Latest News

ജയലളിത മുഖ്യമന്ത്രിയാകാന്‍ വൈകുന്നതില്‍ മനം നൊന്ത് ആത്മഹത്യ

ചെന്നൈ: [www.malabarflash.com] അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റവിമുക്തയായ ജയലളിത വീണ്ടും മുഖ്യമന്ത്രിയാകാന്‍ വൈകുന്നതില്‍ മനംനൊന്ത് എ.ഐ.എ.ഡി.എം.കെ. പ്രാദേശിക നേതാവ് തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കി. പുളിയന്തോപ്പ് പട്ടാളം അരകടാഡിമ്മല്‍റസ് റോഡില്‍ താമസിക്കുന്ന രാജ (44)ആണ് മരിച്ചത്.

എ.ഐ.എ.ഡി.എം.കെ. 77-ാം മണ്ഡലം പ്രതിനിധിയായ രാജ പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകരിലൊരാണ്. ജയലളിത എപ്പോള്‍ മുഖ്യമന്ത്രിയാകുമെന്ന് തുടരെ പാര്‍ട്ടിനേതാക്കളെ ബന്ധപ്പെട്ട് ചോദിക്കുകയുണ്ടായി. ആരില്‍നിന്നും വ്യക്തമായ മറുപടി ലഭിക്കാത്തതിനാല്‍ ഇയാള്‍ നിരാശനായിരുന്നു. വീട്ടിലെത്തിയാലും ഭാര്യയോടും കുട്ടികളോടും ജയലളിതയുടെ മുഖ്യമന്ത്രിസ്ഥാന പദവിയെച്ചൊല്ലി രാജ പരിതപിക്കുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഞായറാഴ്ചരാത്രി വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ചിരുന്നില്ല. രാത്രി 12 മണിയോടെ വീട്ടില്‍നിന്നിറങ്ങിയ രാജ പെരമ്പൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് റെയില്‍വേ പോലീസ് പറഞ്ഞു.

പെരമ്പൂര്‍ റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ ശേഖറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി മൃതദേഹം കില്‍പ്പോക്ക് മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

കുംഭകോണത്ത് തിലയമ്പൂരിലുള്ള എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകന്‍ രവിചന്ദ്രന്‍ ശനിയാഴ്ച അര്‍ധരാത്രിയോടെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യാശ്രമം നടത്തിയിരുന്നു. കുംഭകോണം മുന്‍ പഞ്ചായത്ത് ചെയര്‍മാനായിരുന്ന രവിചന്ദ്രന്‍ എ.ഐ.എ.ഡി.എം.കെ. പഞ്ചായത്ത് ഘടകം സെക്രട്ടറി കൂടിയാണ്. രവിചന്ദ്രന്‍ തഞ്ചാവൂര്‍ ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലാണ്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയ്ക്ക് ബാംഗ്ലൂര്‍ പ്രത്യേക കോടതി കഴിഞ്ഞ ഒക്ടോബറില്‍ ശിക്ഷ വിധിച്ചപ്പോള്‍ സംസ്ഥാന വ്യാപകമായി 244 പേര്‍ ജീവനൊടുക്കിയിരുന്നു. ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് സഹായധനമായി 7.32 കോടി രൂപ നഷ്ടപരിഹാരമായി എ.ഐ.എ.ഡി.എം.കെ. നല്‍കിയിരുന്നു.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.