കാസര്‍കോട്: (www.malabarflash.com) ബാര്‍ കോഴ കേസില്‍ പ്രതിയായ ധനമന്ത്രി കെ എം മാണി രാജിവെച്ച് അന്വേഷണത്തെ നേരിടുന്നില്ലെങ്കില്‍ എല്ലാപരിപാടികളും തടയാന്‍ ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്റ് ടി വി രാജേഷ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബജറ്റ് വില്‍പനചരക്കാക്കി കേരളത്തിന്റെ പൊതുമുതല്‍ കൊള്ളയടിക്കുന്ന മന്ത്രിക്കെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കും. മന്ത്രി മാണിയെ പുറത്തിറങ്ങാന്‍ അനുവദിക്കാത്ത പ്രക്ഷോഭത്തിനാണ് രൂപം നല്‍കുന്നത്.
നിയമമന്ത്രികൂടിയായ മാണി സ്ഥാനത്തിരുന്ന് തുടരുന്ന അന്വേഷണമെല്ലാം പ്രഹസനമാകും. മാണികൂടി ഉള്‍പ്പെട്ട സര്‍ക്കാരാണ് പരാതി അന്വേഷിച്ച് എഫ്‌ഐആറിട്ട് മാണിയെ ഒന്നാം പ്രതിയായി കേസെടുത്തത്. കേരളത്തില്‍ ഇന്നേവരെ ഉണ്ടാകാത്ത അസാധാരണ സംഭവമാണിത്.
സ്വന്തം സര്‍ക്കാര്‍ തനിക്കെതിരെ കേസെടുത്തിട്ടും രാജിവെക്കാന്‍ തയ്യാറാകാതെ അധികാരത്തില്‍ കടിച്ച് തൂങ്ങുമെന്നാണ് മാണി പറയുന്നത്. കുറ്റപത്രം സമര്‍പ്പിച്ചാലും രാജിവെക്കില്ലെന്ന് പറഞ്ഞത് ഇതിനു തെളിവാണ്. കുറ്റംപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതുതന്നെ അന്വേഷണം അട്ടിമറിക്കാനാണ്. മാണി കുറ്റക്കാരനല്ലെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ എഫ്‌ഐആര്‍ റദ്ദാക്കുന്നില്ല.
മാണി സ്വയം രാജിവെക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ പുറത്താക്കേണ്ടുന്ന മുഖ്യമന്ത്രി അഴിമതിക്കാരുടെ സംരക്ഷകനായി മാറുന്ന ദയനീയ ചിത്രമാണിവിടെ. അതുകൊണ്ട് അഴിമതി സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ഉമ്മന്‍ചാണ്ടിയുടെ മണ്ഡലത്തില്‍നിന്ന് മാണിയുടെ മണ്ഡലമായ പാലയിലേക്ക് യുവജനമാര്‍ച്ച് നടത്തും. ഏപ്രില്‍ ഒമ്പതിന് പുതുപ്പള്ളിയില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് പത്തിന് പാലയില്‍ സമാപിക്കും. പതിനായിരകണക്കിന് യുവജനങ്ങള്‍ മാര്‍ച്ചില്‍ അണിനിരക്കും.
അഴിമതിക്കെതിരെയുള്ള സമരത്തില്‍ മുഴുവന്‍ ജനങ്ങളുടെയും പിന്തുണയുണ്ടാകണമെന്ന് രാജേഷ് അഭ്യര്‍ഥിച്ചു. കാസര്‍കോട് ജില്ലാസെക്രട്ടറി കെ മണികണ്ഠനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
No comments:
Post a Comment