Latest News

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എംബസിയുടെ കനിവു തേടി മുഹമ്മദ്

കണ്ണൂര്‍: മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എംബസി അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണു ദുബായിയിലുള്ള തലശേരി കതിരൂര്‍ സ്വദേശി മുഹമ്മദ് മഹറൂഫ്. പാക്കിസ്ഥാന്‍ പൗരത്വമാണു സ്വന്തം മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനു മഹറൂഫിനു മുന്നിലെ തടസം.

ദുബായിയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന ഈ 42കാരനു പൗരത്വപ്രശ്‌നം കാരണം ആറു മക്കളില്‍ മൂത്ത രണ്ടു പെണ്‍മക്കളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. മൂന്നാമത്തെ മകളുടെ വിവാഹത്തിലെങ്കിലും പങ്കെടുക്കണമെന്ന പിതൃമോഹം പൂവണിയണമെങ്കില്‍ അധികാരികള്‍ മനസ് വയ്ക്കണം.

മുഹമ്മദ് മഹറൂഫ് ഇന്ത്യയില്‍നിന്നു പാക്കിസ്ഥാനിലേക്കു ചേക്കേറിയത് 1977 ലാണ്. മാതാപിതാക്കളുടെ മരണത്തെത്തുടര്‍ന്ന് അനാഥനായ ഇദ്ദേഹം അമ്മാവനായ കതിരൂര്‍ കൈത്തറിവീട്ടില്‍ ഹസന്റെ കൂടെ കറാച്ചിയിലേക്കു പോകുകയായിരുന്നു. അന്നു മഹറൂഫിനു നാലുവയസ്. പതിനൊന്നാം വയസില്‍ പാക്കിസ്ഥാന്‍ പൗരത്വം സ്വീകരിച്ചു. കറാച്ചിയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുകയായിരുന്ന ഹസന്റെ മകളായ റഷീദയെ വിവാഹം ചെയ്തു.

വിവാഹശേഷം മക്കള്‍ക്കൊപ്പം യുഎഇയില്‍ ജോലി ചെയ്തു വരികയായിരുന്നു മഹറൂഫും റഷീദയും. 2008ല്‍ ഇവര്‍ കതിരൂരില്‍ എത്തി. മുഹമ്മദ് മഹറൂഫ് പിന്നീട് ദുബായിയിലുള്ള ജോലി സ്ഥലത്തേക്കു മടങ്ങിയെങ്കിലും റഷീദയും മക്കളും ഇനിയുള്ള കാലം ജന്മനാട്ടില്‍ തന്നെ ജീവിക്കാമെന്ന മോഹവുമായി ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചു.

പാക്കിസ്ഥാന്‍ പൗരത്വമുണ്ടായിരുന്ന ഇവര്‍ക്കു രണ്ടു വര്‍ഷത്തേക്കു വീസ ലഭിക്കുകയുംചെയ്തു. പിന്നീടു രണ്ടു വര്‍ഷത്തേക്കു കൂടി പുതുക്കിക്കിട്ടിയെങ്കിലും 2012നു ശേഷം പുതുക്കാനുള്ള നടപടികള്‍ അധികൃതരുടെ അനാസ്ഥമൂലം തടസപ്പെട്ടു. കാലാവധി കഴിഞ്ഞ വീസ പുതുക്കി കിട്ടാനായി കണ്ണൂര്‍ എസ്പി ഓഫീസും കളക്ടറേറ്റ് ഓഫീസും കയറിയിറങ്ങുകയാണ് ഇപ്പോള്‍ റഷീദ.

ദുബായിയില്‍നിന്നു ജന്മനാട്ടില്‍ തിരിച്ചെത്തി ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാനിരുന്ന മുഹമ്മദ് മഹറൂഫിനു പിന്നീടു വീസ നല്‍കാന്‍ ദുബായിയിലെ ഇന്ത്യന്‍ എംബസി തയാറായില്ല. അതിനിടെ മൂത്ത രണ്ടു കുട്ടികളുടെ വിവാഹം റഷീദ നടത്തി. 2014 ഏപ്രില്‍ 14 നായിരുന്നു രണ്ടാമത്തെ മകളുടെ വിവാഹം. അന്നു വിവാഹത്തില്‍ പങ്കെടുക്കാന്‍ മഹറൂഫ് വീസയ്ക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും പരിഗണിക്കപ്പെട്ടില്ല.

എംബസി ആവശ്യപ്പെട്ട എല്ലാ രേഖകളും നല്കിയെന്നും വീസ അനുവദിക്കാന്‍ എന്താണു തടസമെന്നു പറയാന്‍ അധികൃതര്‍ കൂട്ടാക്കുന്നില്ലെന്നും റഷീദ പറയുന്നു.

മൈസൂരു, ബംഗളൂരു, പുതുച്ചേരി എന്നിവിടങ്ങളിലേക്കു വീസ അനുവദിക്കാന്‍ തടസമില്ലെന്നും എന്നാല്‍ കേരളത്തിലേക്ക് അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നതത്രെ. എന്നാല്‍, മൈസൂരുവിലും മറ്റും വന്നാല്‍ കേരളത്തില്‍ വരാനുള്ള അനുവാദമില്ല താനും.

കൂത്തുപറമ്പിലെ കോട്ടയം പഞ്ചായത്തില്‍ ജനിച്ച മുഹമ്മദ് മഹറൂഫിന്റെ ജനനസര്‍ട്ടിഫിക്കറ്റും സ്‌കൂളില്‍ പഠിച്ച രേഖകളുമടക്കം എംബസി പറഞ്ഞ എല്ലാ രേഖകളും അധികൃതര്‍ക്കു മുമ്പാകെ ഹാജരാക്കിയിരുന്നു.

മുഹമ്മദ് മഹറൂഫിന്റെ മൂന്നാമത്തെ മകളായ സാദിയയുടെ വിവാഹം മേയ് ഏഴിനു കതിരൂരില്‍ നടത്താനാണു തീരുമാനം. മകളെ കൈപിടിച്ചു കൊടുക്കാന്‍ മഹറൂഫിനു വരാന്‍ കഴിയണമേ എന്ന പ്രാര്‍ഥനയോടെ റഷീദ കാത്തിരിക്കുകയാണ്. തന്റെ വിവാഹത്തിനു ബാപ്പ വരുമെന്ന പ്രതീക്ഷയോടെ സാദിയയും.
(കടപ്പാട്: ദീപിക)

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.