍, വെടിക്കെട്ടുവീരനായിരുന്നു ഷൈമാന്‍ അന്‍വര്‍. അഞ്ചാം വിക്കറ്റില്‍ 7.13 ശരാശരിയിലാണ് ഇവര്‍ 82 റണ്‍ കൂട്ടിച്ചേര്‍ത്തത്. സ്വപ്‌നില്‍ 38 പന്തില്‍ നിന്നാണ് 32 റണ്‍ നേടിയതെങ്കില്‍ 50 പന്തില്‍ നിന്നായിരുന്നു ഒരു സിക്‌സും ഒന്‍പത് ബൗണ്ടറിയും അടങ്ങിയ ഷൈമന്റെ 67 റണ്‍സ്. ലോകകപ്പില്‍ ഒരു യു.എ.ഇ. താരം നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ വ്യക്തിഗത സ്‌കോറാണിത്.

പിന്നീട് റോഹന്‍ മുസ്തക്കയെ എളുപ്പത്തില്‍ നഷ്ടപ്പെട്ടതോടെ യു. എ.ഇ.യുടെ കുതിപ്പിന് കടിഞ്ഞാണായെന്ന് കരുതിയെങ്കിലും അംജദ് ജാവേദും മുഹമ്മദ് നവീദും കൂട്ടുചേര്‍ന്നതോടെ കഥ വീണ്ടും മാറി. സിംബാബ്‌വെന്‍ ബൗളര്‍മാരെ നിരന്തം അതിര്‍ത്തികടത്തിയും അനായാസം സിംഗിളും ഡബിളുമെല്ലാം ഓടിയെടുത്തും അവര്‍ വിശ്രമമില്ലാതെ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. സ്‌കോര്‍ വിജയപ്രതീക്ഷ ജനിപ്പിച്ച 285 എത്തുന്നതില്‍ എട്ടാം വിക്കറ്റില്‍ ഇവര്‍ 5.5 ഓവറില്‍ 9.08 ശരാശരിയില്‍ നേടിയ 53 റണ്‍സ് നിര്‍ണായകമായി. ജാവെദ് ഒരു സിക്‌സും നവീദ് രണ്ട് സിക്‌സും നേടി.

സിംബാബ്‌വെന്‍ ബൗളര്‍മാരില്‍ ആര്‍ക്കും കാര്യമായ സ്വാധീനം ചെലുത്താനായില്ല എന്നതിന് സ്‌കോര്‍ബോര്‍ഡ് തന്നെ സാക്ഷ്യം. തുടക്കത്തില്‍ അല്‍പം ഭീതി പരത്തിയ ചത്താരയും മിരെയുമായിരുന്നു മെച്ചം. ചത്താര മൂന്നും മിരെയും വില്ല്യംസും രണ്ട് വീതവും വിക്കറ്റെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.