Latest News

ഭക്തര്‍ക്കു ചിരിയനുഗ്രഹമായി ചങ്ങനും പൊങ്ങനും തെയ്യങ്ങള്‍

നീലേശ്വരം: ഭക്തജനങ്ങള്‍ക്കൊപ്പം വീടുകള്‍ കയറിയിറങ്ങിയും തെങ്ങില്‍ കയറി തേങ്ങയിട്ടും കാണികളെ പൊട്ടിച്ചിരിപ്പിച്ചും ചങ്ങനും പൊങ്ങനും തെയ്യക്കോലങ്ങളുടെ ദേശസഞ്ചാരം. ചാത്തമത്ത് ആലയില്‍ പാടാര്‍ക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ മൂന്നു വര്‍ഷത്തില്‍ നടന്നുവരുന്ന കളിയാട്ടത്തില്‍ ചൊവ്വാഴ്ച വൈകിട്ടാണ് ചങ്ങനും പൊങ്ങനും തെയ്യക്കോലങ്ങള്‍ അരങ്ങില്‍ എത്തിയത്.

സാധാരണ പെരുങ്കളിയാട്ടങ്ങളില്‍മാത്രം അരങ്ങിലെത്താറുള്ള കൂത്ത്, ചങ്ങനും പൊങ്ങനും തെയ്യക്കോലങ്ങള്‍ ചാത്തമത്ത് കളിയാട്ടത്തില്‍ അരങ്ങില്‍ എത്തുന്നു. പുരാണവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൂത്തിനിടെയാണു കാണികളില്‍ ചിരി ഉയര്‍ത്തി ചങ്ങനും പൊങ്ങനും അരങ്ങില്‍ എത്തുന്നത്.

കോമാളികളെ അനുസ്മരിപ്പിക്കുന്ന വേഷവിധാനത്തില്‍ ചെണ്ടയും തൂക്കി അബദ്ധങ്ങള്‍ കാട്ടിയും അപസ്വരങ്ങള്‍ പുറപ്പെടുവിച്ചും കാണികളെ ചിരിപ്പിച്ചു മടങ്ങാറുള്ള ചങ്ങനും പൊങ്ങനും ചാത്തമത്ത് ദേശസഞ്ചാരവുമുണ്ട്.


ക്ഷേത്രപരിധിയിലെ 12 കഷണം പറമ്പിലെ തെങ്ങുകളില്‍ കയറി ഇവര്‍ക്കു തേങ്ങയിടാമെന്നാണു വിശ്വാസം. തേങ്ങ കുലയില്‍നിന്നു ചിക്കിയിടാറാണു പതിവ്. ശിവഭൂത ഗണ സങ്കല്‍പ്പമാണ് ഈ തെയ്യക്കോലങ്ങള്‍ക്ക്. മൂക്കില്‍ തൂക്കിയിടുന്ന മഞ്ഞക്കുറി തൊട്ട് ഗുണം വരണം എന്നാശംസിച്ചാണു തെയ്യം സമീപത്തെ വീടുകളില്‍ എത്തുന്നത്.

വാല്യക്കാര്‍ക്കും കുട്ടികള്‍ക്കും ഒപ്പം ആര്‍പ്പുവിളികളുമായി നാടുചുറ്റി അര്‍ധരാത്രിയും കഴിഞ്ഞാണു ചങ്ങനും പൊങ്ങനും ക്ഷേത്രത്തില്‍ തിരിച്ചെത്തിയത്. കളിയാട്ട സമാപനത്തില്‍ ബുധനാഴ്ച രാവിലെ പാടാര്‍ക്കുളങ്ങര ഭഗവതിയുടെ പൊന്മുടി നിവരും. അന്നദാനവുമുണ്ടാകും.


Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.