Latest News

ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് മക്കയില്‍ സ്ഥിരം കെട്ടിടമാകുന്നു

കൊണ്ടോട്ടി: ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് മക്കയിലെ താമസത്തിന് സ്ഥിരംകെട്ടിടമെന്ന പദ്ധതി ഈവര്‍ഷം നടപ്പാക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുത്താണ് സ്ഥിരം താമസസൗകര്യമൊരുക്കുക. കേന്ദ്ര ഹജ്ജ്കമ്മിറ്റി ഇതിനുള്ള നടപടികള്‍ തുടങ്ങി.

ആദ്യഘട്ടത്തില്‍ അഞ്ചുവര്‍ഷമെങ്കിലും ഉപയോഗിക്കാവുന്ന തരത്തിലായിരിക്കും കെട്ടിടങ്ങള്‍ കണ്ടെത്തുക. ഇത്തരത്തിലുള്ള കെട്ടിടങ്ങള്‍ കണ്ടെത്താനായി മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ ഷാനവാസ് ഹുസൈന്റെ നേതൃത്വത്തിലുള്ള ദീര്‍ഘകാല അക്കമഡേഷന്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.

താമസത്തിനുള്ള കെട്ടിടങ്ങള്‍ ഓരോ ഹജ്ജ് സീസണിലും പ്രത്യേകം കണ്ടെത്തുകയായിരുന്നു ഇതുവരെ ചെയ്തിരുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഹജ്ജ് സെലക്ഷന്‍ ടീം, ഇന്ത്യന്‍ ഹജ്ജ്കമ്മിറ്റി പ്രതിനിധി, ഹജ്ജ് കോണ്‍സില്‍, വൈസ് കോണ്‍സില്‍ എന്നിവരടങ്ങുന്ന ബില്‍ഡിങ് സെലക്ഷന്‍ കമ്മിറ്റി, ഹജ്ജ്കമ്മിറ്റി ചെയര്‍മാനും അംബാസഡറും കോണ്‍സല്‍ ജനറലും ഉള്‍പ്പെടുന്ന ബില്‍ഡിങ് മാനേജ്‌മെന്റ് കമ്മിറ്റി എന്നിവര്‍ പരിശോധിച്ചാണ് കെട്ടിടങ്ങള്‍ കണ്ടെത്തിയിരുന്നത്.
ഓരോവര്‍ഷവും ഇത്തരത്തില്‍ കെട്ടിടങ്ങള്‍ കണ്ടെത്തുന്നത് സാമ്പത്തികബാധ്യതയും സമയനഷ്ടവുമുണ്ടാക്കുന്നു. നല്ല കെട്ടിടങ്ങള്‍ കണ്ടെത്താന്‍ പലപ്പോഴും കഴിയാറുമില്ല. മുന്‍ വര്‍ഷങ്ങളിലെ ഹജ്ജ് കെട്ടിട സെലക്ഷന്‍ ടീം ദീര്‍ഘകാലാടിസ്ഥാനത്തില്‍ കെട്ടിടങ്ങള്‍ കണ്ടെത്തണമെന്ന് കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഹാജിമാരുടെ താമസത്തിന് സ്ഥിരം കെട്ടിടങ്ങള്‍ കണ്ടെത്താന്‍ തീരുമാനിച്ചത്.

കെട്ടിടങ്ങള്‍ കണ്ടെത്താനായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ കെട്ടിട ഉടമകളില്‍നിന്നും ഏജന്റുമാരില്‍നിന്നും അപേക്ഷ സ്വീകരിച്ചുതുടങ്ങി.
ഗ്രീന്‍, അസീസിയ എന്നീ വീഭാഗങ്ങളില്‍ ഹാജിമാര്‍ക്ക് താമസസൗകര്യമുണ്ടാകും. 

മക്കയുടെ 1500 അടി ചുറ്റളവിലാണ് ഗ്രീന്‍ കാറ്റഗറിക്കാരുടെ കെട്ടിടങ്ങളുണ്ടാവുക. അസീസയ കാറ്റഗറി മക്കയ്ക്ക് അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലുമാണ്.
Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.