Latest News

അപകടത്തില്‍ മരിച്ച ഡോക്ടര്‍ കുടുംബത്തിന് കണ്ണീരോടെ വിട

കാഞ്ഞങ്ങാട് :[www.malabarflash.com]നാടിനെ കണ്ണീരിലാഴ്ത്തി ദുരന്തം ഏറ്റുവാങ്ങിയ ഡോക്ടര്‍ ദമ്പതികളുടെയും മകന്റെയും ഭൗതിക ശരീരങ്ങള്‍ ചെമ്മട്ടം വയലിലെ വീട്ടിലെത്തിക്കുമ്പോഴും ദുരിത മഴ പെയ്‌തൊഴിഞ്ഞില്ല. ബന്ധുക്കള്‍, നാട്ടുകാര്‍, സുഹൃത്തുക്കള്‍, സഹ പ്രവര്‍ത്തകര്‍ അങ്ങനെ നൂറ് കണക്കിനാളുകള്‍ ചെമ്മട്ടംവയല്‍- ആലയി റോഡിലെ ഹരികൃഷ്ണന്‍ എന്നു പേരിട്ട വീട്ടിലേക്ക് ഇന്ന് രാവിലെ ഒഴുകിയെത്തി.

ഞായറാഴ്ച പുലര്‍ച്ചെ നാലര മണിയോടെ തമിഴ്‌നാട് ചിറ്റൂരിനടുത്ത് സ്‌കൈബേര്‍ഡ് പോയിന്റിന് സമീപം കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് മരണപ്പെട്ട കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ആശ നമ്പ്യാര്‍ (42), ഭര്‍ത്താവ് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിലെ ആര്‍ സി എച്ച് ഓഫീസര്‍ പത്തനംതിട്ട കൊട്ടനാട് വൃന്ദാവനം മുക്കുഴി മാങ്കല്‍ സന്തോഷ് ഭവനില്‍ ഡോ. ടി സന്തോഷ് (48), മകന്‍ ഹരികൃഷ്ണന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച രാവിലെ 8 മണിയോടെ ചെമ്മട്ടംവയലിലെ വീട്ടിലെത്തിച്ചു.
തമിഴ്‌നാട്ടില്‍ നിന്ന് ആര്‍ ടി പി ആംബുലന്‍സ് സര്‍വീസ് ഏജന്‍സിയുടെ രണ്ട് ആംബുലന്‍സുകളിലായാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ എത്തിച്ചത്.അല്‍പ്പ നേരം പൊതു ദര്‍ശനത്തിന് വെച്ച ഡോ. സന്തോഷിന്റെ മൃതദേഹം പത്തനം തിട്ടയിലേക്ക് കൊണ്ടു പോയി. 

ഡോ. സന്തോഷിന്റെ അടുത്ത ബന്ധുക്കള്‍ കാഞ്ഞങ്ങാട്ടെത്തിയിരുന്നു. സന്തോഷിന്റെ അമ്മ സുകുമാരി അമ്മ മകന്റെ മൃതദേഹം ഒരു നോക്കു കാണാനെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സന്തോഷിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയത്. 

ഡോ. ആശയുടെയും മകന്‍ ഹരികൃഷ്ണന്റെയും മൃതദേഹങ്ങള്‍ ചെമ്മട്ടംവയലിലെ വീട്ടില്‍ നിന്ന് പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും അവിടെ പൊതു ദര്‍ശനത്തിന് വെക്കുകയും ചെയ്തു. പിന്നീട് രണ്ട് മൃതദേഹങ്ങളും നീലേശ്വരം പാലായിയിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി. ഇവരുടെ ശവസംസ്‌കാരം നീലേശ്വരത്തും ഡോ. സന്തോഷിന്റെ മൃതദേഹം പത്തനംതിട്ടയിലും സംസ്‌കരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാ ദേവി, വൈസ് പ്രസിഡണ്ട് കെ എസ് കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ സുജാത, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ദിവ്യ, നഗരസഭ കൗണ്‍സിലര്‍മാരായ കെ കുസുമം, എം മാധവന്‍, സി ജാനകിക്കുട്ടി, സി പി എം ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. പി അപ്പുക്കുട്ടന്‍, എം പൊക്ലന്‍, വി വി രമേശന്‍, ഡി വൈ എഫ് ഐ നേതാക്കളായ അഡ്വ. കെ രാജ് മോഹനന്‍, ശിവജി വെള്ളിക്കോത്ത്, എ വി സഞ്ജയന്‍, ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത്, ചെമ്മട്ടംവയല്‍ ക്രൈസ്റ്റ് പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ജോസ് പന്തമാക്കല്‍, ഫാ. ജോമോന്‍ കൊട്ടാരത്തില്‍, ഫാ. മാത്യു മാണിക്കത്താഴില്‍, പടന്നക്കാട് ഗുഡ്‌ഷെപ്പേര്‍ഡ് ചര്‍ച്ചിലെ ഫാ. ജോണ്‍സണ്‍ അന്ത്യാങ്കുളം, മേലടുക്കം യത്തീം കത്തോലിക്കന്‍ പള്ളിയിലെ ഫാ. ജോസഫ്, കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. പി ബാബുരാജ്, എം കുഞ്ഞികൃഷ്ണന്‍,സംയുക്ത ജമാഅത്ത് സെക്രട്ടറി ബഷീര്‍ ആറങ്ങാടി തുടങ്ങിയവരും ആതുര ശുശ്രൂഷ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹപ്രവര്‍ത്തകരും മറ്റു ജീവനക്കാരും ചെമ്മട്ടംവയലിലെ വീട്ടില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. 

തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച മാരുതി കാറും ലോറിയും കൂട്ടിയിടിച്ചാണ് ദുരന്തം ഉണ്ടായത്. കാഞ്ഞങ്ങാട് ക്രൈസ്റ്റ് പബ്ലിക്ക് സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയാണ് മരിച്ച ഹരികൃഷ്ണന്‍. 

കാറിലുണ്ടായിരുന്ന ഹരികൃഷ്ണന്റെ സഹോദരന്‍ ഇതേ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ അശ്വിന്‍ ഗുരുതരമായ പരിക്കുകളോടെ ബാംഗഌര്‍ കോസ്മറ്റോ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തില്‍ അശ്വിന്റെ കാലിന് സാരമായി പരിക്കേല്‍ക്കുകയും കരളിന് ക്ഷതമേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.