കാസര്‍കോട്:[www.malabarflash.com]ബെളളൂര്‍ വില്ലേജിലെ കുഡ്വയില്‍ ദരിദ്ര്യകുടംബാംഗമായ വിദ്യാര്‍ത്ഥിനി ഭവാനി ശങ്കരിക്കും അമ്മ ചന്ദ്രവതിക്കും അനുവദിച്ച അഞ്ച് സെന്റ് സ്ഥലത്തിന്റെ പട്ടയദാനവും ആര്‍ട്ട് ഓഫ് ലിവിങ്ങ് പ്രവര്‍ത്തകര്‍ സൗജന്യമായി നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനവും എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വ്വഹിച്ചു. കുഡ്വയിലെ ഭവനത്തില്‍ നടന്ന ചടങ്ങില്‍ എഡിഎം എച്ച് ദിനേശന്‍ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പാവപ്പെട്ടവരോടുളള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹാനുഭൂതിയുടെയും സന്നദ്ധ പ്രവര്‍ത്തകരുടെ മനുഷ്യത്വത്തിന്റെയും പ്രതീകമാണ് ഭവാനി ശങ്കരിക്ക് ലഭിച്ച വീടും സ്ഥലവുമെന്ന എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. കുടിവെളള സൗകര്യത്തിനായി ഇവിടെ കുഴല്‍കിണര്‍ അനുവദിക്കുമെന്ന് എംഎല്‍എ അറിയിച്ചു. ഈ കുടംബത്തിന് രണ്ട് മാസത്തെ ഭക്ഷണത്തിനാവശ്യമായ തുകയും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
കോളനികളെ അറിയുക എന്ന പേരില്‍ സംഘടിപ്പിച്ച അദാലത്ത് അര്‍ഹരായവര്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിനുളള നിമിത്തമായെന്ന് എഡിഎം എച്ച് ദിനേശന്‍ പറഞ്ഞു. ബെളളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.കെ കുശല അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ ബാബു ആനക്കള, എം ശ്രീധരന്‍, കാസര്‍കോട് തഹസല്‍ദാര്‍ ടി അംബുജാക്ഷന്‍,ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അനൂപ് കുമാര്‍, ഹെഡ്മാസ്റ്റര്‍ മഹാലിംഗേശ്വര ഭട്ട്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസി. എഡിറ്റര്‍ എം. മധുസൂദനന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിസാം റാവുത്തര്‍, ആര്‍ട്ട് ഓഫ് ലിവിങ്ങ് പരിശീലകരായ ഏകനാഥന്‍, പി.പി ജയന്‍ നാട്ടക്കല്ല് വ്യാപാര പ്രതിനിധി ഗണേശ് എന്നിവര്‍ പ്രസംഗിച്ചു.
ടി. നാരായണന്‍ സ്വാഗതവും വി.വി മനോജ്കുമാര്‍ നന്ദിയും പറഞ്ഞു
സൗജന്യ സേവനപ്രവര്‍ത്തനം നടത്തിയവരെ ചടങ്ങില്‍ തഹസില്‍ദാര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
മൂകയായ ഭവാനി ശങ്കരിക്കും അമ്മയ്ക്കും ഇനി ഭയം കൂടാതെ ഉറങ്ങാം. അവള്‍ക്ക് ആത്മവിശ്വാസത്തോടെ പഠിക്കാം. ബെളളൂര്‍ ഗ്രാമപഞ്ചായത്തിലെ തോട്ടദമൂല പട്ടികവര്‍ഗ്ഗ കോളനിയില്‍ 2013 ജൂലൈയില്‍ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ നടത്തിയ അദാലത്തില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചു. ബെളളൂര്‍ വില്ലേജിലെ കുഡ്വായില്‍ അനുവദിച്ച അഞ്ച് സെന്റ് സ്ഥലത്തിന്റെ പട്ടയമാണ് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ കൈമാറിയത്.
ബെളളൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് പ്രത്യേക അനുമതി തേടി അദാലത്തില്‍ കളക്ടറെ സമീപിച്ച ഭവാനി ശങ്കരിയുടെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞാണ് ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കിത്. ഉടന്‍ പ്ലസ് വണ്‍ പ്രവേശനം അനുവദിച്ചു.
ഇതു സംബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നല്‍കിയ പത്രക്കുറിപ്പ് പരിഗണിച്ച് വിവിധ മാധ്യമങ്ങള്‍ ഈ കുടുംബത്തെക്കുറിച്ചുളള പ്രത്യേക വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. മാധ്യമവാര്‍ത്തകളെ തുടര്‍ന്നാണ് ആര്‍ട്ട് ഓഫ് ലിവിങ്ങ് പ്രവര്‍ത്തകര്‍ 8 ലക്ഷം രൂപ ചെലവില്‍ സൗജന്യമായി വീട് നിര്‍മ്മിച്ചു നല്‍കിയത്. ബെളളൂരടക്കയിലെ കാട് നിറഞ്ഞ പ്രദേശത്ത് പുറമ്പോക്കില്‍ ഓല കൊണ്ട് മറച്ച ഒറ്റമുറി കുടിലില്‍ കഴിഞ്ഞ ഭവാനി ശങ്കരിക്കും അമ്മ ചന്ദ്രാവതിക്കും ജീവിത ദുരിതങ്ങള്‍ക്ക് ഇതോടെ ശമനമായി.
No comments:
Post a Comment