നീലേശ്വരം: മംഗളൂരു- കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വന്നവര്‍ ഗുഡ്സ് ട്രെയിനിന്റെ അടിയിലൂടെ കടന്നുപോകുന്നതിനിടെ വണ്ടി മുന്നോട്ടെടുത്തു. നിരവധി യാത്രക്കാര്‍ പേടിച്ച് നിലവിളിച്ച് പുറത്തേക്ക് ചാടി. പലര്‍ക്കും നിസാര പരിക്കേറ്റു.
നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.ഇവിടെ മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ അരിയും സിമന്റും കയറ്റിവരുന്ന ഗുഡ്സ് വണ്ടികള്‍ നിര്‍ത്തിയിടുന്നത് സാധാരണമാണ്. ഗുഡ്സിനടിയിലൂടെ നൂഴ്ന്നുവേണം കിഴക്കുനിന്നുള്ളവര്‍ക്ക് വരാനും പോകാനും. വൈകിട്ട് ബസ് കിട്ടുന്നതിന് വണ്ടിയിറങ്ങിയ ഉടനെ തിരക്കിട്ട് ഗുഡ്സിനടിയിലൂടെ പോകാറാണ് പതിവ്.
ചൊവ്വാഴ്ചയും യാത്രക്കാര്‍ ഇങ്ങനെ പോകുന്നതിനിടെയാണ് വണ്ടി മുന്നോട്ടെടുത്തത്.രണ്ട് കംപാര്‍ട്ട്മെന്റിന് ഇടയിലുള്ള വിടവിലൂടെ കയറി മറിയുന്നവരും അടിയിലൂടെ പോകുന്നവരും പേടിച്ച് നിലവിളിച്ച് പുറത്തേക്ക് ചാടി. സ്ത്രീകളുള്‍പ്പെടെയുള്ള യാത്രക്കാര്‍ മണ്ണിലേക്ക് ഉരുണ്ടുവീഴുകയായിരുന്നു.
ഇതുകണ്ട് യാത്രക്കാര്‍ സ്റ്റേഷന്‍ മാസ്റ്ററുടെ അടുത്തെത്തി ബഹളംവച്ചു. ട്രെയിന്‍ വന്നുനില്‍ക്കുന്ന സമയത്ത് ഗുഡ്സ് വണ്ടിക്ക് സിഗ്നല്‍ കൊടുക്കാറില്ല. ചൊവ്വാഴ്ച ഇത് ശ്രദ്ധിക്കാതെ സിഗ്നല്‍ കൊടുത്തതാണ് മുന്നോട്ടെടുക്കാന്‍ കാരണം. മേലില്‍ യാത്രക്കാര്‍ ഇറങ്ങിപ്പോകുന്ന സമയത്ത് ഗുഡ്സിന് സിഗ്നല്‍ കൊടുക്കില്ലെന്ന് പറഞ്ഞാണ് യാത്രക്കാരെ സമാധാനിപ്പിച്ചത്.
No comments:
Post a Comment