Latest News

സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടെന്ന് വ്യാജ വാട്‌സ് ആപ് പ്രചാരണം

കാസര്‍കോട്: സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു മുപ്പത് എല്‍കെജി വിദ്യാര്‍ഥികള്‍ ഗുരുതരാവസ്ഥയിലെന്ന വ്യാജസന്ദേശം വാട്‌സ് ആപ് വഴി പ്രചരിക്കുന്നതു മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ വട്ടം കറക്കുന്നു. കാരയ്ക്കാട്ടെ സ്വകാര്യ സ്‌കൂളിന്റെ ബസ് എംസി റോഡില്‍ അപകടത്തില്‍പെട്ടെന്നും 30 കുട്ടികള്‍ ഗുരുതരാവസ്ഥയിലാണെന്നും അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന സന്ദേശം രണ്ടര മാസം മുന്‍പു പ്രചരിച്ചു തുടങ്ങിയതാണ്.

ഒരു കുട്ടിക്ക് ഒ പോസിറ്റീവ് രക്തം അടിയന്തരമായി ആവശ്യമുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. സത്യാവസ്ഥ അറിയാതെ നൂറു കണക്കിനു പേര്‍ സന്ദേശം സുഹൃത്തുക്കള്‍ക്കു ഫോര്‍വേഡ് ചെയ്തു. എന്നാല്‍ സന്ദേശത്തോടൊപ്പമുള്ള മൊബൈല്‍ ഫോണ്‍ നമ്പറില്‍ ആഴ്ചകള്‍ക്കു മുന്‍പു വിളിച്ചപ്പോള്‍ കോള്‍ കിട്ടിയതു മാന്നാറിലെ വീട്ടമ്മയുടെ മൊബൈലിലാണ്. സംഭവത്തെക്കുറിച്ചു തനിക്കറിയില്ലെന്നും ഒരുപാടു പേര്‍ ഇതു പോലെ വിളിക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞത്. ഇപ്പോള്‍ ഈ നമ്പറില്‍ വിളിച്ചാല്‍ പരിധിക്കു പുറത്താണ് എന്ന സന്ദേശം മാത്രമേ ലഭിക്കൂ.

ഇക്കാലയളവില്‍ കാരയ്ക്കാട്ട് ഇത്തരത്തില്‍ ഒരു അപകടവും നടന്നിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു. പൊലീസിനും ഇതേക്കുറിച്ച് അറിവില്ല. എന്നാല്‍ സന്ദേശം ഇപ്പോഴും പ്രചരിക്കുന്നു. കഴിഞ്ഞ ദിവസവും ഒട്ടേറെപ്പേര്‍ക്ക് ഈ സന്ദേശം ലഭിക്കുകയുണ്ടായി. വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.