Latest News

ഫെയ്‌സ്ബുക്കിലൂടെ വിദേശ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ്: രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: [www.malabarflsh.com] ഫേസ്ബുക്കില്‍ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ രണ്ടുപേര്‍ പിടിയില്‍. മൊത്തം 7.30 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ കണ്ണൂര്‍ മൂന്നാംപീടിക മിഥുന്‍ പുന്നത്ത് (28), കോട്ടയം മോനിപ്പള്ളി മേച്ചേരി ജോസഫ് സേവ്യര്‍ (30) എന്നിവരെയാണ് നടക്കാവ് പൊലീസ് ബംഗളൂരു ബണ്ണാര്‍ഘട്ടില്‍ അറസ്റ്റുചെയ്തത്. പ്രതികളെ ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു.

സൈബര്‍ സെല്‍ സഹായത്തോടെ നേരത്തെ പലതവണ നടക്കാവ് പൊലീസ് ബംഗളൂരുവില്‍ എത്തിയെങ്കിലും പ്രതികള്‍ മുങ്ങുകയായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. ‘ഖത്തര്‍, ഒമാന്‍, സൗദി എന്നിവിടങ്ങളില്‍ ബി.എസ്സി നഴ്സിങ്, ജനറല്‍ നഴ്സിങ് സര്‍ട്ടിഫിക്കറ്റുള്ളവരെ ആവശ്യമുണ്ട് ‘നല്ല അവസരം, നല്ല ശമ്പളം’ എന്നിങ്ങനെ പരസ്യം നല്‍കി പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടി മുങ്ങിയെന്നാണ് കേസ്. 

കോഴിക്കോട് ജോലിചെയ്യുന്ന കോട്ടയം സ്വദേശിനി ഷീജാ റാണിയുടെ പരാതിയിലാണ് നടപടി. എട്ടുകൊല്ലമായി ബംഗളൂരുവില്‍ വിവിധ ഭാഗങ്ങളില്‍ പെയിങ് ഗെസ്റ്റായി താമസിച്ചുവന്ന പ്രതികള്‍ റിക്രൂട്ട്മെന്‍റ് ഏജന്‍സിയില്‍ മുമ്പ് പ്രവര്‍ത്തിച്ച പരിചയം ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. രണ്ടാംപ്രതി ജോസഫ് സേവ്യര്‍ ജനറല്‍ നഴ്സിങ് സര്‍ട്ടിഫിക്കറ്റ് ഉള്ളയാളാണ്. 

ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്ന് ബി.എസ്.സി നഴ്സിങ് ടീമിന്‍െറ ഗ്രൂപ്പ് ഉണ്ടാക്കിയാണ് തട്ടിപ്പ്. ‘ക്വാളിറ്റി നഴ്സസ് എന്ന സൈറ്റും ഫേസ്ബുക്കില്‍ ‘നൈറ്റിംഗേല്‍’ എന്ന ഗ്രൂപ്പുമുണ്ടാക്കിയാണ് ഉദ്യോഗാര്‍ഥികളെ ആകര്‍ഷിച്ചത്. ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട് എന്ന് പരസ്യം ഈ അക്കൗണ്ടില്‍ കൊടുത്ത് അതില്‍ ഒന്നാംപ്രതി മിഥുനിന്‍െറ വ്യാജ ഫോണ്‍ നമ്പര്‍ നല്‍കുകയായിരുന്നു. ഈ ഫോണിലേക്ക് വിളിക്കുന്ന ഉദ്യോഗാര്‍ഥികളെ മിഥുന്‍ ഇന്‍റര്‍വ്യൂ നടത്തി സമ്മതിപ്പിച്ചശേഷം തന്‍െറ എറണാകുളം യൂനിയന്‍ ബാങ്കിന്‍െറ അക്കൗണ്ട് നമ്പര്‍ നല്‍കി അതിലേക്ക് പണമടക്കാന്‍ നിര്‍ദേശിക്കും. 15 ദിവസത്തിനകം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് പണവുമായി പ്രതികള്‍ മുങ്ങുകയാണ് പതിവ്.
ഗള്‍ഫില്‍ നഴ്സിങ് ജോലിക്ക് പ്രീ-മെട്രിക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ 10,200 രൂപയടച്ചാല്‍ ഓണ്‍ലൈനായി 15 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് അയക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സര്‍ട്ടിഫിക്കറ്റ് ഉള്ളവരോട് 21,000 രൂപ രജിസ്ട്രേഷന് അടക്കാനാണ് ഇവര്‍ ആവശ്യപ്പെടുക. 

സംശയം പ്രകടിപ്പിക്കുന്ന ഉദ്യോഗാര്‍ഥികളോട് ബംഗളൂരുവിലെ ഏതെങ്കിലും വ്യാജ വിലാസം നല്‍കി അവിടെ വന്ന് നേരിട്ട് പണമടച്ച് രസീതി വാങ്ങണമെന്നാവശ്യപ്പെട്ട് ഒഴിഞ്ഞുമാറും. ഉദ്യോഗാര്‍ഥികള്‍ പണം അടച്ചുകഴിഞ്ഞാല്‍ ബംഗളൂരില്‍നിന്ന് എ.ടി.എം വഴി പണം പിന്‍വലിച്ച് ഇരുവരും പങ്കിടും. 15 ദിവസം കഴിഞ്ഞാല്‍ ഫോണ്‍ സിം കാര്‍ഡ് നശിപ്പിച്ച് പുതിയ ഫോണും പരസ്യങ്ങളുമെല്ലാമായി വീണ്ടും രംഗത്തത്തെും.
വിവിധ ഭാഷകളറിയുന്ന ഇവര്‍ സംസ്ഥാനത്തിന് പുറത്തും നിരവധിപേരെ കബളിപ്പിച്ചതായി കരുതുന്നു. ഒന്നാംപ്രതി മിഥുനെതിരെ കണ്ണൂര്‍ പരിയാരം സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. 

നടക്കാവ് പ്രിന്‍സിപ്പല്‍ എസ്.ഐ ജി. ഗോപകുമാര്‍, എസ്.ഐ ഉണ്ണികൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ. ശ്രീനിവാസന്‍, എ. അനില്‍കുമാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.