Latest News

വീട്ടുമുറ്റത്തു പത്രം വായിച്ചിരുന്ന വിമുക്തഭടനെ വിരണ്ടോടിയ ആന ചവിട്ടിക്കൊന്നു

ഹരിപ്പാട്: (www.malabarflash.com) വീട്ടുമുറ്റത്തു പത്രം വായിച്ചു കൊണ്ടിരുന്ന വിമുക്തഭടനെ വിരണ്ടോടിയ ആന ചവിട്ടിക്കൊന്നു. ആനയുടെ ആക്രമണത്തില്‍ രണ്ടാം പാപ്പാനടക്കം രണ്ടു പേര്‍ക്കു പരുക്കേറ്റു. ആനയെ രണ്ടു മണിക്കൂറിനു ശേഷം തളച്ചു.

നങ്ങ്യാര്‍കുളങ്ങര ബഥനി ബാലികാമഠം സ്‌കൂള്‍ വാന്‍ ഡ്രൈവറായ പിലാപ്പുഴ കോമളത്തുകുളങ്ങര ശിവസദനത്തില്‍ കെ. മനോഹരന്‍ പിള്ള (72) ആണു മരിച്ചത്. രണ്ടാം പാപ്പാന്‍ കോട്ടയം കിടങ്ങറ കൊച്ചുമഠത്തില്‍ ഹരികുമാര്‍ (27), എരിക്കാവ് പുത്തന്‍പീടികയില്‍ അജി (31) എന്നിവര്‍ക്കാണു പരുക്കേറ്റത്.

കരുവാറ്റ തിരുവിലഞ്ഞാല്‍ ക്ഷേത്രത്തില്‍ ഉല്‍സവത്തിനു കൊണ്ടുവന്ന കൊല്ലം പന്മന സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ശരവണന്‍ എന്ന ആനയാണു സമീപത്തെ കുളത്തില്‍ കുളിപ്പിക്കുന്നതിനിടെ വിരണ്ടോടിയത്. രാവിലെ എട്ടുമണിയോടെയാണു സംഭവം. വീടിനകത്തു ഭാര്യ തൂത്തുകൊണ്ടിരുന്തിനാല്‍ മുറ്റത്തെ മരച്ചുവട്ടിലിരുന്നു പത്രം വായിക്കുകയായിരുന്ന മനോഹരന്‍ പിള്ള വീട്ടിലേക്ക് ആന പാഞ്ഞുകയറുന്നതു കണ്ടില്ല. പിന്നിലൂടെ എത്തിയ ആന തുമ്പിക്കൈകൊണ്ടു മനോഹരന്‍ പിള്ളയെ എടുത്തെറിയുകയും കാലുകൊണ്ടു തട്ടുകയുമായിരുന്നു. കുത്താന്‍ ശ്രമിച്ചെങ്കിലും കൊണ്ടതു മരത്തിലും സമീപത്തെ അലക്കുകല്ലിലുമായിരുന്നു.

പിറകെ ഓടിവന്ന നാട്ടുകാരും വീട്ടുകാരും ചേര്‍ന്നു മനോഹരന്‍ പിള്ളയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചവിട്ടേറ്റ് ആന്തരികാവയവങ്ങള്‍ തകര്‍ന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. മനോഹരന്‍ പിളളയെ ആക്രമിച്ചശേഷം അടുത്ത വീട്ടിലെത്തിയപ്പോഴാണു രണ്ടാം പാപ്പാനെ ആക്രമിച്ചത്. തുമ്പിക്കയ്യില്‍ ചുറ്റിയെടുത്തെങ്കിലും വഴുതിമാറിയതിനാല്‍ ഹരികുമാറിനു രക്ഷപ്പെടാനായി. ആനയെ തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ വീണാണ് അജിക്കു പരുക്കേറ്റത്.

ആറു കിലോമീറ്ററോളം ഓടി പല വീടുകള്‍ക്കും നാശം വരുത്തിയ ആനയെ പാപ്പാന്മാര്‍ വടം കെട്ടി പത്തു മണിയോടെ തളച്ചു. ആനയ്ക്കു മദപ്പാടില്ലായിരുന്നെന്നു പിന്നീടു പരിശോധനയില്‍ തെളിഞ്ഞു. മനോഹരന്‍ പിള്ളയുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സംസ്‌കരിച്ചു. നേരത്തേ കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായി ജോലി നോക്കിയിട്ടുണ്ട്. ഭാര്യ: ജഗദമ്മ. മക്കള്‍: ശിവകുമാരി, ശിവകുമാര്‍. മരുമക്കള്‍: ഋഷികേശന്‍, അര്‍ച്ചന.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.