Latest News

കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ കണ്ട കുട്ടിയെ തിരിച്ചറിഞ്ഞു..!, കുട്ടിക്കാലത്തെ ചിത്രം ദുരുപയോഗം ചെയ്തതിനെതിരെ ഭാവന

തന്റെ കുട്ടിക്കാലത്തെചിത്രം ഫേസ്ബുക്കില്‍ ദുരുപയോഗം ചെയ്തതിനെതിരെ നടി ഭാവന രംഗത്ത്. ഭാവനയുടെ കുട്ടിക്കാലത്തെ ചിത്രം ഉപയോഗിച്ച് കുട്ടിയെ കാണാതായെന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതാണ് നടിയെ പ്രകോപിപ്പിച്ചത്.[www.malabarflash.com]

ഈ കുട്ടിയെ അറിയുമോ എന്ന തലക്കെട്ടിനു കീഴില്‍ ഭാവനയുടെ കുട്ടിക്കാലത്തെ ചിത്രം അടക്കം ഫേസ്ബുക്കില്‍പ്രചരിപ്പിക്കുകയായിരുന്നു. നിങ്ങളുടെ ഒരു ഷെയര്‍ ഒരു അമ്മയ്ക്ക് സ്വന്തം മകളെ തിരിച്ചുകിട്ടുന്നതിന് സഹായിച്ചേക്കുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. തന്നെ വ്യക്തിഹത്യചെയ്യുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഇട്ടാല്‍ ഇവര്‍ക്ക് എന്ത് സംതൃപ്തിയാണ് ലഭിക്കുകയെന്ന് ഭാവന ചോദിക്കുന്നു.

ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാവനയുടെ പ്രതികരണം. ‘വാട്ട്‌സ്അപ്പും ഫെയ്‌സ് ബുക്കുമെല്ലാം നല്ല രീതിയില്‍ മോശം രീതിയിലും ഉപയോഗിക്കാം. നല്ലതിനെക്കാള്‍ കൂടുതലായി എന്തെല്ലാം മോശം കാര്യങ്ങളാണ് വരുന്നത്. മരിക്കാത്തവര്‍ മരിക്കുന്നു. ഒരു തവണയല്ല പലതവണ. ഇതിനുവേണ്ടി മെനക്കെടുന്ന സമയം എത്രയോ നല്ല കാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്താം. പതിനഞ്ചിനും ഇരുപത്തിയഞ്ചിനും മദ്ധ്യേപ്രായമുള്ള ഒരു ജനറേഷനായിരിക്കും ഇതില്‍ അഡിക്ടായിരിക്കുന്നതെന്നു തോന്നുന്നു. ശരിക്കുപറഞ്ഞാല്‍ ഈ പ്രായത്തിലുള്ളവര്‍ മുന്നോട്ടുള്ള ലൈഫിനെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണിത്. എന്ത് പഠിക്കണം എവിടെ ചേരണം ഏത് ജോലി തെരഞ്ഞെടുക്കണം തുടങ്ങി ഭാവിയിലേക്കായിരിക്കണം അവരുടെ കണ്ണ്. പഠിക്കേണ്ട പ്രായത്തില്‍ പഠിക്കുക അതാണവരുടെ കര്‍മ്മം.

വ്യക്തികളെ മോശമായി ചിത്രീകരിച്ച് കമന്റ് എഴുതിയതുകൊണ്ട് എന്ത് സുഖമാണ് കിട്ടുന്നത്. കുറച്ച് കഴിയുമ്പോള്‍ വാട്ട്‌സ് അപ്പ് ഫെയ്‌സ്ബുക്കൊന്നും ആരുടെയും രക്ഷക്കെത്തില്ല. എന്റെ കുട്ടിക്കാലത്തെ ഒരു ഫോട്ടോ കൊടുത്തിട്ട് ഇതില്‍ കാണുന്ന കുട്ടിയെ കാണ്‍മാനില്ല, ഒരമ്മയുടെ വേദന നിങ്ങള്‍ മനസ്സിലാക്കണം. ഒരുപക്ഷേ അതൊരു കോമഡിക്കുവേണ്ടി ചെയ്തതാകാം, കുഴപ്പമില്ല. ഇവന്മാര്‍ക്ക് വേറെ പണിയൊന്നുമില്ലേ എന്നാണ് ഞാന്‍ ആലോചിക്കുന്നത്. 

ഇത്തരം കാര്യങ്ങള്‍ക്ക് ചെലവഴിക്കുന്ന സമയം സമൂഹത്തിന് ഉപകാരപ്രദമാക്കുന്ന രീതിയില്‍ എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ഇവരെയൊക്കെ ഒന്നു നേരില്‍ കണ്ടാല്‍ കൊള്ളാമെന്നുണ്ട്. ഇപ്പോള്‍ ഒന്നുമറിയില്ല മുപ്പത് വയസ്സ് കഴിയുമ്പോള്‍ മനസ്സിലാകും ജീവിതം കുട്ടിക്കളിയല്ലെന്ന്. ഒരു തൊഴിലോ കയ്യില്‍ പൈസയോ ഇല്ലാത്ത ജീവിതത്തില്‍ ബിഗ് സീറോ ആണെന്നു അറിയുന്ന ഒരു നിമിഷം വരും. അന്നേരം പുറകോട്ട് നോക്കിയിട്ട് കാര്യമില്ല” എന്നിങ്ങനെ പോകുന്നു ഭാവനയുടെ രോക്ഷ പ്രകടനം.

Keywords: Entertainment News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.