Latest News

സ്‌കൂളുകളില്‍ ഇനി എട്ടു പീരിയഡുകള്‍; വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടു മണിക്കൂര്‍ വിശ്രമം

മലപ്പുറം: [www.malabarflash.com] സ്‌കൂള്‍ പഠനസമയത്തില്‍ മാറ്റം വരുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തത്വത്തില്‍ തീരുമാനിച്ചു. വ്യാഴാഴ്ച വിദ്യാഭ്യാസ മന്ത്രി വിളിച്ചുകൂട്ടുന്ന അധ്യാപക സംഘടന നേതാക്കളുടെ യോഗത്തില്‍ ഇതു സംബന്ധിച്ചു തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന. പുതിയ സമയക്രമം അനുസരിച്ചു നിലവിലെ ഏഴു പീരിയഡുകള്‍ എട്ടായി മാറും. രാവിലെ നാലും ഉച്ചകഴിഞ്ഞു മൂന്നും പീരിയഡുകളാണ് ഇപ്പോഴുള്ളത്. പുതിയ സമയക്രമമനുസരിച്ച് രാവിലെയും ഉച്ചകഴിഞ്ഞും നാലു പീരിയഡുകള്‍ വീതമാണുണ്ടാകുക. ഇപ്പോള്‍ ആഴ്ചയില്‍ 35 പീരിയഡാണെങ്കില്‍ പുതിയ ക്രമമനുസരിച്ച് 40 പീരിഡുകള്‍ വരും. ക്ലാസുകള്‍ രാവിലെ പത്തിന് ആരംഭിച്ചു നാലിനു സമാപിക്കുന്ന രീതി തന്നെ തുടരും. രാവിലെ 40 മിനിറ്റും ഉച്ചകഴിഞ്ഞു 30 മിനിറ്റും വീതവുമുള്ളതായിരിക്കും പീരിഡുകള്‍.

രാവിലെ പത്ത് മിനിറ്റും ഉച്ചകഴിഞ്ഞ് അഞ്ചുമിനിറ്റുമാണ് ഇടവേളകള്‍. തിങ്കള്‍ മുതല്‍ വ്യാഴം വരെ പത്തിനു ക്ലാസുകള്‍ തുടങ്ങി നാലിനു സമാപിക്കുമ്പോള്‍ വെള്ളിയാഴ്ച 9.30 ആരംഭിച്ചു നാലരയ്ക്കാണു സമാപിക്കുന്നത്. സാധാരണദിവസം ഉച്ചയ്ക്കു ഒരു മണിക്കൂര്‍ വിശ്രമം നല്‍കുമ്പോള്‍ വെള്ളിയാഴ്ച രണ്ടു മണിക്കൂറാണ് ഇടവേള.

പുതിയ സമയക്രമം ഇങ്ങനെ: തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ പത്തിനു ക്ലാസ് തുടങ്ങും. പീരിയഡുകളുടെ സമയക്രമം. 10-10.40, 10.40 -11.20, 10മിനിറ്റ് ഇടവേള, 11.30- 12.10, 12.10- 12.45, ഉച്ചയ്ക്കു 12.45 -1.45 വരെ ഇടവേള. ഉച്ചകഴിഞ്ഞു 1.45 -2.20, 2.20- 2.55, അഞ്ച് മിനിറ്റ് ഇടവേള, 3 - 3.30, 3.30- 4. വെള്ളിയാഴ്ച 9.30- 10.10, 10.10-10.50, 10 മിനിറ്റ് ഇടവേള, 11- 11.40, 1.40-12.15, 12.15 മുതല്‍ 2.15വരെ ഇടവേള, 2.15- 2.50, 2.50- 3.20, അഞ്ചുമിനിറ്റ് ഇടവേള, 3.25- 4, 4-4.30 വരെ

ആഴ്ചയില്‍ ഓരോ വിഷയത്തിനുള്ള സമയക്രമവും തയാറായിട്ടുണ്ട്. മലയാളം ഫസ്റ്റ് , സെക്കന്‍ഡ് പേപ്പറുകള്‍ക്ക് ആറു പീരിയഡുകള്‍. (നാലും രണ്ടും വീതം) ഇംഗ്ലീഷ്-അഞ്ച്. ഹിന്ദി-മൂന്ന്, കണക്ക് അഞ്ച്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി-രണ്ട് വീതം, സോഷ്യല്‍ സയന്‍സ് നാല്, വര്‍ക്ക് എക്‌സ്പിരിമെന്റ് രണ്ട്, ആര്‍ട്ട് രണ്ട്, ഹെല്‍ത്ത് ആന്‍ഡ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ രണ്ട്, ഐടി നാല്, സര്‍ഗവേള ഒന്ന്. പത്താം ക്ലാസില്‍ സര്‍ഗവേളയില്ലാത്തതിനാല്‍ കണക്കിനു ഒരു പീരിയഡും കൂടി നല്‍കി ആറാക്കും.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരായിരിക്കും ഇതു സംബന്ധിച്ചു അന്തിമ തീരുമാനം കൊള്ളുക. 25 വര്‍ഷത്തിനുശേഷമാണ് പത്താം ക്ലാസ് വരെയുള്ള ക്ലാസുകള്‍ സമയക്രമം പരിഷ്‌കരിക്കുന്നത്. കായിക, കലാപഠനം അടക്കം കൂടുതല്‍ വിഷയങ്ങള്‍ പുതിയ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പീരിയഡുകള്‍ കൂട്ടാനുള്ള നിര്‍ദേശം എസ്‌സിഇആര്‍ടി സമര്‍പ്പിച്ചത്.

പുതുക്കിയ സമയമാറ്റം അധ്യാപക പരിശീലന ക്ലാസുകളില്‍ അവതരിപ്പിച്ചു കഴിഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം യോഗം എസ്‌സി ഇആര്‍ടി ശിപാര്‍ശ അംഗീകരിച്ചിട്ടുണ്ട്. സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പിലും (എസ്ആര്‍ജി) ജില്ലാ റിസോഴ്‌സ് ഗ്രൂപ്പിലും അവതരിപ്പിച്ചു അധ്യാപകരുടെ പിന്തുണ ഏറെക്കുറെ നേടി കഴിഞ്ഞെങ്കിലും അധ്യാപകസംഘടനകളുടെയും വിദ്യാര്‍ഥി സംഘടനകളുടെയും അഭിപ്രായം അറിഞ്ഞശേഷം മാത്രമേ നടപ്പാക്കുകയുള്ളൂ.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.