Latest News

സര്‍ട്ടിഫിക്കറ്റിന് ഏഴുവര്‍ഷത്തെ കാത്തിരിപ്പ്; കിട്ടിയപ്പോള്‍ പിശകും

കാസര്‍കോട്‌: [www.malabarflash.com] കാസര്‍കോട്‌ ഐടിഐയില്‍നിന്നു 2008 ഒക്‌ടോബറില്‍ 89-ാം അഖിലേന്ത്യാ അപ്രന്റിസ് പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റിനായുള്ള കാത്തിരിപ്പ് നീളുന്നു. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്കും നല്‍കിയ പരാതിയെത്തുടര്‍ന്ന് ഏതാനും മാസം മുമ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചെങ്കിലും മാര്‍ക്ക് വ്യത്യാസമുള്ളതിനാല്‍ തിരിച്ചു നല്‍കിയിരിക്കുകയാണ്. 41 വിദ്യാര്‍ഥികള്‍ക്കാണു സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററിന്റെ അനാസ്ഥമൂലം സര്‍ട്ടിഫിക്കറ്റ് കിട്ടാത്തത്.

ഏഴുവര്‍ഷമായിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ വെസ്റ്റ് എളേരി പഞ്ചായത്തിലെ വരക്കാട് പാറപ്പള്ളിയിലെ റോബിന്‍ പി. മാത്യു വ്യവസായ പരിശീലന വകുപ്പിനു വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയപ്പോള്‍ 2004 മുതല്‍ 2008 വരെയുള്ള അഖിലേന്ത്യാ അപ്രന്റിസ് പരീക്ഷ ജയിച്ച മുഴുവന്‍ ട്രെയിനികള്‍ക്കും സര്‍ട്ടിഫിക്കറ്റ് തയാറാക്കുന്നതിനു നല്‍കിയ ബ്ലാങ്ക് സര്‍ട്ടിഫിക്കറ്റുകള്‍ കാസര്‍കോട്‌ ഐടിഐയിലെ മെക്കാനിക് ഡീസല്‍ ട്രേഡിലെ അറ്റന്‍ഡറായ ഒരു ജീവനക്കാരന്റെ കൈയില്‍നിന്നു നഷ്ടപ്പെട്ടതായി വിവരം ലഭിക്കുകയായിരുന്നു. 2009 ജൂണ്‍ രണ്ടിനു കണ്ണൂരില്‍നിന്നു കാസര്‍കോട്ടേക്കുള്ള യാത്രാമധ്യേ റോബിന്റേതുള്‍പ്പെടെ 41 സര്‍ട്ടിഫിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.

ഇതേത്തുടര്‍ന്നു ജോയിന്റ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍, ഡെപ്യുട്ടി സ്റ്റേറ്റ് അപ്രന്റിസ് അഡൈ്വസര്‍, ഡയറക്ടര്‍, എസ്‌സിവിടി സെക്രട്ടറി എന്നിവര്‍ക്കു പരാതി നല്‍കിയിരുന്നു. തുടര്‍ന്നും കാലതാമസം നേരിട്ടതിനെ തുടര്‍ന്നു മുഖ്യമന്ത്രിയുടെ സുതാര്യകേരളത്തിലും കരുതല്‍ 2015ലും അപേക്ഷ നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ 2015 മാര്‍ച്ച് 20നു സെക്രട്ടറി സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗ് മേലുദ്യോഗസ്ഥന്റെ ഒപ്പോടുകൂടിയ സര്‍ട്ടിഫിക്കറ്റ് ലഭിച്ചെങ്കിലും നേരത്തെ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റില്‍നിന്നു വ്യത്യസ്ത മാര്‍ക്കാണ് രേഖപ്പെടുത്തിയിരുന്നത്.

പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റില്‍ 520ല്‍ 336 എന്ന മാര്‍ക്കാണ് രേഖപ്പെടുത്തിയതെങ്കില്‍ സര്‍ട്ടിഫിക്കറ്റില്‍ 620ല്‍ 336 മാര്‍ക്കാണു രേഖപ്പെടുത്തിയത്. ഇതുപ്രകാരം 14 ശതമാനം മാര്‍ക്കിന്റെ വ്യത്യാസമുണ്ട്. ഈ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ടു വീണ്ടും പരാതി നല്‍കി. ഇതിലും കാലതാമസം നേരിട്ടതിനെത്തുടര്‍ന്നു കഴിഞ്ഞ ദിവസം ജനസമ്പര്‍ക്ക പരിപാടിയില്‍ വീണ്ടും അപേക്ഷ നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച സര്‍ട്ടിഫിക്കറ്റ് തിരിച്ചേല്‍പ്പിച്ചു കാത്തിരിക്കുകയാണ് ഉദ്യോഗാര്‍ഥികള്‍. ഇക്കാര്യത്തില്‍ ഇനിയും കാലതാമസം നേരിട്ടാല്‍ നിയമനടപടി സ്വീകരിക്കുമെന്നു റോബിന്‍ പറഞ്ഞു.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.