സന: യമന്‍ തലസ്ഥാനമായ സനയില്‍ രണ്ട് പള്ളികളിലുണ്ടായ മൂന്ന് ചാവേര്‍ ബോംബാക്രമണങ്ങളില്‍ 90 പേര്‍ കൊല്ലപ്പെട്ടു. 280ഓളം പേര്‍ക്ക് പരുക്കേറ്റു. പ്രധാനമായും ഹൂത്തികളെ പിന്തുണക്കുന്ന ശിയാ വിഭാഗക്കാര്‍ പ്രാര്‍ഥനക്ക് ഉപയോഗിക്കുന്ന പള്ളികളിലാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. രണ്ട് പള്ളികളും സര്‍ക്കാര്‍ പിടിച്ചെടുത്തവയാണ്.
സ്‌ഫോനത്തില്‍ മുതിര്‍ന്ന ഹൂത്തി നേതാവ് അല്‍ മുര്‍താദ ബിന്‍ സയ്യിദ് അല്‍ മുഹത്വരിയും മരിച്ചതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.
തെക്കന്‍ സനയിലെ ബദര്‍ പള്ളിയുടെ അകത്താണ് ആദ്യ സ്‌ഫോടനം നടന്നത്. തുടര്‍ന്ന് വിശ്വാസികള്‍ കൂട്ടംകൂടി നില്‍ക്കുകയായിരുന്ന കവാടത്തിലും സ്‌ഫോടനം നടക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വടക്കന്‍ സനയിലെ അല്‍ ഹശാഹുശ് പള്ളിയിലാണ് മൂന്നാമത്തെ ചാവേര്‍ ബോംബ് പൊട്ടിത്തെറിച്ചത്. അല്‍ഖാഇദയാണ് സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെന്ന് യമനിലെ ഉയര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, സ്‌ഫോടനത്തിന്റെ ഉത്തരവദിത്വം ഏറ്റെടുക്കാന്‍ അല്‍ഖാഇദ ഇതുവരെ തയ്യാറായിട്ടില്ല.
കഴിഞ്ഞ ജനുവരിയില്‍ 40 പേരുടെ മരണത്തിനിടയാക്കിയ സനയിലെ പോലീസ് അക്കാദമിക്ക് സമീപമുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തിന് ശേഷം നിരവധി മാരക ആക്രമണങ്ങളാണ് യമനില്‍ ഉണ്ടായിട്ടുള്ളത്. അല്‍ഖാഇദക്കെതിരെ അമേരിക്കയുമായി സഹകരിച്ച് യുദ്ധമുഖത്തുണ്ടായിരുന്ന യമന്‍, 2012ല്‍ അലി അബ്ദുല്ല സലേഹിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയ ശേഷം കുത്തഴിഞ്ഞ അവസ്ഥയിലായിട്ടുണ്ട്.
No comments:
Post a Comment