Latest News

ഒരു മുസ്ലിമിന് ജോലി നിഷേധിച്ചാല്‍ പത്ത് ഹിന്ദുക്കള്‍ക്ക് ജോലി: മുംബൈയില്‍ മുസ്ലിം ലീഗിന്റെ മാതൃക

മുംബൈ: മുസ്‌ലിമായതിന്റെ പേരില്‍ എം.ബി.എക്കാരന് ജോലി നിഷേധിച്ച വജ്ര കയറ്റുമതി സ്ഥാപനത്തിന്റെ നടപടിക്കെതിരെ ഗാന്ധിയന്‍ രീതിയിലുള്ള മറുപടിയുമായി മുസ്‌ലിം ലീഗ്. മതത്തിന്റെ പേരില്‍ ഒരു മുസ്‌ലിമിന് ജോലി നിഷേധിക്കപ്പെടുമ്പോള്‍ പത്ത് ഹിന്ദുമത വിശ്വാസികള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനമാണ് മുസ്‌ലിം ലീഗ് മഹാരാഷ്ട്ര ഘടകം രംഗത്തു വന്നിരിക്കുന്നത്. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുകയും മതവിദ്വേഷം ഇല്ലാതാക്കുകയുമാണ് ഈ ശ്രമത്തിന്റെ ലക്ഷ്യം.

'ഞങ്ങള്‍ ഒരു ഗാന്ധിയന്‍ ശ്രമം ആരംഭിക്കുകയാണ്. ഹിന്ദു ഉടമസ്ഥതയിലുള്ള കമ്പനികള്‍ ജോലി നിഷേധിക്കുന്ന ഓരോ മുസ്‌ലിമിനും ബദലായി മുസ്‌ലിം ഉടമസ്ഥതയിലുള്ള സ്വകാര്യ മേഖലാ കമ്പനികളില്‍ പത്തുവീതം ഹിന്ദുക്കള്‍ക്ക് ജോലി നല്‍കാനാണ് തീരുമാനം.' മുംബൈ മുസ്‌ലിം ലീഗ് പ്രസിഡണ്ട് പര്‍വേസ് ലക്ക്ഡാവാല പത്രസമ്മേളനത്തില്‍ പറഞ്ഞു.

'മതത്തിന്റെ പേരില്‍ ജോലി നിഷേധിക്കുക എന്നത് നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും അപകടകരമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപ രാജ്യമായ ഇന്ത്യയുടെ ഭരണഘടനക്കും മതസൗഹാര്‍ദത്തിനും വലിയ വെല്ലുവിൡയാണിത്. ആധുനിക കാലത്ത് ഇത് വെച്ചുപൊറുപ്പിക്കാവുന്നതല്ല.' - ലക്ക്ഡാവാല പറഞ്ഞു.

സീഷാന്‍ അലി ഖാന്‍ എന്ന എം.ബി.എക്കാരന് മതത്തിന്റെ പേരില്‍ ജോലി നിഷേധിച്ച മുംബൈയിലെ ഹരേകൃഷ്ണ എക്‌സ്‌പോര്‍ട്ട്‌സ് എന്ന സ്ഥാപനത്തിന്റെ നടപടി ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. 

'സംഭവിച്ചത് സംഭവിച്ചു. ഇത്തവണ ഇത് പുറംലോകമറിഞ്ഞു. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും നല്ല പ്രചാരണമാണ് ഇതിനു നല്‍കിയത്. നേരത്തെയും ഇത്തരത്തിലുള്ള ആരുമറിയാതെ പോയ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. മഹാത്മാ ഗാന്ധിയുടെ സമാധാന ആശയങ്ങളെ ബഹുമാനിക്കുന്നവരാണ് നമ്മള്‍. അദ്ദേഹത്തിന്റെ സമരമാര്‍ഗമാണ് ഞങ്ങള്‍ അവലംബിക്കുന്നത്. മതത്തിന്റെ പേരില്‍ ഒരു മുസ്‌ലിമിന് ഏതെങ്കിലും കമ്പനി ജോലി നിഷേധിച്ചാല്‍ പകരം പത്ത് ഹിന്ദുക്കള്‍ക്ക് വീതം ജോലി നല്‍കാന്‍ മുസ്ലിം ഉടമസ്ഥതയിലുള്ള കമ്പനികള്‍ തീരുമാനിച്ചിട്ടുണ്ട്.' അദ്ദേഹം വ്യക്തമാക്കി. വര്‍ഗീയത കാണിച്ച കമ്പനിക്കെതിരെ നിയമ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്‌ലിമായതിനാല്‍ ജോലി നല്‍കാനാവില്ലെന്ന് സീഷാന്‍ ഖാന് ഇമെയ്ല്‍ സന്ദേശമയച്ച കമ്പനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. വിവിധ രാജ്യങ്ങളിലേക്ക് വജ്രം കയറ്റിയയക്കുന്ന സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.