Latest News

അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയം



അജാനൂര്‍: അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി പി നസീമ ടീച്ചര്‍ക്കെതിരെ സി പി എം -സിപിഐ അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. പ്രമേയത്തിന്‍മേല്‍ ഏപ്രില്‍ 25 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും.

സി പി എം- സി പി ഐ അംഗങ്ങള്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി യു കെ സുരേന്ദ്രന് മുമ്പാകെയാണ് നസീമ ടീച്ചര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയം സമര്‍പ്പിച്ചത്.

പഞ്ചായത്ത് ഭരണ സമിതിയില്‍ ആകെയുള്ള 23 അംഗങ്ങളില്‍ ഭരണപക്ഷത്തിന് 11 അംഗങ്ങളാണ് നിലവിലുള്ളത്. സിപിഎമ്മിന് എട്ടും സി പി ഐക്ക് ഒരംഗവും ഉള്‍പ്പെടെ പ്രതിപക്ഷത്ത് 9 പേരാണ്. ബിജെപിക്ക് മൂന്ന് അംഗങ്ങളുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ പുതുതായി രൂപം കൊണ്ട മാണിക്കോത്ത് പഞ്ചായത്ത് രൂപീകരണവുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ മുസ്‌ലിം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം മുതലെടുക്കുക എന്ന ലക്ഷ്യമാണ് പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് പിന്നിലെന്ന് ഉറപ്പായിട്ടുണ്ട്.

അവിശ്വാസ പ്രമേയം പാസാകണമെങ്കില്‍ 12 പേരുടെ പിന്തുണ വേണം. നിലവില്‍ 9 അംഗങ്ങളുടെ ബലമാണ് എല്‍ ഡി എഫിനുള്ളത്. പ്രമേയം പാസാകണമെങ്കില്‍ ബി ജെ പിയുടേയോ കോണ്‍ഗ്രസിന്റെയോ സഹായം സി പി എമ്മിന് നേടേണ്ടി വരും. ഇരുപാര്‍ട്ടികളും അതിന് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നില്ല.

ബി ജെപിയുടെ മൂന്ന് അംഗങ്ങളുടെ പിന്തുണ കിട്ടിയാല്‍ സി പി എമ്മിന് അവിശ്വാസ പ്രമേയം പാസാക്കിയെടുക്കാന്‍ കഴിയും. നിലവിലുള്ള രാഷ്ട്രീയ സാഹചര്യം ബി ജെ പിയെ അതിന് പ്രേരിപ്പിക്കാന്‍ സാധ്യതയില്ല. കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പോടെ സി പി എമ്മില്‍ നിന്ന് പല കേന്ദ്രങ്ങളിലും ബി ജെ പിയിലേക്ക് ഒഴുക്കുണ്ടായിരുന്നു. വോട്ടെണ്ണലില്‍ അത് പ്രകടമാകുകയും ചെയ്തതാണ്.

പ്രധാനമായും പ്രാദേശിക പ്രശ്‌നങ്ങളുടെ പേരിലാണ് സി പി എം അനുഭാവികള്‍ ബി ജെപിയുമായി അടുത്ത് തുടങ്ങിയത്. ഇതിനിടയില്‍ സി പി എമ്മിനെ പിന്തുണക്കാനുള്ള ഏതെങ്കിലും തരത്തിലുള്ള നിലപാട് അവിശ്വാസ പ്രമേയത്തിന്റെ കാര്യത്തില്‍ ബി ജെ പി കൈക്കൊണ്ടാല്‍ അത് വലിയ ആക്ഷേപം ക്ഷണിച്ച് വരുത്തും എന്നുറപ്പാണ്.

അജാനൂര്‍ പഞ്ചായത്ത് ഭരണ സമിതിയില്‍ കോണ്‍ഗ്രസും ലീഗും നല്ല ബന്ധത്തിലല്ല. അജാനൂര്‍ പഞ്ചായത്ത് വിഭജിച്ച് മഡിയന്‍ ആസ്ഥാനമാക്കി പുതിയ മാണിക്കോത്ത് പഞ്ചായത്ത് രൂപീകരിക്കാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസ് നീരസം പ്രകടിപ്പിച്ചിരുന്നു. അവിശ്വാസ പ്രമേയം പാസാക്കി എടുക്കാന്‍ എല്‍ ഡി എഫും അതിനെ അതിജീവിക്കാന്‍ മുസ്‌ലിം ലീഗും കരുക്കള്‍ നീക്കിത്തുടങ്ങിയിട്ടുണ്ട്.

മുസ്‌ലിം ലീഗ് പ്രതിനിധികളായ പഞ്ചായത്ത് പ്രസിഡണ്ട് പി പി നസീമ ടീച്ചര്‍, എം എം അബ്ദുള്‍ റഹ്മാന്‍, നസീമ മജീദ്, ഷീബ ഉമ്മര്‍, കെ മുഹമ്മദ് കുഞ്ഞി, സി എച്ച് മുഹമ്മദ് കുഞ്ഞി, വി രാമകൃഷ്ണന്‍, കോണ്‍ഗ്രസ് പ്രതിനിധികളായ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ബാലൃഷ്ണന്‍, കെ സുജാത, പി കെ കാര്‍ത്തായനി, എ ചന്ദ്രന്‍ എന്നിവരാണ് യു ഡി എഫ് പക്ഷത്തുള്ളവര്‍. പി കാര്യമ്പു, പി ശകുന്തള, വി പി പ്രശാന്ത് കുമാര്‍, ടി വി പത്മിനി, കെ വി ലക്ഷ്മി, കെ അശോകന്‍, ഒ കൃഷ്ണന്‍, കെ സുലോചന എന്നിവര്‍ സി പി എം പ്രതിനിധികളും കെ ബിന്ദു സി പി ഐ പ്രതിനിധിയുമാണ്. കെ ബാലകൃഷ്ണന്‍, എച്ച് ആര്‍ ചഞ്ചലാക്ഷി, കെ സുമംഗലി എന്നിവരാണ് ബി ജെ പി അംഗങ്ങള്‍.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.