പരപ്പ: മൊബൈല്‍ ചാറ്റിംഗിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പതിനാലുകാരി നാടുവിട്ടു. വെള്ളരിക്കുണ്ടിലെ ഒരു സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന പരപ്പക്കടുത്ത് താമസിക്കുന്ന പെണ്‍കുട്ടിയാണ് ബുധനാഴ്ച നാടുവിട്ടത്. രാവിലെ സ്‌കൂളിലേക്ക് വീട്ടില്‍ നിന്നും പുറപ്പെട്ട പെണ്‍കുട്ടി സ്‌കൂളില്‍ പോകാതെ ഉച്ചക്ക് രണ്ട് മണിയോടെ കാഞ്ഞങ്ങാട്ടെത്തുകയും റെയില്‍വെ സ്റ്റേഷനിലെത്തി മംഗലാപുരം-തിരുവനന്തപുരം കണ്ണൂര്‍ എക്‌സ്പ്രസില്‍ തൃശൂരിലേക്ക് യാത്ര തിരിക്കുകയുമായിരുന്നു.
സമ്പന്ന കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടി മാസങ്ങളായി തൃശൂര്‍ സ്വദേശിയെന്ന് കരുതുന്ന യുവാവുമായി മൊബൈല്‍ ചാറ്റിംഗിലൂടെ നിരന്തരം ബന്ധപ്പെട്ട് വരികയായിരുന്നു. കാമുകനെ കാണാന്‍ തൃശൂരിലേക്ക് യാത്ര തിരിക്കുന്ന വിവരം പെണ്‍കുട്ടി യുവാവിനെ ബുധനാഴ്ച രാവിലെ വിളിച്ചറിയിച്ചിരുന്നു.
എന്നാല്‍ താന്‍ ഗുജറാത്തിലാണെന്നും തൃശൂരിലേക്ക് യാത്ര തിരിക്കരുതെന്നും യുവാവ് പറഞ്ഞെങ്കിലും പെണ്‍കുട്ടി അത് ചെവിക്കൊള്ളാതെ തൃശൂരേക്ക് നാട് വിടുകയായിരുന്നു. സംഭവത്തില്‍ പന്തികേട് തോന്നിയ യുവാവ് അപ്പോള്‍ തന്നെ പെണ്‍കുട്ടിയുടെ വീട്ടുകാരെ വിവരം അറിയിച്ചതോടെയാണ് പെണ്‍കുട്ടി നാട് വിട്ട കാര്യം വീട്ടുകാര്‍ അറിയുന്നത്. അവര്‍ ഉടന്‍ വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
പെണ്‍കുട്ടിയെ കാണാതായ വിവരം വയര്‍ലെസ് സന്ദേശത്തിലൂടെ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനിലേക്കും കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ രാത്രിയോടെ തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച ഉച്ചയോടെ പെണ്‍കുട്ടിയെ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെത്തിച്ചു. പെണ്‍കുട്ടിയുടെ പിതാവും സഹോദരനും ഗള്‍ഫിലാണ്. മൂത്ത സഹോദരി കോഴിക്കോട്ട് സിവില്‍ എഞ്ചിനീയറായി ജോലി നോക്കി വരുന്നു.
No comments:
Post a Comment