Latest News

സഹോദരങ്ങളുടെ നിശ്ചയദാര്‍ഢ്യത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിക്കു പുനര്‍ജന്മം

ഇരിട്ടി: (www.malabarflash.com) പ്ലസ് ടു വിദ്യാര്‍ഥിക്ക് പുനര്‍ജന്മം നല്‍കിയത് സഹോദരങ്ങളുടെ നിശ്ചയദാര്‍ഢ്യം. മരണത്തിന്റെ നൂല്‍പ്പാലത്തില്‍ നിന്നു വിഷ്ണുപ്രസാദിന് ജീവന്‍ തിരിച്ചുകിട്ടിയതു വിദ്യാര്‍ഥികളായ സഹോദരങ്ങളുടെ ആത്മവിശ്വാസം കൈവിടാതെയുള്ള പ്രവര്‍ത്തനമാണ്.

പുന്നാട് കോട്ടത്തെക്കുന്നിലെ വിഷ്ണു നിവാസില്‍ പി. പവിത്രന്‍-സുമതി ദമ്പതികളുടെ മകനും ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയുമായ വിഷ്ണുപ്രസാദാണു കഴിഞ്ഞദിവസം ഇരിട്ടി ജബ്ബാര്‍കടവില്‍ ഒഴുക്കില്‍പ്പെട്ടത്. ജബ്ബാര്‍കടവ് പുഴയ്ക്കടുത്തുള്ള ബന്ധുവീട്ടിലെത്തിയതായിരുന്നു വിഷ്ണുപ്രസാദും സഹോദരങ്ങളും. കഴിഞ്ഞദിവസം രാവിലെ 9.30ഓടെ സഹോദരങ്ങള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു വിഷ്ണുപ്രസാദ്.

കുളിക്കുന്നതിനിടെ വിഷ്ണുപ്രസാദ് മാത്രം ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരങ്ങളായ ഇതേ സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി കൃഷ്ണപ്രസാദ്, എട്ടാംക്ലാസ് വിദ്യാര്‍ഥി ശിവപ്രസാദ്, ഇവരുടെ പിതൃസഹോദരിയുടെ മകളുടെ മകനും കൂത്തുപറമ്പ് കോട്ടയം മലബാര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയുമായ ജ്യോതിഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നീന്തിയെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.

ആദ്യതവണ കൃഷ്ണപ്രസാദും ശിവപ്രസാദും ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ഈസമയം കരയ്ക്കുണ്ടായിരുന്ന ജ്യോതിഷ്‌കുമാര്‍ ബഹളംവച്ചപ്പോള്‍ പുഴയില്‍ കുളിക്കാനെത്തിയ രണ്ടു സ്ത്രീകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഒപ്പംകൂടി. വിഷ്ണുപ്രസാദിനെ കരയ്‌ക്കെത്തിച്ച ഉടന്‍ ശരീരത്തില്‍ നീലനിറം രൂപപ്പെടുകയും കരയിലുണ്ടായിരുന്ന വിദ്യാര്‍ഥി മരിച്ചെന്നു വിധിയെഴുതുകയും തുണിയില്‍ പുതപ്പിക്കുകയും ചെയ്തിരുന്നു.

വിഷ്ണുവിനു ജീവനുണെ്ടന്നു സംശയം തോന്നിയതിനെ തുടര്‍ന്നു കൃത്രിമ ശാസ്വോച്ഛാസം നല്‍കിയ കുട്ടിയെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിഷ്ണുപ്രസാദ് വ്യാഴാഴ്ച നടക്കുന്ന പ്ലസ്ടു പരീക്ഷ എഴുതാനുള്ള തയാറെടുപ്പിലാണ്.

Keywords: Kannur, Iritty, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.