Latest News

ഡോ. ബഹാഉദ്ദീന്‍ നദ്‌വിക്ക് ശിബ്‌ലി നുഅ്മാനി അവാര്‍ഡ്

കോഴിക്കോട്: [www.malabarflash.com] ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല വൈസ്ചാന്‍സലറും അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സഭാംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് അല്ലാമാ ശിബ്‌ലി നുഅ്മാനി അവാര്‍ഡ്.

മത-ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ നടപ്പാക്കുന്നതിലും ഗവേഷണ രംഗത്തും സമര്‍പ്പിച്ച സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ബോംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലാണ് പുരസ്‌കാരം നല്‍കുന്നത്.
സ്ഥാപകകാലം മുതല്‍ ദാറുല്‍ ഹുദാ സര്‍വകലാശാലക്ക് നേതൃത്വം നല്‍കുകവഴി കേരളത്തിലെ മതവിദ്യാഭ്യാസ മേഖലയെ ക്രിയാത്മകമായി സ്വാധീനിക്കാനും ദിശാബോധം പകരാനും ഡോ. നദ്‌വിക്ക് സാധിച്ചുവെന്ന് അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി. 

കേരളേതര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയും വിവിധ സംസ്ഥാനങ്ങളില്‍ ഓഫ് കാമ്പസുകള്‍ സ്ഥാപിച്ചും ദാറുല്‍ ഹുദാ സര്‍വകലാശാല നടത്തുന്ന വൈജ്ഞാനിക നവജാഗരണം ആശാവഹമാണെന്നും സമിതി നിരീക്ഷിക്കുകയുണ്ടായി. ഡോ. എന്‍.എ..എം അബ്ദുല്‍ ഖാദിര്‍ ചെയര്‍മാനും ഡോ.യൂസുഫ് മുഹമ്മദ് നദ്‌വി, സിദ്ദീഖ് നദ്‌വി ചേറൂര്‍, എന്‍.വി കൂഞ്ഞാമു, ആറ്റക്കോയ പള്ളിക്കണ്ടി എന്നിവര്‍ അംഗങ്ങളുമടങ്ങിയതാണ് പുരസ്‌കാര നിര്‍ണയ സമിതി.
പട്ടിക്കാട് ജാമിഅ നൂരിയ്യ, ലക്‌നൗ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമ, അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം നടത്തിയ നദ്‌വി കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നാണ് പി.എച്ച്.ഡിയും പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും നേടിയത്. അമേരിക്ക, ബ്രിട്ടന്‍, ഇന്തോനേഷ്യ, കൊറിയ, അഫ്ഗാന്‍, ഇറാന്‍, സെനഗല്‍, വത്തിക്കാന്‍ ഉള്‍പ്പെടെ നാല്‍പതിലധികം രാഷ്ട്രങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 

അറബി, മലയാളം ഭാഷകളിലായി അമ്പതോളം ഗ്രന്ഥങ്ങളുടെ രചയിതാവായ ഡോ. നദ്‌വിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം ഈ വര്‍ഷാദ്യമാണ് പുറത്തിറങ്ങിയത്.
ഉത്തര്‍പ്രദേശിലെ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയുടെ സ്ഥാപകരിലൊരാളായ അല്ലാമ ശിബ്‌ലി നുഅ്മാനി ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനും ഇന്ത്യയിലെ സമന്വയ വിദ്യാഭ്യാസത്തിന്റെ പ്രമുഖ ശില്‍പിയുമാണ്.
ജൂണ്‍ പതിനഞ്ചിന് തിങ്കളാഴ്ച കോഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങില്‍ കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ പുരസ്‌കാരം സമര്‍പ്പിക്കും. ഡോ. കെ.കെ.എന്‍ കുറുപ്പ്, പ്രൊഫ. പി മുഹമ്മദ് കുട്ടശ്ശേരി, ശൈഖ് മുഹമ്മദ് കാരകുന്ന്, ഡോ. സിദ്ദേശ്വര്‍ ടി ഗഡാദെ, പ്രൊഫ ഗോവിന്ദ്ജി പട്കര്‍, എ സജീവന്‍, കെ.എഫ് ജോര്‍ജ്, സിദ്ധീഖ് നദ്‌വി ചേറൂര്‍, യഹ്‌യ തളങ്കര, എന്‍.വി കൂഞ്ഞാമു, ആറ്റക്കോയ പള്ളിക്കണ്ടി തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും.

Keywords: Kerala, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.