Latest News

മുംബൈ വിഷമദ്യ ദുരന്തം: മരണസംഖ്യ 105 ആയി

മുംബൈ: [www.malabarflash.com] കനത്ത മഴക്കിടയില്‍ നഗരത്തെ നടുക്കിയ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 105 ആയി ഉയര്‍ന്നു. 25 പേരുടെ നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഇനിയും കൂടിയേക്കും.

സംഭവം നടന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെ നാല് എക്സൈസ് ഉദ്യോഗസ്ഥരെക്കൂടി സസ്പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കും. നേരത്തേ സീനിയര്‍ ഇന്‍സ്പെക്ടര്‍ അടക്കം എട്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. 

വ്യാഴാഴ്ച വൈകീട്ടോടെയാണ് പശ്ചിമ മുംബൈയിലെ മലാഡിലുള്ള മാല്‍വണിയില്‍ മദ്യദുരന്തമുണ്ടായത്. മദ്യം കഴിച്ച് അസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ അടുത്ത പ്രദേശങ്ങളിലെ ഹോസ്പിറ്റലുകളില്‍ എത്തിച്ചെങ്കിലും ഡയാലിസിസ് സംവിധാനങ്ങളുടെ പരിമിതി പ്രതികൂലമായെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. കാന്തിവലിയിലെ സര്‍ക്കാര്‍ ആശുപത്രിയായ ശതാബ്ദി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച 59 പേരില്‍ 57 പേരും മരിച്ചത് ആരോഗ്യവകുപ്പിനെയും മുംബൈ നഗരസഭയെയും പ്രതിക്കൂട്ടിലാക്കി.
അതേസമയം, കുടില്‍ വ്യവസായത്തിന് സമാനമായാണ് വ്യാജമദ്യ കച്ചവടം ചേരിപ്രദേശങ്ങളില്‍ നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കച്ചവടമെന്നും ഉദ്യോഗസ്ഥര്‍ക്ക് മാസപ്പടി നല്‍കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. 

താണെ, പാല്‍ഘര്‍ മേഖലകളിലെ വനങ്ങളില്‍ വാറ്റിയ വ്യാജന്‍ റബര്‍ ട്യൂബിലും മറ്റുമാക്കിയാണ് നഗരത്തിലെ ചേരിപ്രദേശങ്ങളിലേക്ക് കടത്തുന്നത്. മദ്യത്തില്‍ കലര്‍ത്തിയ മെഥനോളിന്‍െറ ആധിക്യമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വീര്യം കൂട്ടാന്‍ മെഥനോള്‍ ചേര്‍ത്തതായി അറസ്റ്റിലായവര്‍ മൊഴി നല്‍കിയതായി ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.മുംബൈയില്‍ 2004 ല്‍ മദ്യ ദുരന്തത്തില്‍ 87 പേര്‍ മരിച്ചിരുന്നു.

Keywords: National News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.