Latest News

മുക്കൂടില്‍ രണ്ട് വീടുകള്‍ ആക്രമിച്ചു; വാഹനങ്ങള്‍ തകര്‍ത്തു

പളളിക്കര:[www.malabarflash.com] ചിത്താരി മുക്കൂടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് വീടുകള്‍ക്ക് നേരെ ആക്രമണം. മുക്കൂട് സ്‌കൂളിന് സമീപത്തെ മുഹമ്മദ്കുഞ്ഞി, ചെറിയ മൊയ്തീന്‍ എന്നിവരുടെ വീടുകളാണ് പുലര്‍ച്ചെ ഒരു സംഘം ആക്രമിച്ചത്.

മുഹമ്മദ്കുഞ്ഞിയും ഭാര്യയും മക്കളും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. ശബ്ദം കേട്ട് മുഹമ്മദ്കുഞ്ഞിയും കുടുംബാംഗങ്ങളും ഉണര്‍ന്ന് പുറത്തിറങ്ങി നോക്കിയപ്പോള്‍ ചിലര്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ കരിങ്കല്ലുകൊണ്ട് കുത്തിപ്പൊളിക്കുന്നത് കണ്ടു. ബഹളം വെച്ചപ്പോള്‍ സംഘം ഓടിയെങ്കിലും ഇവരിലൊരാള്‍ ഓട്ടത്തിനിടയില്‍ വീഴുകയും മുഹമ്മദ്കുഞ്ഞിയും മക്കളും കൈയ്യോടെ പിടികൂടി പോലീസിലേല്‍പ്പിക്കുകയും ചെയ്തു.
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറും ബൈക്കും തകര്‍ക്കപ്പെട്ടതായി കണ്ടെത്തി. ഇതിനിടെ അക്രമം ഭയന്ന് മുഹമ്മദ്കുഞ്ഞിയുടെ ഭാര്യ ആമിന കുഴഞ്ഞുവീണു. ആമിനയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി.
ഒരു മാസം മുമ്പാണ് മുഹമ്മദ്കുഞ്ഞി ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലേക്ക് വന്നത്. വീട് ആക്രമിക്കാനുള്ള കാരണം വ്യക്തമല്ലെന്നാണ് മുഹമ്മദ്കുഞ്ഞി പറയുന്നത്. സംഭവം സംബന്ധിച്ച് ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രദീപന്‍, ബിനേഷ്, പി ശ്രീജിത്ത്, വിപിന്‍ദാസ്, കെ വി അഖിലേഷ്, കൃപേഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഈ പ്രദേശത്ത് കഴിഞ്ഞ കുറേ ആഴ്ചകളായി ബോധപൂര്‍വ്വം കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ സാമൂഹ്യവിരുദ്ധര്‍ ശ്രമിച്ചുവരികയാണ്.
ക്ലബ്ബുകളുടെ ബോര്‍ഡുകളും ചുമരുകളും ആരാധനാലയങ്ങളുടെ മതിലുകളും കരി ഓയില്‍ ഒഴിച്ച് വികൃതമാക്കുന്നത് ചിലര്‍ പതിവാക്കിയിട്ടുണ്ട്.
ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണിതെന്ന് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു.

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.