Latest News

തീവണ്ടിയാത്രക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറി 15 ലക്ഷം രൂപ കവര്‍ന്നു

കണ്ണൂര്‍: [www.malabarflash.com] കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിക്കകത്ത് യാത്രക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറി 15 ലക്ഷം രൂപ കവര്‍ന്നു. മംഗലാപുരം ബണ്ട്വാള്‍ താലൂക്കിലെ ലക്ഷ്മി ടെമ്പിള്‍ റോഡിനടുത്തെ ജയതീര്‍ഥ(56) ആണ് കവര്‍ച്ചക്കിരയായത്. ചൊവ്വാഴ്ച നാലുമണിക്ക് കണ്ണൂര്‍-യശ്വന്ത്പുര്‍ തീവണ്ടിയിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റിലായിരുന്നു സംഭവം.

മംഗലാപുരത്തേക്ക് പോകാനായാണ് ജയതീര്‍ഥ കയറിയത്. എന്‍ജിനോട് ചേര്‍ന്നുള്ള ജനറല്‍ കമ്പാര്‍ട്ടുമെന്റിലിരുന്നു. ഇതില്‍ യാത്രക്കാര്‍ കുറവായിരുന്നു. പെട്ടെന്ന് മൂന്നുപേര്‍ അടുത്തെത്തി കണ്ണില്‍ മുളകുപൊടി വിതറി പണമടങ്ങിയ ബാഗുമായി കടന്നുകളഞ്ഞുവെന്നാണ് ഇദ്ദേഹം പോലീസിനോട് പറഞ്ഞത്. ബാഗുമായി ഓടുന്നതുകണ്ട് മറ്റ് യാത്രക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് എത്തുമ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു.

തീവണ്ടിയില്‍ കയറുന്നതിനിടെ കാലിന് പരിക്കേറ്റ പഴയങ്ങാടി സ്വദേശി ഹനീഫയെ ആസ്പത്രിയിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു റെയില്‍വേ പോലീസ്. അതിനാല്‍ മോഷണവിവരം അറിഞ്ഞ് സ്ഥലത്തെത്താന്‍ വൈകി. മംഗലാപുരത്തെ ഒരു പ്ലാസ്റ്റിക് ഉത്പന്നനിര്‍മ്മാണ കമ്പനിയിലെ സെയില്‍സ് ജീവനക്കാരനാണ് ജയതീര്‍ഥ. കണ്ണൂരിലെ കച്ചവട സ്ഥാപനങ്ങള്‍ക്ക് സാധനങ്ങള്‍ നല്‍കിയതിന്റെ പണമാണ് ബാഗിലുണ്ടായിരുന്നത്. റെയില്‍വേ പോലീസ് കേസെടുത്തു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.