Latest News

ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റങ്ങളില്‍ വിമര്‍ശകരെ അവഗണിക്കുക- കബീര്‍ ബാഖവി

മനാമ: പവിത്രമായ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റങ്ങള്‍ക്കിടെ ഉയര്‍ന്നു കേള്‍ക്കുന്ന അപസ്വരങ്ങളും വിമര്‍ശനങ്ങളും അവഗണിച്ചു മുന്നേറാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്നും നന്മ ചെയ്യുന്നവരെ പിന്തിരിപ്പിക്കാന്‍ പിശാചും കൂട്ടാളികളും ആവതു ശ്രമിക്കുമെന്നും ഹാഫിള് അഹ് മദ് കബീര്‍ ബാഖവി പറഞ്ഞു.

സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍-ഗുദൈബിയ ഏരിയ കമ്മറ്റിയുടെ കീഴില്‍ സംഘടിപ്പിച്ച ത്രിദിന മത പ്രഭാഷണ പരമ്പരയ്ക്കിടെ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ സൂചിപ്പിച്ചു കൊണ്ടാണ് ബാഖവി ഇപ്രകാരം പറഞ്ഞത്.


മനുഷ്യരില്‍ ഹൃദയരോഗമുള്ളവരുണ്ട്. അസൂയ, അഹങ്കാരം പോലുള്ള ഹൃദയരോഗമുള്ളവരില്‍ നിന്നാണ് വിശ്വാസികള്‍ക്ക് ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടി വരുന്നത്.
ഫൈസ്ബുക്ക്, വാര്‍ട്സ് അപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ വഴി നന്മകള്‍ പ്രചരിപ്പിക്കുന്നതിനു പകരം കുപ്രചരണങ്ങള്‍ മാത്രം നടത്താനിറങ്ങിയവരില്‍ ഏറെയും പ്രവാസികളാണെന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്.
തന്‍റെ വസ്ത്രം കോട്ടും സൂട്ടുമാണെന്നും അതു ഞെരിയാണിക്കു താഴെയാണെന്നും കാണിച്ച് കുപ്രചരണം നടത്തുന്നവരുടെ സ്വന്തം വീട്ടുകാരും ബന്ധുക്കളും നാട്ടില്‍ നഗ്നത കാണിച്ച് നടക്കുന്പോള്‍ അതു കാണാനും തടയാനുമാണ് ആര്‍ജ്ജവം കാണിക്കേണ്ടതെന്നും ബാഖവി ഉപദേശിച്ചു.

ആരായാലും വസ്ത്രം ഞെരിയാണിക്കു താഴെ വലിച്ചിഴക്കുന്നത് നിശിദ്ധമാണ്. അത് അഹങ്കാരത്തോടെയാവുന്പോള്‍ നരക പ്രവേശനത്തിനു ഹേതുവാക്കുമെന്ന് തിരുനബി(സ) അരുളിയിട്ടുമുണ്ട്. എന്നാല്‍ ചിലരുടെ ശരീരപ്രകൃതത്താല്‍ അവരറിയാതെ താഴെ ഇറങ്ങുന്ന വസ്ത്രത്തിന് അത് ബാധകമല്ലെന്ന് ഇതു സംബന്ധിച്ച സിദ്ധീഖ് (റ)ചോദ്യത്തിനുത്തരമായി തിരുനബി (സ) തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹദീസ് ഉദ്ധരിച്ചു കൊണ്ടദ്ധേഹം വിശദീകരിച്ചു.
പണ്ഢിതന്മാര്‍ പള്ളികളില്‍ മാത്രം ഒതു ങ്ങി കൂടണമെന്ന യാഥാസ്ഥിക കാഴ്ചപ്പാടുമായി നടക്കുന്നവരാണ് പണ്ഡിതരുടെ വേഷവിധാനത്തിന്‍റെ പേരില്‍ കുപ്രചരണങ്ങള്‍ നടത്തുന്നത്.

ബാങ്ക് വിളിയും ഖുതുബയും അടങ്ങുന്ന കേവല മതാചാരങ്ങള്‍ക്കപ്പുറം പണ്ഢിതര്‍ക്ക് സാമൂഹികമായ ഇടപെടലുകള്‍ നിഷേധിച്ചതാണ് ആധുനിക യുഗത്തിലും സമുദായം പിന്നോട്ടു പോകാന്‍ കാരണമെന്നും ഇത്തരക്കാര്‍ ഇതര മത പുരോഹിതര്‍ക്ക് അവരവരുടെ സമുദായം നല്‍കുന്ന പിന്തുണയും അതുവഴി അവര്‍ സമുദായങ്ങളില്‍ നടത്തുന്ന പരിവര്‍ത്തനങ്ങളും മനസ്സിലാക്കാനെങ്കിലും ശ്രമിക്കണമെന്നും ബാഖവി കൂട്ടിചേര്‍ത്തു.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.