കാസര്‍കോട്: (www.malabarflash.com) പാരമ്പര്യമായി പകര്‍ന്നുകിട്ടിയ കൃഷിയെന്ന തപസ്യയെ നെഞ്ചോടുചേര്‍ത്ത് പിടിച്ച മൊയ്തീനെ മണ്ണും കനിഞ്ഞ് അനുഗ്രഹിച്ചു. കൃഷിയിറക്കിയ എട്ട് ഏക്കറിലും നൂറ് മേനി പച്ചക്കറികള്‍ വിളവ് കൊടുത്തു കൊണ്ടാണ് മൊയ്തീനെ മണ്ണ് അനുഗ്രഹിച്ചത്.
മണ്ണിനോടും കാര്‍ഷിക സംസ്‌കൃതിയോടുമുളള മൊയ്തീന്റെ സ്‌നേഹവും പ്രവര്‍ത്തനവുമാണ് ജില്ലാ കൃഷി ഓഫിസിന്റെ ഈ വര്‍ഷത്തെ മികച്ച പച്ചക്കറി കൃഷിക്കാരനുളള അവാര്‍ഡിന് മൊയ്തീനെ അര്‍ഹനാക്കിയത്.
മൊഗ്രാല്‍ പുത്തൂര്‍ മീത്തലെ വളപ്പ് വീട്ടിലെ മൊയ്തീന് കൃഷി എന്നത് രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുളളതാണ്. പാരമ്പര്യമായി ഇവരുടെ കുടുംബം കാര്‍ഷികവൃത്തിയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. ചെറുപ്പം മുതല്‍ കൃഷിയില്‍ ആകൃഷ്ടനായിരുന്ന മൊയ്തീന്‍, കൂടെയുളളവര്‍ കൃഷിയെ ഉപേക്ഷിച്ചപ്പോഴും തന്റെ ഉപജീവനവൃത്തിയായി കൃഷി തന്നെ സ്വീകരിച്ചു.
കൃഷിയിറക്കാന്‍ തുടങ്ങിയപ്പോള്‍ സ്ഥലത്തിന്റെ അഭാവമായിരുന്നു പ്രധാന പ്രശ്‌നം .സ്വന്തമായി ഉണ്ടായിരുന്ന ഒരേക്കറിന് പുറമെ ഏഴോളം ഏക്കര്‍ പാട്ടത്തിനെടുത്താണ് മൊയ്തീന്‍ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയത്.
മഴക്കാലങ്ങളില്‍ നെല്‍കൃഷിയും മറ്റ് സമയങ്ങളില്‍ പച്ചക്കറിയുമാണ് കൃഷി ചെയ്യുന്നത്. പരമ്പരാഗത വിത്തുകള്‍ ഉപയോഗിച്ചാണ് കൃഷി ഇറക്കുന്നത്.
ഒക്‌ടോബറോടെ ആരംഭിക്കുന്ന പച്ചക്കറി കൃഷി വിഷുവോടുകൂടിയാണ് അവസാനിക്കുന്നത്. മൂന്ന് ഹെക്ടറില്‍ വെളളരി, ഓരോ ഹെക്ടര്‍ വീതം നരമ്പന്‍, കക്കിരി, ചീര, പയര്‍, വെണ്ട എന്നിങ്ങനെയാണ് കൃഷിയിറക്കുന്നത്. നരമ്പന്റെ ഇടവിളയായിട്ടാണ് ചീര കൃഷി ചെയ്യുന്നത്. 22 ദിവസംകൊണ്ട് ചീരയും 55 ദിവസം കൊണ്ട് നരമ്പനും, കക്കിരിയും വെളളരിയും 60 ദിവസംകൊണ്ട് പയറും വിളവെടുക്കുന്ന രീതിയിലാണ് കൃഷി. പൂര്‍ണ്ണമായും ജൈവവളത്തെ ആശ്രയിച്ചാണ് കൃഷി എന്നതാണ് മറ്റൊരു പ്രത്യേകത.
ഇത്തവണ 200ഓളം ടണ്‍ പച്ചക്കറികളാണ് മൊയ്തീന്‍ ഉത്പ്പാദിപ്പിച്ചത്. ഇതില്‍ പട്ടാമ്പി വെളളരിയാണ് താരം. പറമ്പില്‍ ഉത്പ്പാദിപ്പിക്കുന്ന പ്ച്ചക്കറികള്‍ കുറഞ്ഞ വിലയില്‍ മൊഗ്രാല്‍ പുത്തൂരില്‍ പ്രവര്‍ത്തിക്കുന്ന സ്വന്തം പച്ചക്കറി കട വഴിയാണ് ഇദ്ദേഹം വിപണനം ചെയ്യുന്നത്.
മഴക്കാലത്ത് നെല്‍കൃഷിയാണ് ചെയ്യുന്നത്. ജയ നെല്‍വിത്ത് ഉപയോഗിച്ചാണ് കൃഷി. നൂറ് ക്വിന്റലോളം അരി മൊയ്തീന്‍ സ്വന്തം പറമ്പില്‍തന്നെ ഉത്പാദിപ്പിക്കുന്നു. ഇതില്‍ വീട്ടാവശ്യത്തിനുളളത് മാറ്റിവെച്ച് അവശേഷിക്കുന്നവ മില്ലില്‍ വില്‍ക്കുന്നു.
ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം നല്‍കുന്ന പരിപൂര്‍ണ്ണ പിന്തുണയാണ് മൊയ്തീന്റെ വിജയരഹസ്യം. കൂടാതെ സാങ്കേതികമായ ഉപദേശവും നിര്‍ദ്ദേശവും നല്‍കികൊണ്ട് കൃഷിഭവന്‍ ഉദ്യോഗസ്ഥരും മൊയ്തീനൊപ്പമുണ്ട്.
No comments:
Post a Comment