Latest News

പരിയാരം: കണക്കെടുപ്പ് പൂര്‍ത്തിയായി, ആകെ ആസ്തി 1230.82 കോടി

കണ്ണൂര്‍: [www.malabarflash.com] പരിയാരം മെഡിക്കല്‍ കോളജ് സൊസൈറ്റി, പരിയാരം അക്കാഡമി ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവയുടെ ആസ്തി-ബാധ്യതകള്‍ സംബന്ധിച്ച സംയുക്ത റിപ്പോര്‍ട്ട് ഇന്നു ജില്ലാ കളക്ടര്‍ക്കു കൈമാറും. സഹകരണ രജിസ്ട്രാര്‍ സുരേന്ദ്രന്‍ ഇന്നു രാവിലെ കളക്ടറുടെ ചേംബറിലെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സൊസൈറ്റിയുടെ സഹകരണ ഓഡിറ്റര്‍മാര്‍ തയാറാക്കിയ റിപ്പോര്‍ട്ടും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തയാറാക്കിയ അക്കാദമി അടക്കമുള്ള സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടും ക്രോഡീകരിച്ച സംയുക്ത ആസ്തി-ബാധ്യതാ റിപ്പോര്‍ട്ടാണ് ഇന്നു കളക്ടര്‍ക്കു സമര്‍പ്പിക്കുന്നത്.

1993 മുതല്‍ 2015 മാര്‍ച്ചുവരെ രണ്ടു സ്ഥാപനങ്ങളും വരുത്തിവച്ച മൊത്തം ബാധ്യത 804,72,73,499 രൂപയാണെന്ന് അന്തിമ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 784,42,56,558 രൂപ പരിയാരം സഹകരണ സൊസൈറ്റിയുടെയും 20,30,16,941 രൂപ അക്കാഡമിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ബാധ്യതയാണ്. പരിയാരത്തെ ആകെ ആസ്തി 1230.82 കോടിയാണ്. ബാധ്യത കഴിച്ചു പരിയാരം മെഡിക്കല്‍ കോളജ് സൊസൈറ്റിയുടെ കൈവശമുള്ള ആസ്തിയുടെ മൂല്യം 425 കോടി രൂപ മാത്രം.

മെഷീനറി, ഫര്‍ണിച്ചര്‍ തുടങ്ങി ഇളകുന്ന ആസ്തി വകയില്‍ 88,16,24,314 രൂപയും ഭൂമി, കെട്ടിടം ഉള്‍പ്പെടെ ഇളകാത്ത ആസ്തിയിനത്തില്‍ 115,36,97,222 രൂപയുമാണ് ഇതുവരെ ഉണ്ടായിരുന്നത്. എന്നാല്‍ ആസ്തിയിനത്തില്‍ മൊത്തം 203,53,21,536 രൂപ ഉണ്ടായിരുന്നത് ഇപ്പോള്‍ തേയ്മാനം കഴിച്ചുള്ള ആസ്തിവില 95,89,18,990 രൂപയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. സൊസൈറ്റിയുടെയും അക്കാഡമിയുടെയും കൈവശവും ബാങ്കിലുമായി യഥാക്രമം 20.38 കോടിയും 3.45 കോടി രൂപയുമുണ്ട്. വിവിധ ഇനങ്ങളിലായി സ്ഥാപനത്തിനു ലഭിക്കാന്‍ 64.25 കോടി രൂപയും 3.49 കോടിയുടെ മരുന്നും സ്ഥാപനത്തിലുണ്ട്.

ആദായനികുതിയിനത്തില്‍ അക്കാഡമി 16,18,51,560 രൂപ അടയ്ക്കാനുണ്ട്. പിഎഫ്, ഇഎസ്‌ഐ, ലേബര്‍ വെല്‍ഫയര്‍ ഫണ്ട് എന്നീ ഇനത്തിലുള്ള കുടിശിക 50 ലക്ഷമാണ്. സൊസൈറ്റി സ്ഥിരനിക്ഷേപമായി സ്വീകരിച്ച 7,45,37,516 രൂപയ്ക്കു പലിശയിനത്തില്‍ 2,93,83,480 രൂപയടക്കം 10 കോടിയധികം രൂപ തിരിച്ചു നല്കാനുണ്ട്. സ്ഥാപനത്തിന്റെ ആകെ കടം 162,23,18,473 രൂപയാണ്. എന്നാല്‍ ഇതിനു നല്കാനുള്ള പലിശ 624,20,99,200 രൂപയാണ്. ജീവനക്കാരുടെ സെക്യൂരിറ്റി തുകയ്ക്കുള്ള പലിശയായി 6,61,655 രൂപയടക്കം പലിശയിനത്തില്‍ മാത്രം സ്ഥാപനം നല്കാനുള്ളത് 627,21,44,335 രൂപയാണ്.

ഗ്രാറ്റ്വിവിറ്റിയായി 589 പേരുടെ തുക കരുതി വച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ ഇനത്തിലുള്ള ബാധ്യത എട്ടു കോടി രൂപ വരും. കൂടാതെ അക്കാഡമി സൊസൈറ്റിക്കു നല്കാനുള്ള 101.50 കോടി രൂപ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

സഹകരണ സ്ഥാപനത്തിന്റെ കണക്കില്‍ വ്യാപക പിഴവുകള്‍ ഉള്ളതായും റിപ്പോര്‍ട്ടിലുണ്ട്. അക്കാദമിയില്‍നിന്നു കിട്ടാനുള്ളതായി സൊസൈറ്റിയുടെ അക്കൗണ്ടില്‍ കാണിച്ചിരിക്കുന്നത് 69 കോടി രൂപയാണ്. എന്നാല്‍ സൊസൈറ്റിക്കു കൊടുക്കാനുള്ളതായി അക്കാഡമിയുടെ അക്കൗണ്ടില്‍ കാണിച്ചിട്ടുള്ളതു 42 കോടി രൂപ മാത്രമാണ്. യഥാര്‍ഥ തുക കാണിച്ചാല്‍ അക്കാഡമിയുടെ നഷ്ടം വീണ്ടും വര്‍ധിക്കും.

ഇരുപത്തിമൂന്നു തസ്തികകളിലായി 202 പേരെ അധികം നിയമിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. സഹകരണ ചട്ടപ്രകാരം സഹകരണ രജിസ്ട്രാര്‍ അനുമതി നല്കിയാല്‍ മാത്രമേ പുതിയ തസ്തികയില്‍ നിയമനം നടത്താന്‍ പാടുള്ളൂ. നിയമിച്ചതില്‍ 84 പേര്‍ സ്റ്റാഫ് നഴ്‌സും 25 പേര്‍ നഴ്‌സിംഗ് അസിസ്റ്റന്റും 18 പേര്‍ ട്രോളിംഗ് വര്‍ക്കറുമാണ്. ഇതില്‍ ചിലര്‍ തസ്തികയ്ക്ക് ആവശ്യമായ യോഗ്യത ഇല്ലാത്തവരാണത്രെ. 25 പേര്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കു ഹാജരാക്കിയില്ലെന്നും പറയുന്നു. ആവശ്യമായ കുറിപ്പോടെ റിപ്പോര്‍ട്ട് അടുത്ത ദിവസം തന്നെ ജില്ലാ കളക്ടര്‍ സര്‍ക്കാരിനു സമര്‍പ്പിക്കും.
Advertisement

Keywords: Kannur News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.