Latest News

വധശ്രമക്കേസില്‍ പോലീസ് പിടികൂടിയ പ്രതി സ്റ്റേഷന്‍ അടിച്ചു തകര്‍ത്തു

വിഴിഞ്ഞം:[www.malabarflash.com] വധശ്രമക്കേസില്‍ പോലീസ് പിടികൂടിയ കുപ്രസിദ്ധ ഗുണ്ട പോലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തു. ഗുണ്ടയുടെ മര്‍ദ്ദനമേറ്റു നിലത്തുവീണ പോലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടറുകളും ജനല്‍ ചില്ലുകളും മേശ, കസേര ഉള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ത്തു. ഫയലുകള്‍ വാരിയെറിഞ്ഞു. ഏറെ നേരം പോലീസ് സ്റ്റേഷനെ വിറപ്പിച്ച ഗുണ്ടയെ മല്‍പ്പിടിത്തത്തിലൂടെ പോലീസ് കീഴടക്കി. 

കുപ്രസിദ്ധ ഗുണ്ടയും നഗരത്തിലെയും മറ്റു ജില്ലകളിലെയും വിവിധ പോലീസ് സ്റ്റേഷനുകളില്‍ 16-ല്‍പരം കേസുകളുള്ള കാഞ്ഞിരംകുളം ചാവടിനട മണല്‍തട്ട് കാനാല്‍ കോട്ടേജില്‍ ഷിബു എസ് നായര്‍(36) ആണു കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനെ വിറപ്പിച്ചത്.

ചാവടിനടയില്‍ കട നടത്തുന്ന എഴുപതുകാരനായ പ്രഭാകരന്‍ നായരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണു ബുധനാഴ്ച രാത്രി കാഞ്ഞിരംകുളം എസ്‌ഐ ശാന്തകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഷിബുവിനെ പിടികൂടിയത്. പോലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ രണ്ടു പോലീസുകാരെ ഏല്‍പ്പിച്ച ശേഷം എസ്‌ഐ. പട്രോളിംഗിനു പുറത്തുപോയി. ഈ സമയത്താണു പ്രതി പരാക്രമം നടത്തിയത്. ഗുണ്ടയുടെ മര്‍ദ്ദനമേറ്റു വീണ സിപിഒ യാക്കൂബിനെ പുല്ലുവിള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോടതിയില്‍ വച്ചു പോലീസിനെ ആക്രമിച്ച കേസ്, കൊലപാതകശ്രമ കേസ്, മോഷണം, തട്ടിപ്പ്, പിടിച്ചുപറി ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു. ഇയാളെ ഗുണ്ടാ ആക്ട് പ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.