Latest News

എച്ച്.ഐ.വി. ബാധിതയുടെ മുലപ്പാല്‍ കുടിച്ച നവജാതശിശു നിരീക്ഷണത്തില്‍

അമ്പലപ്പുഴ: എച്ച്.ഐ.വി. പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച യുവതിയുടെ മുലപ്പാല്‍ കുടിച്ച നവജാതശിശു നിരീക്ഷണത്തില്‍. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ സ്ത്രീകളുടെ വാര്‍ഡിലാണ് സംഭവം.

കുഞ്ഞിന്റെ അമ്മയ്ക്ക് മുലപ്പാലില്ലാത്തതിനാല്‍ ആസ്പത്രിയില്‍ പ്രസവശസ്ത്രക്രിയയ്ക്കുശേഷം കഴിഞ്ഞ മറ്റൊരു യുവതിയുടെ പാല്‍ കുട്ടിക്ക് കൊടുത്തു. ഇവര്‍ എച്ച്.ഐ.വി. ബാധിതയാണെന്ന് അറിയാതെയാണ് കുഞ്ഞിന്റെ ഒരു ബന്ധുതന്നെ പാല്‍ കുഞ്ഞിന് നല്‍കാന്‍ മുന്‍കൈയെടുത്തത്. ആസ്പത്രി അധികൃതര്‍ വിവരം അറിഞ്ഞയുടന്‍ കുഞ്ഞിന് മരുന്ന് നല്‍കിത്തുടങ്ങി. കുഞ്ഞിന് കുഴപ്പമൊന്നും ഇല്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.

ശനിയാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. അമ്മയ്ക്ക് മുലപ്പാലില്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ പാല്‍പ്പൊടി കലക്കി നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കുഞ്ഞിന്റെ ബന്ധുവായ സ്ത്രീ, പ്രസവം കഴിഞ്ഞുകിടക്കുന്ന മറ്റു സ്ത്രീകളെ സമീപിച്ച് കുഞ്ഞിന് പാല്‍ കൊടുത്തു. ഇങ്ങനെയാണ് തമിഴ്‌നാട് സ്വദേശിനിയായ യുവതിയെയും സമീപിച്ചത്. പാല്‍ നല്‍കാന്‍ ആദ്യം ഇവര്‍ വിസമ്മതിച്ചെങ്കിലും കുഞ്ഞിന്റെ ബന്ധുവിന്റെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നെന്നാണ് വിവരം.
ഇവരുടെ പാല്‍ കൊടുക്കാന്‍ തുടങ്ങിയപാടെ സമീപത്തുണ്ടായിരുന്ന മറ്റ് സ്ത്രീകള്‍ തടഞ്ഞു. 

സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ നാലംഗ സമിതിയെ ചുമതലപ്പെടുത്തിയതായി ആസ്പത്രി സൂപ്രണ്ട് ഡോ. സന്തോഷ് കെ. രാഘവന്‍ പറഞ്ഞു. പാല്‍ കുഞ്ഞിന്റെയുള്ളില്‍ ചെന്നിട്ടുണ്ടോയെന്നും സമിതി അന്വേഷിക്കും.

Keywords: Kerala News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.