Latest News

കാസര്‍കോട് ഭെല്ലില്‍ വൈവിധ്യ വല്‍ക്കരണത്തിനും വികസനത്തിനും പദ്ധതികള്‍ നടപ്പിലാക്കും

ന്യൂഡല്‍ഹി:[www.malabarflash.com] കേന്ദ്ര പൊതുമേഖല സ്ഥാപനമായ കാസര്‍കോട് ഭെല്‍ ഇലക്ട്രിക്കല്‍ മെഷിന്‍സ് ലിമിറ്റഡില്‍ വൈവിധ്യ വല്‍ക്കരണത്തിനും വികസനത്തിനും പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനം. ഉദ്യോഗ് ഭവനില്‍ കേന്ദ്ര ഘന വ്യവസായ വകുപ്പ് മന്ത്രി ആനന്ദ് ഗീഥെ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.

1990 മുതല്‍ കാസര്‍കോട് ബെദ്രഡുക്കയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെല്‍ യൂണിറ്റാണ് നാലു വര്‍ഷം മുമ്പ് മഹാരത്‌ന കമ്പനിയായ ഭെല്‍ ഏറ്റെടുത്ത് ഭെല്‍ ഇ.എം.എല്‍ ആയത്. റെയില്‍വേ, പ്രതിരോധ വകുപ്പുകള്‍ക്ക് ആവശ്യമായ പ്രത്യേക തരം ആള്‍ട്ടര്‍നേറ്ററുകളും പൊതു ആവശ്യങ്ങള്‍ക്കുള്ള ബ്രഷ്‌ലെസ് ആള്‍ട്ടര്‍നേറ്റുകളും നിര്‍മ്മിക്കുന്ന കമ്പനി ആവശ്യത്തിന് ഓര്‍ഡര്‍ ലഭിക്കാത്തതിനാല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുകയാണ്. 

കമ്പനി വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്.ടി.യു, സി.ഐ.ടി.യു യൂണിയനുകള്‍ എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീര്‍, പി.കരുണാകരന്‍ എന്നിവര്‍ മുഖേന നിവേദനങ്ങള്‍ നല്‍കിയിരുന്നു. 2014 നവംബര്‍ 24നും 2015 മാര്‍ച്ച് 30നും കേന്ദ്ര മന്ത്രിയെ നേരില്‍കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല യോഗം വിളിച്ചുചേര്‍ത്തത്. 

വികസനത്തിന്റെ ഭാഗമായി ഓര്‍ഡറുകള്‍ ലഭ്യമാക്കാനും മാര്‍ക്കറ്റിംഗ് സംവിധാനം ശക്തമാക്കാനും നടപടികള്‍ സ്വീകരിക്കും. സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ഡിജി സെറ്റുകളും ആള്‍ട്ടര്‍നേറ്ററുകളും ഭെല്‍ ഇ.എം.എല്ലില്‍ നിന്ന് തന്നെ വാങ്ങുവാന്‍ നടപടി സ്വീകരിക്കും. നിലവിലുള്ള സാങ്കേതിക വിദ്യ പരിഷ്‌കരിക്കുന്നതിനും പുതിയവ കൊണ്ടുവരുന്നതിനും പുതിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും ആവശ്യമായ ഫണ്ട് അനുവദിക്കാന്‍ തീരുമാനിച്ചു. 

49 ശതമാനം ഓഹരി പങ്കാളിത്തമുള്ള കേരള സര്‍ക്കാര്‍ ആനുപാതികമായി ഫണ്ട് അനുവദിക്കുമെന്നും അതിന് പ്രത്യേകം യോഗം വിളിക്കുമെന്നും എം.പി.മാര്‍ യോഗത്തില്‍ ഉറപ്പു നല്‍കി.
ഭെല്ലിന്റെ എല്ലാ പദ്ധതികള്‍ക്കും ആവശ്യമായ ജനറേറ്ററുകള്‍ ഭെല്‍ ഇ.എം.എല്ലില്‍ നിന്ന് തന്നെ വാങ്ങുമെന്ന് ഭെല്‍ സി.എം.ഡി അറിയിച്ചു.
വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി പുതിയ പ്രൊജക്ടുകള്‍ നടപ്പിലാക്കും. ഇതിനായി കമ്പനിയില്‍ നിലവിലുള്ള സ്ഥലവും സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. നിലവില്‍ സബ്‌സിഡിയറി യൂണിറ്റായ ഭെല്‍ ഇ.എം.എല്ലിനെ പൂര്‍ണമായും ഭെല്ലില്‍ ലയിപ്പിച്ച് ഭെല്ലിന്റെ യൂണിറ്റാക്കി മാറ്റണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കുമെന്നും പിന്നീട് ചര്‍ച്ച ചെയ്യുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. 

വ്യാവസായികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട് മേഖലയിലെ പ്രമുഖ വ്യവസായ സ്ഥാപനത്തിന്റെ വികസനത്തിന് രാഷ്ട്രീയം മറന്നുള്ള ഇടപെടലാണ് ഉണ്ടായിട്ടുള്ളത്. വമ്പിച്ച വികസന സാധ്യതയുള്ള ഭെല്‍ ഇ.എം.എല്ലില്‍ 175 ജീവനക്കാരാണുള്ളത്. കേരളത്തിലെ ഭെല്ലിന്റെ ഏക നിക്ഷേപ പദ്ധതിയായ ഭെല്‍-ഇ.എം.എല്ലിന്റെ വികസനത്തിനായി യോഗം വിളിച്ചുചേര്‍ത്ത കേന്ദ്ര മന്ത്രിയെ എം.പി.മാര്‍ അഭിനന്ദിച്ചു.
യോഗത്തില്‍ എം.പി.മാരായ പി.കരുണാകരന്‍, ഇ.ടി.മുഹമ്മദ് ബഷീര്‍,  ഭെല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബി.പി.റാവു, ഡയറക്ടര്‍മാരായ ആര്‍.കൃഷ്ണന്‍, അതുല്‍ ജോഗി, വി.രാഘവന്‍, ഘന വ്യവസായ വകുപ്പ് സെക്രട്ടറി ആര്‍.കെ.സിംഗ്, ഭെല്‍ ഇ.എം.എല്‍ മാനേജിംഗ് ഡയറക്ടര്‍ സൊമക് ബസു, ട്രേഡ് യൂണിയന്‍ നേതാക്കളായ കെ.പി.മുഹമ്മദ് അഷറഫ്, വി.രത്‌നാകരന്‍, കെ.എന്‍.ബാബുരാജന്‍, ടി.പി.മുഹമ്മദ് അനീസ് സംബന്ധിച്ചു.

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.