കാഞ്ഞങ്ങാട്: ഭര്‍ത്താവിന്റെയും ഭര്‍തൃ സഹോദരിയുടെയും ഉമ്മയുടെയും ക്രൂരമായ പീഡനത്തിനിരയായ കൂളിയങ്കാല്‍ നാസിറ മന്‍സിലിലെ സി നസിയ(31) ഒരുകോടിയോളം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയെ സമീപിച്ചു.
ഹരജി പരിഗണിച്ച മജിസ്‌ട്രേറ്റ് നസിയക്കും മക്കളായ മുഹമ്മദ് നാസിം(13), മുഹമ്മദ് ഫര്‍ഹാന്‍(10), മുഹമ്മദ് ഫായിസ്(7) എന്നിവര്‍ക്കും പ്രതിമാസം 15000 രൂപ ചിലവിന് നല്‍കണമെന്ന് വിധിച്ചു. പേരോലിലുള്ള ഫൈസലും മാതാവും സഹോദരിയും താമസിക്കുന്ന വീട് കൈമാറ്റം ചെയ്യുന്നതും പണയപ്പെടുത്തുന്നതും കോടതി തടഞ്ഞു.
ഭര്‍ത്താവ് നീലേശ്വരം പേരോലിലെ അപ്പാട്ടില്ലത്ത് വീട്ടില്‍ മുഹമ്മദ് ഫൈസല്‍, ഫൈസലിന്റെ ഉമ്മ ഫാത്തിമ, ഫൈസലിന്റെ സഹോദരി ഡോ. നാദിറ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് നസിയ കോടതിയെ സമീപിച്ചത്. വിവാഹ ശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃഗൃഹത്തില്‍ നസിയ ക്രൂരമായ പീഡനത്തിനിരയായിരുന്നു.
നസിയയെ അതിക്രൂരമായി തല്ലിച്ചതക്കുകയും കൈകാലുകള്‍ തല്ലിയൊടിക്കുകയും ഇസ്തിരിപ്പെട്ടി ചൂടാക്കി പൊള്ളിക്കുകയും ചെയ്തിരുന്നു. പൊള്ളലേറ്റും മര്‍ദ്ദനമേറ്റും ഭര്‍തൃ ഗൃഹത്തില്‍ അവശയായി കിടന്ന നസിയയെ വിവരം അറിഞ്ഞെത്തിയ കോളേജ് വിദ്യാര്‍ത്ഥിയായ സഹോദരന്‍ കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഏറെ നാളത്തെ ആശുപത്രി വാസത്തിന് ശേഷം സ്വന്തം വസതിയിലേക്ക് മടങ്ങിയ നസിയ കഴിഞ്ഞ ദിവസമാണ് കോടതിയില്‍ ഹരജി നല്‍കിയത്. ശാരീരിക-മാനസിക പീഡനങ്ങള്‍ക്ക് 75 ലക്ഷം, തന്റെ പേരിലുണ്ടായിരുന്ന ക്വാര്‍ട്ടേഴ്‌സും സ്ഥലവും ഫൈസല്‍ വില്‍പ്പന നടത്തിയതിനാല്‍ ആ ഭൂമിയുടെയും ക്വാര്‍ട്ടേഴ്‌സിന്റെ ഇപ്പോഴത്തെ മാര്‍ക്കറ്റ് വില, 60 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഒരു കോടിയിലേറെ രൂപയാണ് നഷ്ട പരിഹാരമായി ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
അതിനിടെ ഫൈസലിന്റെ സഹോദരി ഡോ. നാദിറയും മാതാവ് ഫാത്തിമയും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലെത്തി. ഇവര്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യഹരജി പിന്‍വലിച്ചാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഒന്നാം പ്രതി ഫൈസലിന്റെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
No comments:
Post a Comment