Latest News

പയ്യന്നൂരില്‍ ബി ജെ പി നേതാവിന്റെ സ്‌പെയര്‍പാര്‍ട്‌സ് കടക്ക് തീവെച്ചു

പയ്യന്നൂര്‍ : ബി ജെ പി നേതാവിന്റെ സ്‌പെയര്‍പാര്‍ട്‌സ് കടക്ക് തീവെച്ചു . ദേശീയപാതയില്‍ കണ്ടോത്ത് ശ്രീകൂറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ബി ജെ പി മണ്ഡലം വൈസ്പ്രസിഡന്റ് കെ പി വൈദ്യനാഥ കുമാറിന്റെ വി എന്‍ കെ ഓട്ടോപാര്‍ട്‌സ് കടക്കാണ് വിഷുദിനത്തില്‍ പുലര്‍ച്ചെ അക്രമികള്‍ തീവെച്ചത്. 

വൈദ്യനാഥകുമാറിന്റെ മകന്‍ പി ശ്യാംകുമാറാണ് കട നടത്തിവരുന്നത്. പതിവ്‌പോലെ രാത്രി കട അടച്ചുപോയതാണ്. പുലര്‍ച്ചെ വരെ പോലീസ് ക്ഷേത്രപരിസരത്ത് പട്രോളിംഗ് നടത്തിയിരുന്നു.
പോലീസ് സ്ഥലത്ത് നിന്നും പിന്‍വാങ്ങിയശേഷമാണ് അക്രമം നടന്നതെന്നാണ് നിഗമനം. കടയുടെ പൂട്ട് തകര്‍ത്ത് പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു. കടയിലുണ്ടായിരുന്ന ഓയലുകളും സ്‌പെയര്‍പാര്‍ട്‌സുകളും ഫര്‍ണിച്ചറുകളും കത്തിനശിച്ചു. നാലുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീകെടുത്തിയത്. 

2013 സപ്തംബര്‍ ഒന്നിന് പെരുമ്പയിലുണ്ടായ സി പി എം-ബി ജെ പി സംഘര്‍ഷത്തെ തുടര്‍ന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകനായ വിനോദ് കുമാര്‍ വധിക്കപ്പെടുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ശ്യാംകുമാറിന്റെ ടൂറിസ്റ്റ് ബസ് പെരുമ്പയില്‍ നിന്നും തകര്‍ത്തിരുന്നു. 

കഴിഞ്ഞ രണ്ടുമാസങ്ങള്‍ക്ക് മുമ്പ് വരെ പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും രാമന്തളിയിലുമായി നടന്ന സി പി എം-ബി ജെ പി സംഘര്‍ഷത്തില്‍ 15ഓളം സി പി എം-ബി ജെ പി നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറും അക്രമ സംഭവങ്ങളും ഉണ്ടായിരുന്നു. ഒമ്പതോളം വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയോ തീവെച്ച് നശിപ്പിക്കുകയോ ചെയ്തിരുന്നു. അക്രമം വ്യാപിപ്പിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി സി ഐ പി കെ മണി അറിയിച്ചു.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.