Latest News

സവര്‍ണക്ക് പിടിച്ചില്ല; ഐഐടി പ്രവേശന പരീക്ഷ പാസായ വിദ്യാര്‍ഥികളുടെ വീടിന് നേരെ കല്ലേറ്

ലക്‌നൗ: [www.malabarflash.com] ദാരിദ്ര്യം കൊണ്ട് വീര്‍പ്പുമുട്ടുമ്പോഴും പഠനത്തില്‍ മിടുമിടുക്കന്മാരായ ഉത്തര്‍ പ്രദേശിലെ സഹോദരന്മാരുടെ വീടിന് നേരെ അജ്ഞാതരുടെ കല്ലേറ്. ദളിതരായ വിദ്യാര്‍ഥികള്‍ ഉന്നത വിജയംനേടിയതിലുള്ള അസൂയമൂലമാണ് ചിലര്‍ കല്ലേറ് നടത്തിയത്.

നവോദയ വിദ്യാലയത്തില്‍ പഠിച്ച ബ്രിജേഷും രാജുവും ഐഐടി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിവരം വാര്‍ത്തയായിരുന്നു. അഡ്മിഷന്‍ ഫീസ് പോലും നല്‍കാന്‍ കഴിയാതിരുന്ന ഇവര്‍ക്ക് രാഹുല്‍ ഗാന്ധിയും സ്മൃതി ഇറാനിയും അടക്കമുള്ളവര്‍ സഹായ വാഗ്ദാനം നല്‍കിയിരുന്നു.

ഇവര്‍ക്ക് യു.പി.മുഖ്യമന്ത്രി അഖിലേഷ് യാദവ് ഒരു ലക്ഷം രൂപയുടെ ചെക്കും ലാപ്‌ടോപ്പും പ്രഖ്യാപിക്കുകയും ചെയ്തു. ഇത് ഏറ്റുവാങ്ങാനുള്ള ചടങ്ങിന് ഇവര്‍ വീട്ടില്‍ നിന്നിറങ്ങിയ ഉടനായിരുന്നു ആക്രമണം.

410ഉം 167ഉം റാങ്ക് നേടിയെങ്കിലും അഡ്മിഷന്‍ ഫീസ് പോലും നല്‍കാന്‍ കഴിയാതിരുന്ന ബ്രിജേഷും രാജുവും ദേശീയ തലത്തില്‍ വാര്‍ത്തയായി. തൊട്ടുപിന്നാലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേന്ദ്ര മാനവ വിഭവശേഷി വികന വകുപ്പ് മന്ത്രി സ്മൃതി ഇറാനി യുമൊക്കെ പിന്തുണയുമായെത്തി. സ്മൃതി ഇടപെട്ട് അവര്‍ക്ക് പ്രവേശന ഫീസ് ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു. ഈ അംഗീകാരങ്ങളാണ് നാട്ടിലെ ചിലരെ ചൊടിപ്പിച്ചതെന്നാണ് കരുതുന്നത്.

ഷീറ്റുകൊണ്ട് മേഞ്ഞ മണ്‍വീട് ഒരു കനത്ത കാറ്റിലോ മഴയിലോ ഇടിഞ്ഞുവീഴാം എന്ന നിലയിലാണ്. എന്നിട്ടും ഇരുവരെയും പഠിപ്പിക്കുന്നതില്‍ കൂലിപ്പണിക്കാരനായ പിതാവ് ധര്‍മരാജ് പിന്‍വാങ്ങിയിരുന്നില്ല.

വന്‍ വിജയം നേടിയ ഇരുവര്‍ക്കും സ്‌കൂള്‍കോളേജ് വിദ്യാഭ്യാസ കാലത്ത് സ്‌കോളര്‍ഷിപ്പും നേടിയിരുന്നു. ദളിത് വിഭാഗത്തില്‍പ്പെട്ട ഇവര്‍ക്കു നേരെ നേരത്തേയും ആക്രമണങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ദേശീയ തലത്തില്‍ ശ്രദ്ധ നേടിയതോടെ ഇവരോട് നാട്ടിലെ ചിലര്‍ക്കുള്ള വിദ്വേഷം വര്‍ദ്ധിച്ചു. ഇവരുടെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Keywords: National News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.