Latest News

സുമനസുകളുടെ സഹായം തേടി അറഫാത്ത്‌

പെരിയ: [www.malabarflash.com] നാലു വയസുകാരനായ അറഫാത്തിന് സംസാര ശേഷിയും, കാഴ്ച ശക്തിയുമില്ല. എന്തിനേറെ ഒന്ന് നിവര്‍ന്ന് നില്‍ക്കാനോ, പിച്ച വെക്കാനോ കൊഞ്ചാനോ കഴിയാതെ വെറും കരച്ചില്‍ മാത്രമായി കഴിയുന്നു ഇവന്‍. കരുണയുള്ളവരുടെ സഹായ ഹസ്തം ഈ കുരുന്നിന് നേരെ നീളുകയാണെങ്കില്‍ അതൊരു പുണ്യമായി മാറുന്നതോടൊപ്പം ദുരിത ജീവിതത്തിന് അല്‍പ്പമെങ്കിലും ആശ്വാസം പകരാനും സാധിക്കും.

പെരിയ കൈക്കോട്ട്കുണ്ടില്‍ ഇ.കെ ഹൗസില്‍ താമസിക്കുന്ന സുബൈര്‍ സീനത്ത് ദമ്പതികളുടെ രണ്ടാമത്തെ മകനാണ് അറഫാത്ത്. സഹോദരന്‍ ആരിഫും നിത്യ രോഗിയാണെന്ന് തന്നെ പറയാം. ഓരോ മാസം പിന്നിടുമ്പോഴും വിറയലും, കടുത്ത പനിയും നാലഞ്ചു ദിവസം തുടരുന്ന ആരിഫ് സ്‌കൂളില്‍ പോകുന്നുണ്ടെങ്കിലും അവനും വേണം മരുന്നുകളുടെ പിന്‍ബലം. എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയായ പെരിയയില്‍ താമസിച്ചിരുന്ന ഇവര്‍ ദുരിത ബാധിതരെ കണ്ടെത്താനുള്ള മെഡിക്കല്‍ ക്യാംപില്‍ പോയെങ്കിലും ഇവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം അറഫാത്തിന് 700 രൂപ വിഗലാംഗ പെന്‍ഷന്‍ അനുവദിച്ചിരുന്നു. മൂന്നു മാസത്തെ തുക മാത്രമാണ് ഇതുവരെയായി ഇവര്‍ക്ക് ലഭിച്ചത്.

പ്രതിമാസം മൂവായിരം രൂപയോളം വരുന്ന അലോപ്പതി മരുന്നുകള്‍ വാങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാത്ത സുബൈറിന്റെ നിര്‍ധനാവസ്ഥ കണ്ട് കരുണ തോന്നിയ ഒരു ആയുര്‍വേദ ഡോക്ടര്‍ സൗജന്യമായി നല്‍കുന്ന മരുന്നുകളാണ് അറഫാത്തിന് ഇപ്പോള്‍ നല്‍കി വരുന്നത്.

കൈക്കോട്ട്ക്കുണ്ടിലെ പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന ഇവര്‍ക്ക് സ്ഥലത്തിന്റെ പട്ടയം ഇതുവരെ അനുവദിച്ച് കിട്ടിയിട്ടില്ല. ഇതിന് വേണ്ടി നിരന്തരം ബന്ധപ്പെട്ട ഓഫിസുകളില്‍ കയറി ഇറങ്ങുന്ന സുബൈറിനെ മക്കളുടെ ദുരിതാവസ്ഥയും തളര്‍ത്തുന്നു.

മൈസൂരിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്ട്യൂറ്റ് ഓഫ് സ്പീചിംഗ് ആന്‍ഡ് ഹിയറിംഗ് കേന്ദ്രത്തില്‍ ചികിത്സ നടത്തിയാല്‍ അറഫാത്തിന് അല്‍പ്പമെങ്കിലും ആശ്വാസം ലഭിക്കും. ഇതിനു മൂന്നു ലക്ഷം രൂപയോളം ആവശ്യമാണ്. ഇത്രയും തുക കണ്ടെത്താന്‍ യാതൊരു ഗതിയുമില്ലാത്ത സുബൈറും, സീനത്തും ഹൃദയവേദന കടിച്ചമര്‍ത്തി ജീവിക്കുന്നു. തങ്ങളുടെ ദുരിതം കേട്ടറിഞ്ഞ് കരുണയുള്ള ആരെങ്കിലും സാഹായ ഹസ്തം നീട്ടുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. സഹായ ഹസ്തം നീട്ടാന്‍ സന്മനസുള്ളവര്‍ക്ക് 9249328418, 04672200744, എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Advertisement

Keywords: Kannur News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.