Latest News

കാസര്‍കോട്@31; വടക്കന്‍ മണ്ണിന്റെ ആഗ്രഹങ്ങള്‍ ചിറകിലേറ്റിയ ജില്ലക്ക് ഞായറാഴ്ച 31-ാം പിറന്നാള്‍

കാസര്‍കോട്: [www.malabarflash.com] വടക്കന്‍ മണ്ണിന്റെ ആഗ്രഹങ്ങള്‍ ചിറകിലേറ്റിയ ജില്ലക്ക് ഞായറാഴ്ച 31-ാം പിറന്നാള്‍. കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്ന കാസര്‍കോട് 1984 മെയ് 24 നാണ് കേരളത്തിലെ 14-ാ മത്തെ ജില്ലയായി രൂപം കൊണ്ടത്. 

കേരളത്തിന്റെ ഏറ്റവും വടക്കെ അറ്റത്തെ ജില്ല, ഏറ്റവും കൂടുതല്‍ വ്യത്യസ്തമായ ഭാഷകള്‍ സംസാരിക്കുന്നവരുടെ ജില്ല, കൂടുതല്‍ നദികള്‍ ഒഴുകുന്ന ജില്ല, യക്ഷഗാനത്തിന്റെ നാട് , കോട്ടകളുടെ നാട് എന്നിങ്ങനെ നിരവധി പെരുമകള്‍ സ്വന്തമാക്കിക്കൊണ്ടായിരുന്നു കാസര്‍കോടിന്റെ ജനനം. 

പ്രാരംഭ ഘട്ടത്തില്‍ നിരവധി പ്രതിസന്ധികളെ അഭിമുഖീകരിച്ച ജില്ല, ഇന്ന് വികസനത്തിന്റെ പാതയിലാണ്. ജില്ലയുടെ സമഗ്ര വികസനത്തിന് ആവിഷ്‌കരിച്ച കാസര്‍കോട് വികസന പാക്കേജടക്കം നിരവധി പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സമസ്ത മേഖലയിലും മൂന്നു പതിറ്റാണ്ടിനകം ജില്ല ഏറെ മുന്നേറിയിട്ടുണ്ട്.
സ്വന്തമായി ഒരു മെഡിക്കല്‍ കോളേജ് എന്ന കാസര്‍കോടന്‍ ജനതയുടെ ദീര്‍ഘകാല അഭിലാഷത്തിന്റെ സഫലീകരണമായാണ് 2013 നവംബറില്‍ ബദിയടുക്ക ഉക്കിനടുക്കയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനം നടത്തിയത്. ഇതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. 2017-18 അദ്ധ്യയന വര്‍ഷത്തോടെ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിക്കും. 

കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയുടെ ഭാഗമായി അനുവദിച്ച മെഡിക്കല്‍ കോളേജാണ് ജില്ലയുടെ മറ്റൊരു പ്രതീക്ഷ. ഈ രണ്ട് മെഡിക്കല്‍ കോളേജുകളും യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയുടെ ആരോഗ്യമേഖലയില്‍ സമഗ്രമായ പുരോഗതി കൈവരിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. 

പുതുതായി രൂപംക്കൊണ്ട വെള്ളരിക്കുണ്ട്, മഞ്ചേശ്വരം താലൂക്കുകള്‍ക്ക് പുതിയ താലൂക്ക് ആശുപത്രികള്‍ ഉടന്‍ നിലവില്‍ വരും. ഇതോടെ ജില്ലയുടെ എല്ലാ ഭാഗത്തും മികച്ച ചികിത്സ ലഭ്യമാക്കാന്‍ സാധിക്കും.

ഭൂരഹിതരില്ലാത്ത ഇന്ത്യയിലെ രണ്ടാമത്തെ ജില്ലയാണ്, ഇന്ന് കാസര്‍കോട്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതി നടത്തിപ്പിലൂടെയാണ് ജില്ല ഈ നേട്ടം സ്വന്തമാക്കിയത്. സ്വന്തമായി ഒരുതുണ്ടു ഭൂമി പോലും ഇല്ലാത്ത 10,271 കുടംബങ്ങള്‍ക്ക് മൂന്ന് സെന്റ് ഭൂമി നല്‍കികൊണ്ടാണ് ജില്ല ഈ നേട്ടം കൈവരിച്ചത്.
കേരളത്തിലെ ആദ്യമെഗാ സൗരോര്‍ജ്ജ പാര്‍ക്ക് എന്ന ഖ്യാതിയോടെ കാസര്‍കോട് സൗരോര്‍ജ്ജ പാര്‍ക്ക് നിലവില്‍ വരുന്നു. 200 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള സൗരോര്‍ജ്ജ പാര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. അമ്പലത്തറ, കിനാനൂര്‍-കരിന്തളം, പൈവളികെ,മീഞ്ച എന്നിവിടങ്ങിലെ 1000 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ആരെയും കുടിയൊഴിപ്പിക്കാതെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാവുക. സൗരോര്‍ജ്ജ പാര്‍ക്ക് നിലവില്‍ വരുന്നതോടെ ജില്ലയുടെ ഊര്‍ജ്ജ ക്ഷാമത്തിന് ശാശ്വത പരിഹാരമാകും.
പുതുതായി രണ്ട് താലൂക്കുകള്‍ രൂപീകരിച്ചത് ജില്ലയുടെ വികസനം വേഗത്തിലാക്കാന്‍ സഹായകമാകും. നിരന്തരമായ ആവശ്യം പരിഗണിച്ചാണ് മലയോര താലൂക്കായ വെള്ളരിക്കുണ്ടും, കന്നട ന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്ന മഞ്ചേശ്വരം താലൂക്കും രൂപീകരിച്ചത്. ഇതോടെ ജില്ലയിലെ താലൂക്കുകലുടെ എണ്ണം നാലായി. 

വലിയപറമ്പ് പഞ്ചായത്തിന് സ്വന്തമായി വില്ലേജ് ഓഫീസും നിലവില്‍ വന്നു. പുതുതായി രൂപീകരിച്ച പരപ്പ, മാണിക്കോത്ത്, പനയാല്‍, കളനാട് ഗ്രാമ പഞ്ചായത്തുകളാണ് ജില്ലയുടെ വികസനത്തിന്റെ മറ്റൊരു നേര്‍ സാക്ഷ്യം. കാഞ്ഞങ്ങാട്ടെ വിവിധ സര്‍ക്കാര്‍ ഓഫീസുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനാണ് ജില്ലയുടെ പുതിയ നേട്ടം.


ഉന്നത വിദ്യാഭ്യാസത്തിന് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന ജില്ലക്ക് സ്വന്തമായി പെരിയ ആസ്ഥാനമാക്കി കേന്ദ്ര സര്‍വ്വകലാശാല നിലവില്‍ വന്നു. കേരളത്തിലെ ഏക കേന്ദ്ര സര്‍വ്വകലാശാല. നിരവധി വ്യത്യസ്ഥമായ വിഷയങ്ങളിലുള്ള ഗവേഷണമടക്കം വിവിധ പഠനശാഖകളിലുള്ള ഉന്നത വിദ്യാഭ്യാസമാണ് കേന്ദ്ര സര്‍വ്വകലാശാല നല്‍കുന്നത്.


കുണിയയില്‍ അനുവദിച്ച ഗവ:ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജാണ് ജില്ലയുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന മറ്റൊരു പദ്ധതി.

എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ ഇന്ത്യയിലെ ആദ്യ പുനരധിവാസ ഗ്രാമം നിലവില്‍ വരുന്നു. എന്‍ഡോസള്‍ഫാന്‍ പാക്കേജിലെ 200 കോടി രൂപയുടെ നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് പദ്ധതികള്‍ അവസാന ഘട്ടത്തിലാണ്.കൂടാതെ എന്‍ഡോാസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ദേശീയമനുഷ്യാവകാശ കമ്മീഷന്‍ശുപാര്‍ശ പ്രകാരം ഗവണ്‍മെന്റ് നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ ഇവരുടെ അവശത ശമിപ്പിക്കുന്നതിന് സഹായകമാകുന്നു.

ജില്ലയുടെ സ്വപന പദ്ധതികളായ ചെറുവത്തൂര്‍, കാസര്‍കോട് മത്സ്യബന്ധന തുറമുഖങ്ങള്‍ ഉദ്ഘാടനത്തിനൊരുങ്ങി. 

ജില്ലയുടെ ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്ന റാണിപുരത്തെയും ബേക്കലിലെയും ടൂറിസം പദ്ധതികള്‍, മതമൈത്രി കൊണ്ടുവരുന്നതിന് ജില്ലയില്‍ ആഭ്യന്തര വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍, ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്നതിന് നടപ്പിലാക്കുന്ന കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് തുടങ്ങി നിരവധി പദ്ധതികളാണ് ജില്ലയില്‍ ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
വികസനത്തില്‍ ജില്ലക്ക് ഇനിയും ഏറെദൂരം മുന്നോട്ട് പോകാനുണ്ടെങ്കിലും കാസര്‍കോട് വികസന പാക്കേജ് പോലുള്ള പദ്ധതികള്‍ ജില്ലയുടെ വികസനത്തില്‍ ആക്കം കൂട്ടാന്‍ സഹായിക്കും. 19 മേഖലകളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ആവിഷ്‌കരിച്ച പാക്കേജ് ജനതയ്ക്ക് മുമ്പില്‍ ഒരു നൂറായിരം വികസന സ്വപ്നങ്ങള്‍ക്കാണ് തിരി തെളിക്കുന്നത്. വികസനമുന്നേറ്റത്തില്‍ വരാനിരിക്കുന്നത് കാസര്‍കോടിന്റ ദിനങ്ങളാണ്.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.