Latest News

ഡിഷ് ആന്റിന : നടപടി കര്‍ശനമാക്കുന്നു;മാറ്റിയില്ലെങ്കില്‍ 2000 ദിര്‍ഹം പിഴ

അബുദാബി: കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് ഡിഷ് ആന്റിനകള്‍ നീക്കം ചെയ്യാത്തവര്‍ക്ക് മാര്‍ച്ച് ഒന്നുമുതല്‍ രണ്ടായിരം ദിര്‍ഹം പിഴ ചുമത്തല്‍ ആരംഭിച്ചു. മുനിസിപ്പാലിറ്റിയിലെ മൊബൈല്‍ ഇന്‍സ്‌പെക്ഷന്‍ വിഭാഗം ഡയറക്ടര്‍ സായിദ് അല്‍ ഹാജിരി അബുദാബി ടി.വി.യിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

നഗരപരിഷ്‌കരണത്തിന്റെ ഭാഗമായി അബുദാബിയിലെ കെട്ടിടങ്ങള്‍ക്ക് മുകളിലുള്ള ഡിഷ് ആന്റിനകള്‍ നീക്കം ചെയ്യാന്‍ മുനിസിപ്പാലിറ്റി ആറുമാസം മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫ്ലൂറ്റുകളിലും വില്ലകളിലും നാലുഡിഷ് ആന്റിനകള്‍ മാത്രമേ വെക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ഇതില്‍ നിന്ന് കേന്ദ്രീകൃത സംവിധാനത്തിലൂടെ മുഴുവന്‍ ഫ്ലൂറ്റുകളിലേക്കും സേവനങ്ങള്‍ ലഭ്യമാക്കാന്‍ മുനിസിപ്പാലിറ്റി നിഷ്‌കര്‍ഷിച്ചിരുന്നു.

നഗരഭംഗി കാത്തുസൂക്ഷിക്കുക എന്നതിന് പുറമേ ആന്റിനകള്‍ ഉറപ്പിക്കാന്‍ ആണികള്‍ അടിക്കുന്ന ചെറിയ കുഴികളിലൂടെ വെള്ളം ചോര്‍ന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാവാനുള്ള സാധ്യതകളും സൈനിക നീക്കങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം എന്നീ കാരണങ്ങളാണ് മുനിസിപ്പാലിറ്റി ചൂണ്ടിക്കാണിച്ചത്. 

അബുദാബിയിലെ പല സ്ഥലങ്ങളിലും മുന്‍പ് ഫ്ലൂറ്റുകളുടെ ബാല്‍ക്കണി, വില്ലകളുടെ മതില്‍ എന്നിവിടങ്ങളിലെല്ലാം ഡിഷ് ആന്റിനകള്‍ കാണാമായിരുന്നു. പുതിയ നിയമം വന്നതോടെ പലസ്ഥലങ്ങളിലും ഇവയെല്ലാം എടുത്ത് മാറ്റിക്കൊണ്ടിരിക്കുകയാണ്. 

യു.എ.ഇ.യിലെ മറ്റ് എമിറേറ്റുകളിലും ഇത്തരത്തില്‍ നിയമങ്ങള്‍ നടപ്പാക്കുന്നുണ്ട്. ഷാര്‍ജയില്‍ നേരത്തേ തന്നെ നിയമം പ്രാബല്യത്തിലുണ്ട്. 2030-ഓടെ യു.എ.ഇ.യെ ഏറ്റവും ഭംഗിയുള്ള നഗരമാക്കി മാറ്റുക എന്ന ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാടുകളാണ് ഇതിനാധാരം. ചെറിയ കച്ചവടസ്ഥാപനങ്ങള്‍ കൂടുതല്‍ മോടി പിടിപ്പിക്കുക, പുറംഭാഗത്തെ ചില്ലിന്റെ കനം കൂട്ടുക തുടങ്ങിയവയെല്ലാം ഇതോടനുബന്ധിച്ച് കഴിഞ്ഞ മാസങ്ങളില്‍ അബുദാബിയില്‍ നടന്നുവരികയാണ്.


Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.