തൃക്കരിപ്പൂര്‍: ജ്വല്ലറികളില്‍ നിന്നും സ്വര്‍ണ്ണം വാങ്ങി പണം നല്‍കാതെ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി വന്ന തലശ്ശേരി സ്വദേശിയെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു.
തലശ്ശേരി കൊളവല്ലൂരിലെ പി ഫിര്‍ദൗസ്(39)നെയാണ് ശനിയാഴ്ച രാത്രി തലശ്ശേരിയില്‍ വച്ച് എ എസ് ഐ എം പി പത്മനാഭന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഈ മാസം അഞ്ചിന് രാവിലെ 11 ഓടെ ചെറുവത്തൂര്‍ ടൗണിലെ ദീപ ഗോള്‍ഡ് ജ്വല്ലറിയില്‍ എത്തി ഒരു ലക്ഷത്തില്‍പ്പരം രൂപക്ക് 40 ഗ്രാം സ്വര്‍ണ്ണം വാങ്ങിയ ശേഷം 44,000 രൂപ ക്യാഷ് നല്‍കുകയും കടക്കടുത്ത് കാറുണ്ടെന്നും അതില്‍ ഭാര്യയെ സ്വര്‍ണ്ണാഭരണം കാണിച്ച് ബാക്കി പണവും എടുത്ത് വരാമെന്ന് പറഞ്ഞ് ഇയാള്‍ മുങ്ങുകയായിരുന്നു.ഒട്ടോയിലാണ് കടന്നു കളഞ്ഞത്.
ജ്വല്ലറിയിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും രൂപം മനസിലാക്കി പോലീസ് വിദഗ്ദമായി നടത്തിയ അന്വേഷണത്തിലാണ് മൂന്നാഴ്ച കൊണ്ട് പ്രതിയെ പിടികൂടാനായത്. കൂടുതല്‍ അന്വേഷണത്തിലാണ് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, പാനൂര്‍, തളിപ്പറമ്പ്, കണ്ണൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെ ജ്വല്ലറികളിലും ഇത്തരത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി വിവരം കിട്ടിയത്.ഫിര്‍ദൗസിനെ പോലീസ് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്റ് ചെയ്തു.
No comments:
Post a Comment