Latest News

സര്‍ക്കാരിനെതിരെ സമസ്ത രംഗത്ത്; കാന്തപുരം വിഭാഗത്തിനെതിരെ നടപടി എടുത്തില്ലെങ്കില്‍ പ്രക്ഷോഭം

മലപ്പുറം: മഹല്ലുകളും സ്ഥാപനങ്ങളും നടത്തിക്കൊണ്ടുപോകുന്നതിനു കാന്തപുരം വിഭാഗം സുന്നികള്‍ തടസ്സമുണ്ടാക്കുവെന്ന ആരോപണവുമായി ഇ.കെ. വിഭാഗം സമസ്ത രംഗത്ത്.

ഇവര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ സംസ്ഥാന നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. വിവിധ സ്ഥലങ്ങളില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്ന കാന്തപുരം വിഭാഗത്തിനെതിരെ നടപടിയെടുക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പാക്കാന്‍ 30 വരെ കാത്തിരിക്കുമെന്നും സമസ്ത സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസല്യാര്‍ പറഞ്ഞു.

മന്ത്രിമാരില്‍ ചിലര്‍ കാന്തപുരം വിഭാഗത്തിനുവേണ്ടി നിയമവിരുദ്ധമായി ഇടപെടുകയാണ്. പൊലീസിനെ ദുരുപയോഗം ചെയ്യുന്നു. പള്ളികള്‍ പൂട്ടിയിട്ടു പോവുകയല്ല, ശാശ്വത പരിഹാരമൊരുക്കുകയാണു വേണ്ടത്. മഹല്ലുകളിലും സ്ഥാപനങ്ങളിലും ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുള്ള വിഭാഗത്തിന് ഭരണം നടത്താന്‍ സഹായം നല്‍കുക, വഖഫ് ട്രൈബ്യൂണലിന്റെയും വിവിധ കോടതികളുടെയും ഉത്തരവുകള്‍ നടപ്പാക്കുക, വഖഫ് ആധാരം അനുസരിച്ച് പള്ളിയും മദ്രസയും നടത്താന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരെ ബോധ്യപ്പെടുത്തിയിരുന്നു.

നടപടി എടുക്കാമെന്ന് അവര്‍ ഉറപ്പുനല്‍കുകയും ചെയ്തു. ചെന്നിത്തലയുടെ നിര്‍ദേശപ്രകാരം എഡിജിപിയെയും ഐജിയെയും കണ്ടിരുന്നു. നടപടിയുണ്ടായില്ലെങ്കില്‍ പല കാര്യങ്ങളും തുറന്നുപറയേണ്ടിവരുമെന്നും ബാപ്പു മുസല്യാര്‍, എസ്‌വൈഎസ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സമസ്ത നിയമവിഭാഗം ഭാരവാഹികളായ കെ. മമ്മദ് ഫൈസി, പി.എ. ജബ്ബാര്‍ ഹാജി എന്നിവര്‍ പറഞ്ഞു.

മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സമസ്ത ഇടപെട്ടിട്ടില്ല. സമസ്തയോട് ലീഗ് അഭിപ്രായം തേടിയിട്ടുമില്ല. രണ്ടുപേരും (കെ.പി.എ. മജീദും പി.വി. അബ്ദുല്‍ വഹാബും) സമസ്തയ്ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചവരാണ്. ലീഗ് നേതാക്കളെല്ലാംകൂടി എടുത്ത തീരുമാനത്തെ എതിര്‍ക്കേണ്ട കാര്യം സമസ്തയ്ക്കില്ലെന്നും ബാപ്പു മുസല്യാര്‍ പറഞ്ഞു.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.