Latest News

ഗള്‍ഫില്‍ വീണ്ടും വെടിയൊച്ച കേള്‍ക്കുമ്പോള്‍

ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ സൈനിക നടപടി തുടങ്ങിയതോടെ പ്രവാസി സമൂഹം വല്ലാത്ത ആശങ്കയിലാണ്. യമന്‍ തലസ്ഥാനമായ സന്‍ആയിലേക്ക് ഹൂത്തി വിമതര്‍ നീങ്ങിത്തുടങ്ങിയതിനെ തുടര്‍ന്നാണ്‌ അവരെ ലക്‌ഷ്യം വെച്ച് സൗദി അറേബ്യയുടെ നേതൃതത്തില്‍ വ്യോമാക്രമണം ആരംഭിച്ചിരിക്കുന്നത്.(www.malabarflash.com)

സ്‌ഫോടനങ്ങളും, വ്യോമാക്രമണവും തുടരുന്നതിനാല്‍ യമനിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ പലയിടങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. ശക്തമായ ആക്രമണം നടക്കുന്നതിനാല്‍ വിമാന സര്‍വീസുകളും മുടങ്ങിയിരിക്കുന്നു. സംഘര്‍ഷവും, ബോംബാക്രമണവും മൂലം താമസ സ്ഥലത്തു ഒറ്റപ്പെട്ടുപോയ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ച് സര്‍ക്കാര്‍ സജീവമായി നടത്തുന്നുണ്ട്. ഒന്ന് രണ്ടു ദിവസത്തിനകം എല്ലാവരെയും നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍.
ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍, യു എ ഇ, ജോര്‍ദാന്‍, എന്നീ രാജ്യങ്ങളാണ് സൗദി അറേബ്യയുടെ നേതൃതത്തില്‍ യമനില്‍ വ്യോമാക്രമണം നടത്തുന്നത്. കൂടാതെ പാക്കിസ്ഥാന്‍, ഈജിപ്ത്, സുഡാന്‍, മൊറാക്കോ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ കരയുദ്ധത്തിനു തയ്യാറായി നില്‍ക്കുന്നു. 

നൂറിലേറെ യുദ്ധവിമാനങ്ങളാണ് രാജ്യത്തിന്‍റെ വിവിധ ഇടങ്ങളിലായി വ്യോമാക്രമണങ്ങള്‍ നടത്തുന്നത്. തന്ത്രപ്രധാന വിവരങ്ങളുമായി അമേരിക്ക രംഗത്തുണ്ട് എന്നും പറഞ്ഞു കേള്‍ക്കുന്നു. (www.malabarflash.com)

അതേസമയം എന്തുവിലകൊടുത്തും സൈനിക നടപടികളെ ചെറുക്കുമെന്ന് ഹൂത്തികളും തിരിച്ചടിക്കുന്നു. ഹൂത്തികളെ ഇറാന്‍ കൈമെയ് മറന്നു സഹായിക്കുന്നുണ്ട്. യമന്‍ പ്രസിഡന്റ് അബ്ദ് റബ്ബ് മന്‍സൂര്‍ ഹാദി സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലേക്ക് ‘പാലായനം' ചെയ്തിരിക്കുന്നു. വ്യോമാക്രമണം നിര്‍ത്തിയില്ലെങ്കില്‍ മേഖലയാകെ യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടുമെന്നു ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലക്‌ഷ്യം കാണാതെ ആക്രമണം നിര്ത്തില്ല എന്നാണു സൗദിയുടെയും സഖ്യ കക്ഷികളുടെയും നിലപാട്.

ഇനിയുള്ള നാളുകളില്‍ ഗള്‍ഫു മേഖല വീണ്ടു പ്രക്ഷുബ്ധമാകുമെന്നു വേണം കരുതാന്‍. ഇറാനു സ്വാധീനമുള്ള ഹൂത്തി വിമതരെ അമര്‍ച്ച ചെയ്യാനുള്ള നീക്കം മേഖലയില്‍ വംശീയ സംഘര്‍ഷത്തിന് ആക്കം കൂട്ടുമെന്ന ആശങ്കയും ശക്തമാണ്. ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നാകെ യുദ്ധത്തിലേക്ക് എടുത്തെറിയപ്പെടുന്നത് ഇതാദ്യമായാണ്. ഇറാഖ് അധിനിവേശ ഘട്ടങ്ങളില്‍ പോലും പ്രത്യക്ഷ സൈനിക പങ്കാളിത്തത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു ഗള്‍ഫ് രാജ്യങ്ങള്‍. 

ഇറാനും, സിറിയയും, ലെബനനുമൊക്കെ പ്രത്യക്ഷമായി ഹൂത്തികള്‍ക്കൊപ്പം ചേര്‍ന്നാല്‍ ഗള്‍ഫ്‌ മേഖല വിനാശകരമായ ഒരു യുദ്ധത്തിലേക്കായിരിക്കും പതിക്കുക. സുന്നീ, ഷിയാ വിടവു മൂലം ഭിന്നിച്ചു നില്‍ക്കുന്ന മേഖലയുടെ ഭാവി അതോടു കൂടി സംഘര്‍ഷഭരിതമാകും. അതോടൊപ്പം പ്രവാസികളായി ഗള്‍ഫില്‍ ജീവിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുടെ ഭാവിയും ഇരുളടയും. എണ്ണ വിലയിടിവ് മൂലം പൊതുവെ സാമ്പത്തിക പ്രയാസത്തിലായ ഈ രാജ്യങ്ങള്‍ യുദ്ധത്തിന്റെ ഭാരിച്ച ചെലവു കൂടി വഹിക്കേണ്ടി വരുന്നതോടെ ഗള്‍ഫു മേഖലയില്‍ വറുതിയുടെ കാലം വരുമോ എന്ന് കൂടി ഭയപ്പെടെണ്ടിയിരിക്കുന്നു.

1962ല്‍ വടക്കന്‍ യമന്‍ സ്വതന്ത്ര രാജ്യമായതോട്‌ കൂടി തന്നെ യമനില്‍ ആഭ്യന്തര കലഹങ്ങളും തുടങ്ങി കഴിഞ്ഞിരുന്നു. പിന്നീട് കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്ന തെക്കന്‍ യമന്‍ കൂടി സ്വതന്ത്രം നേടിയതോടെ ഇരു യമനുകളും തമ്മിലുള്ള കലഹവും മൂര്‍ച്ചിച്ചു. 1978ല്‍, അലി അബ്ദുല്ല സ്വാലിഹ് പ്രസിഡന്‍റ ആയി അധികാരമേറ്റതിനു ശേഷവും ഏറ്റുമുട്ടലുകള്‍ തുടര്‍ന്നു വന്നു. എന്നാല്‍ 1990ല്‍, തെക്കും വടക്കും ലയിച്ച് ഐക്യ യമന്‍ നിലവില്‍ വന്നു. 

യമനിലെ ജനങ്ങള്‍ ഗോത്ര സംസ്കാരത്തോടെ ഏറെ ഇഴുകി ചേര്‍ന്ന ഒരു സമൂഹമാണ്. ഗോത്ര മഹിമ എന്നത് അവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള വികാരമാണ്. രാഷ്ട്രത്തേക്കാള്‍ കെട്ടുറപ്പും പ്രതിരോധ ശേഷിയുമുള്ളത് ഗോത്ര ഘടനക്കാണ് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. ഭൂമിശാസ്ത്രപരമായി യമന് വളരെയധികം പ്രത്യേകതയുണ്ട്. നീണ്ട് പരന്നു കിടക്കുന്ന മലമടക്കുകള്‍ യമനെ തീവ്രവാദ ശക്തികള്‍ക്കു ഏറെ പ്രിയപ്പെട്ട പ്രദേശമാക്കുന്നു. ജനസംഖ്യയുടെ നല്ലൊരു ശതമാനവും ദാരിദ്ര്യരേഖക്ക് താഴെയാണ് കഴിയുന്നത്‌ .(www.malabarflash.com)

2005-ല്‍ സാമ്പത്തിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് അലി അബ്ദുല്ല സ്വാലിഹിന്റെ സര്‍ക്കാര്‍ പെട്രോളിനുള്ള നികുതിയിളവ് പിന്‍വലിച്ചതിനെതിരെ യമനില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു. എങ്കിലും 2006-ല്‍ നടന്ന 'ജനഹിത' പരിശോധനയില്‍ അലി സ്വാലിഹ് വീണ്ടും പ്രസിഡന്റായി അവരോധിക്കപെട്ടു. പിന്നീടങ്ങോട്ട് അധികാരത്തില്‍ കടിച്ചു തൂങ്ങി അലിയുടെ ഭരണം തുടര്‍ന്ന് പോന്നു. 

2011ല്‍ തുനീഷ്യയില്‍ തുടങ്ങിയ 'മുല്ലപ്പൂവിപ്ലവ ' ത്തെ തുടര്‍ന്ന് അവിടെത്തെ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലി സൗദിയിലേക്ക് ഒളിച്ചോടിയതോടെ യമനിലും പ്രതിഷേധ സമരങ്ങള്‍ കരുത്താര്‍ജിച്ചു. അതുവരെ രാജ്യത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാര്‍ അല്‍ഖാഇദയും ശീഈ വിഭാഗമായ ഹൂത്തികളുമൊക്കെയാണെന്നാണ് അലി സ്വാലിഹു പറഞ്ഞു നടന്നിരുന്നത്. എന്നാല്‍ രാജ്യത്തെ ഒട്ടുമിക്ക പട്ടണങ്ങളിലും ജനങ്ങള്‍ പ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങിയപ്പോള്‍, ജനാധിപത്യ യമന്‍ മാത്രമാണ് പ്രക്ഷോഭകരുടെ ലക്ഷ്യമെന്ന് അദ്ദേഹത്തിന് ബോധ്യമായി. തന്റെ അധികാരക്കസേര ഇളകിത്തുടങ്ങിയെന്ന് തിരിച്ചറിഞ്ഞ അലി സ്വാലിഹ് അങ്ങനെയാണ് ചില നീക്കുപോക്കുകള്‍ക്ക് വഴങ്ങാന്‍ തയ്യാറായത്. 2013-ല്‍ തന്റെ അധികാര കാലാവധി കഴിഞ്ഞ ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയില്ലെന്നു അലി സ്വാലിഹ് പ്രഖ്യാപിച്ചു.

ഈജിപ്തിലും തുനീഷ്യയിലും ലിബിയയിലുമെല്ലാം ജനകീയ വിപ്ലവം ഏകാധിപതികളെ കടപുഴക്കിയെറിഞ്ഞങ്കിലും അലി സ്വാലിഹിനെ അധികാരത്തില്‍നിന്ന് ഇറക്കിവിടാന്‍ മാത്രം ശക്തമായ ജനരോഷം യമനില്‍ ഉണ്ടായില്ല. എന്നാല്‍ അധികാരം വിട്ടൊഴിഞ്ഞാല്‍ അലി സ്വാലിഹിനു നിയമപരിരക്ഷ ലഭിക്കുമെന്ന ഒത്തു തീര്‍പ്പ് കരാര്‍ അറബ് രാജ്യങ്ങളുടെ കാര്‍മികത്വത്തില്‍ തയ്യാറാക്കപ്പെട്ടു. 'അറബ് വസന്തം' നടന്ന തുനീഷ്യയില്‍ സൈനുല്‍ ആബിദീന്‍ ബിന്‍ അലിക്ക് ഒളിച്ചോടേണ്ടിവരികയും , ഹുസ്‌നിമുബാറകിന് ജയിലില്‍ പോകേണ്ടിവരികയും, ഖദ്ദാഫിക്ക് ജീവന്‍ ബലി നല്‍കേണ്ടിവരികയും ചെയ്തപ്പോള്‍ അലി സ്വാലിഹിന് രാഷ്ട്രീയ ഒത്തു തീര്‍പ്പ് മൂലം കാര്യമായ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെടാന്‍ കഴിഞ്ഞു.

അങ്ങിനെയാണ് തന്‍റെ നിഴലായി കൂടെ നടന്നിരുന്ന അബ്ദു റബ്ബു മന്‍സൂര്‍ ഹാദിയെ താല്‍ക്കാലിക പ്രസിഡന്റായി അവരോധിക്കുന്നത്. ചുരുക്കത്തില്‍ തന്‍റെ ഭരണത്തിന്‍റെ തന്നെ ഒരു തുടര്‍ച്ച അലിയും കൂട്ടരും തട്ടി കൂട്ടിയെടുത്തു. അതെ സമയം മറ്റു രാജ്യങ്ങളില്‍ നടന്നത് പോലെ യമനിലെ ജനകീയ വിപ്ലവവും രാഷ്ട്രീയ സാമൂഹിക മാനങ്ങളുള്ളതും തീര്‍ത്തും തീവ്രവാദ വിരുദ്ധവും ആയിരുന്നു. എന്നാല്‍ പിന്നീട്, തീവ്രവാദികളും, ഗോത്ര നേതാക്കളും മത നേതൃത്തവും ഈ ചെറുത്തു നില്പ്പിനെ ഹൈജാക്ക് ചെയ്യുകയായിരുന്നു.

തുടക്കത്തില്‍ പോരാട്ടം ഹൂത്തികളും സര്‍ക്കാര്‍ സേനയും തമ്മിലായിരുന്നു. പൊതു സമൂഹത്തി ല്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഹൂത്തികളെ ഒരു ജനതയെന്ന നിലയില്‍ ഭരണകൂടം തീരെ ശ്രദ്ധിച്ചില്ല. അതിക്രമികളായ ഭരണാധികാരികള്‍ക്കെതിരിലുള്ള പ്രതിഷേധമായിട്ടാണ് അടിസ്ഥാനപരമായി ഹൂത്തികളുടെ രാഷ്ട്രീയം രൂപപ്പെടുന്നത് .പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹിനോട് അവര്‍ക്ക് കടുത്ത വിരോധമായിരുന്നു. അവഗണനയുടെ ഫലമായി ശക്തിപ്പെട്ട ഈ പ്രതിഷേധ സമരങ്ങളെ വിഭാഗീയ പ്രവണതയായി മുദ്രകുത്തുകയാണ് ഭരണകൂടം ചെയ്തത്. 

ജനകീയ ഉയിര്ത്തെഴുന്നേല്‍പ്പുകളെ തീവ്രവാദമെന്നും, മാവോയിസമെന്നും പറഞ്ഞു പുറം കാലുകൊണ്ട്‌ തട്ടി മാറ്റുക എന്നത് ജന വിരുദ്ധ ഭരണ കൂടങ്ങളുടെ പൊതു സ്വഭാവമാണല്ലോ? ഹൂത്തികളുടെ നേതാവ് അബ്ദുല്‍ മലിക് ബദ്‌റുദ്ദീ ന്‍ അല്‍ ഹൂത്തി ഈ ഭരണ വിരുദ്ധ വികാരത്തെ തനിക്കനുകൂലമായി മാറ്റി എടുക്കുന്നതില്‍ ഏറെ വിജയിച്ചു എന്ന് തന്നെയാണ് ഹൂത്തികളുടെ ഇപ്പോഴെത്തെ പടയോട്ടം കാണിച്ചു തരുന്നത്. ഹൂത്തികള്‍ക്ക് ഇറാന്റെ നിര്‍ലോഭമായ സഹായം കിട്ടികൊണ്ടിരിക്കുന്നു എന്നതും ഒരു വസ്തുതയാണ്.

അതെ സമയം അധികാരത്തില്‍ നിന്ന് പുറന്തള്ളപ്പെട്ട അലി സാലിഹു ഇപ്പോള്‍ ഹൂത്തികള്‍ക്കൊപ്പം കൂടിയിരിക്കുകയാണ്. സ്വാലിഹിന്‍റെ പഴയ കൂട്ടാളികള്‍ സഹായിച്ചതുകൊണ്ട് മാത്രമാണ് സനആ നഗരം ഒരു എതിര്‍പ്പുമില്ലാതെ ഹൂത്തികള്‍ക്ക് കീഴടങ്ങിയത്. തന്നെ പുറത്താക്കിയവരോട് മധുരമായി പ്രതികാരം ചെയ്യുകയായിരുന്നു അദ്ദേഹം. യമനിലെ ഇപ്പോഴെത്തെ പ്രശ്‌നം രണ്ടു പ്രമുഖ മദുഹബുകള്‍ തമ്മിലുള്ള വംശീയതയായി മാറിയിരിക്കുന്നു. യമന്റെ വടക്കു ഭാഗത്ത് ഷിയാ ചിന്താ ധാരയില്‍ പെടുന്ന സൈദി വിഭാഗവും , തെക്കു ഭാഗത്തു സുന്നി ചിന്താ ധാരയിലെ ശാഫിഈ വിഭാഗവുമാണ്. ഹൂത്തികള്‍ സൈദി വിഭാഗത്തില്‍ നിന്നുള്ളവരാണ് . മേഖലയില്‍ ഇറാന്‍, സിറിയ, ഇറാഖ്, ലബനാന്‍ എന്നി ഷിയാ വിഭാഗങ്ങള്‍ക്ക് മേല്‍ക്കോയ്മയുള്ള രാജ്യങ്ങളുടെ ഇടപെടലും ഇറാനുമായി കൈകോര്‍ക്കാനുള്ള അമേരിക്കന്‍ നീക്കവും പുതിയ സൈനിക നടപടിക്ക് ജി.സി.സി രാജ്യങ്ങളെ പ്രേരിപ്പിച്ചതായാണ് വിലയിരുത്തല്‍.

മധ്യ പൌരസ്ത്യ ദേശത്തെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറി വരുന്നതായി പുതിയ സംഭവ വികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്കറിയാം. അമേരിക്ക ഇറാനുമായി അടുത്തു വരുകയാണ് . ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ഉടമ്പടി യാഥാര്‍ത്യമായതായി പ്രഖ്യാപനം വന്നു കഴിഞ്ഞു. ഇറാനുമായി സഹകരിച്ചു പോകാനാണ് ഒബാമയുടെ അമേരിക്ക ആഗ്രഹിക്കുന്നത്. അഹമദി നജാദിന്റെ ഇറാനില്‍ നിന്നും വ്യത്യസ്തമായി ഹസ്സന്‍ റുഹാനിയുടെ ഇറാന്‍ അമേരിക്കയുടെ 'പൈശാചികത' യെ പഴിക്കുന്നില്ല. ഇഷ്ട തോഴനായ ഇസ്രായിലെനെ പോലും പിണക്കികൊണ്ട് ഇറാനെ പോലെയുള്ള ആണവ ശക്തിയാകാന്‍ വെമ്പുന്ന ഒരു രാജ്യത്തെ ഒബാമ വിശ്വാസത്തിലെടുക്കുന്നത്തിന്റെ രാഷ്ട്രീയം മനസ്സിലാക്കി തന്നെയാണ് സല്‍മാന്‍ രാജാവ് ഒരു മുഴം മുമ്പേ യമനിലേക്ക് പട്ടാളത്തെ അയച്ചിരിക്കുന്നത്.

ആക്രമണം തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും യമനിലെ ഹൂത്തികളെ തുരത്താന്‍ സൗദി വ്യോമാക്രമണം കൊണ്ട് സാധിച്ചിട്ടില്ല. ആവശ്യമായി വരുകയാണെങ്കില്‍ കര യുദ്ധം തുടങ്ങുമെന്നും അതിനായ് പട്ടാളത്തെ തയാറാക്കി നിര്ത്തിയിട്ടുണ്ടെന്നും സൗദി നേതൃത്വം പറയുന്നു. ഇതൊക്കെ ചേര്‍ത്ത് വായിച്ചാല്‍ വളരെ വ്യാപ്തിയുള്ള ഒരു യുദ്ധം സംഭവിക്കാനാണ് സാധ്യത എന്ന് കരുതേണ്ടി വരും. 

അങ്ങനെ സംഭവിച്ചാല്‍ ജി.സി.സി രാജ്യങ്ങളുടെ പ്രതിരോധ ചെലവുകള്‍ കുത്തനെ ഉയരും. പെട്രോള്‍ വിലയിടിവ് മൂലം എണ്ണവരുമാനത്തില്‍ വന്ന ഇടിവിന്‍റ സാഹചര്യത്തല്‍ യുദ്ധ ചെലവുകള്‍ക്കുള്ള തുക കണ്ടത്തൊന്‍ ഈ രാജ്യങ്ങള്‍ കൂടുതല്‍ വിയര്‍ക്കേണ്ടി വരും. യുദ്ധം നീളുന്ന സാഹചര്യം ഉണ്ടായാല്‍ ഗള്‍ഫ് മേഖലയില്‍ ഉപജീവനം തേടുന്ന ലക്ഷക്കണക്കിന് പ്രവാസികളെയും അവരെ ആശ്രയിച്ചു കഴിയുന്ന ബഹു ഭൂരിപക്ഷം വരുന്ന മലയാളി കുടുംബങ്ങളെയും അത് പ്രതികൂലമായി ബാധിക്കും. സദ്ദാംഹുസൈന്റെ കുവൈത്തു അധിനിവേശത്തെ തുടര്‍ന്ന് നടന്ന ഗള്‍ഫ്‌ യുദ്ധം കേരളക്കരയില്‍ ഉണ്ടാക്കിയ സാമ്പത്തിക മാന്ദ്യം നാം മറന്നിട്ടില്ല.

ഈജിപ്തിലെ ഇഖ് വാനെയും, ഗസ്സയിലെ ഹമാസ്സിനെയും തീവ്രവാദികളായി കണക്കാക്കുന്ന ലോകം ഹൂത്തികളുടെ കാര്യത്തില്‍ മൃദുസമീപനമാണ് തുടരുന്നത്‌ . ഐക്യ രാഷ്ട്ര സഭ ഹൂത്തികളെ നിരോധിത ഭീകര സംഘടനകളില്‍ ഉള്‍പെടുത്തിയിട്ടില്ല. അതിനാല്‍ യു.എന്‍ രക്ഷാസമിതിക്ക് ഹൂത്തികള്‍ക്കെതിരെ ഒരു സൈനിക നടപടി സ്വീകരിക്കേണ്ടതായി വരുന്നില്ല. അറബ് സമൂഹങ്ങളെ തമ്മില്‍ വിഭാഗീയമായി ശിഥിലമാക്കുക എന്നത് ആ മേഖലയില്‍ കച്ചവട താല്‍പ്പര്യമുള്ള വിദേശ ശക്തികളുടെ ആവശ്യമാണ് . വടക്ക് ഒരു ശീഈ രാഷ്ട്രവും തെക്ക് മറ്റൊരു സുന്നി രാജ്യവും ഉണ്ടാക്കി, യമനെ മദ്ധ്യ പൌരസ്ത്യ ദേശത്തെ രണ്ടാമത്തെ ഫലസ്തീനായി നില നിര്‍ത്താന്‍ അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അതിപ്പോള്‍ ഇറാനും, ഹൂത്തികളും , അല്‍ ഖായിദയും, ഐ എസ് ഐ യും ചേര്‍ന്ന് ഇസ്ലാമിന്റെ കണക്കില്‍ ഏറ്റെടുത്തു നടത്തുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.