Latest News

ചാരക്കൂമ്പാരമായി മസാഫി ചന്ത; കത്തിയമര്‍ന്നത് കോടികള്‍

ഷാര്‍ജ: [www.malabarflash.com] പട്ടണങ്ങളിലെ തിരക്കില്‍ നിന്നും ജോലികള്‍ തീര്‍ത്ത മടുപ്പില്‍ നിന്നും ഇത്തിരി ആശ്വാസം തേടിയുള്ള പ്രവാസികളുടെ യാത്രകള്‍ അധികവും അവസാനിച്ചിരുന്നത് വടക്കന്‍ എമിറേറ്റുകളിലായിരുന്നു.

ദൈദ്- മസാഫി വഴിയുള്ള യാത്രയില്‍ തോബാന്‍ പിന്നിട്ട് ഫ്രൈഡേ മാര്‍ക്കറ്റെന്ന് ബോര്‍ഡ് കണ്ടാല്‍ പിന്നെ കണ്ണുകള്‍ ആലസ്യത്തില്‍ നിന്ന് ഉണരും. നാട്ടു ചന്തകളെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ പഴവും പച്ചക്കറികളും ചെടികളും കളിപ്പാട്ടങ്ങളും കരകൗശല വസ്തുക്കളും പരവതാനികളും നിറഞ്ഞ് നിരന്ന് കിടക്കുന്ന ഫ്രൈഡേ മാര്‍ക്കറ്റ് കണ്ടാല്‍ മനസും ശരീരവും ഉഷാറാവും.
എന്നാല്‍ ഞായറാഴ്ച്ച ഫ്രൈഡേ മാര്‍ക്കറ്റിന് ചാര നിറമായിരുന്നു. കത്തിയമര്‍ന്ന് കിടക്കുന്ന പഴങ്ങള്‍, പരവതാനികള്‍, ചെടികള്‍, പൊട്ടിതെറിച്ച പാചത വാതക സിലിണ്ടറുകള്‍. കോടികളുടെ ഉത്പന്നങ്ങളാണ് ശനിയാഴ്ച്ച വൈകിട്ട് 5.30 ന് തുടങ്ങിയ തീയുടെ വിളയാട്ടത്തില്‍ ചാമ്പലായത്. ആളപായം ഒഴിവായ ആശ്വാസം എല്ലാവരുടെയും മുഖത്തുണ്ടെങ്കിലും ഉപജീവന മാര്‍ഗം ചാരമായ സങ്കടമാണ് ഇവിടെ പ്രവര്‍ത്തിക്കുന്ന തൊഴിലാളിയുടേയും മുതലാളികളുടേയും മുഖത്ത്.
വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന വെള്ളിയാഴ്ച്ച ചന്ത കണ്ട ഏറ്റവും വലിയ തീപിടിത്തത്തില്‍ മസാഫി-ദൈദ് ദിശയിലുള്ള 13 പരവതാനി കടകളും 16 പഴം -പച്ചക്കറിക്കറി കടകളുമാണ് കത്തിയമര്‍ന്നത്. മേഖലയിലെ ഏറ്റവും വലിയ പരവതാനി സ്ഥാപനമായ അല്‍ ബുസ്താന്‍െറ നിരവധി ഗുദാമുകളെ തീ വിഴുങ്ങി. നിരവധി പാസ്പോര്‍ട്ടുകളും വില കൂടിയ രേഖകളും ചാമ്പലായി. ഒന്നര കോടി ദിര്‍ഹമിന്‍െറ നഷ്ടമാണ് ഇവിടെ മാത്രം കണക്കാക്കുന്നത്. അഫ്ഗാന്‍ സ്വദേശിയായ ബുസ്താന്‍ ജലീലാണ് ഇതിന്‍െറ ഉടമ. 

അല്‍ സഫ പരവതാനി സ്ഥാപനത്തിന്‍െറ നഷ്ടം 1.3 കോടി ദിര്‍ഹമാണെന്നാണ് കണക്കാക്കുന്നത്. ഇവിടെയുള്ള രേഖകളെയും തീ വെറുതെ വിട്ടിട്ടില്ല. കത്തിയ പഴം-പച്ചക്കറി സ്ഥാപനങ്ങളിലെ നഷ്ടവും കോടികള്‍ കടക്കും.
ഫ്രൈഡേ മാര്‍ക്കറ്റിലെ കത്തിയമര്‍ന്ന സ്ഥാപനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടില്ല എന്നാണ് അറിയുന്നത്. സ്റ്റാളുകളാണ് ഇവിടെയുള്ളത്. കടകളായി വേര്‍തിരിച്ച് പ്രവര്‍ത്തിക്കുന്നവക്ക് മാത്രമെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കൂ. അത് കൊണ്ട് തന്നെ ആദ്യം മുതല്‍ എല്ലാം ആരംഭിക്കേണ്ട് ദയനീയ അവസ്ഥയാണ് സ്ഥാപന ഉടമകള്‍ക്കുള്ളത്. 

യു.എ.ഇയിലെ തന്നെ ഏറ്റവും വലിയ തീപിടിത്തങ്ങളിലൊന്നായിരുന്നു ശനിയാഴ്ചയിലേത്. അഡ്നോക്ക് പെട്രോള്‍ സ്റ്റേഷന്‍ മുതല്‍ പള്ളി വരെയുള്ള 29 സ്റ്റാളുകളെയാണ് തീ നക്കി തുടച്ചത്.
പഴം-പച്ചക്കറി സ്റ്റാളുകള്‍ക്ക് മുന്നില്‍ ചോളം ചുട്ട് നല്‍കാനായി വെച്ചിരുന്ന പാചക വാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്‍െറ വ്യാപ്തി കൂട്ടി. ഇവിടെ എത്തുന്ന സഞ്ചാരികളുടെ പ്രധാന ഇഷ്ടമായിരുന്നു ചോളം ചുട്ടത്.
29 കടകളേയും വിഴുങ്ങി മുന്നോട്ട് കുതിച്ച തീ സമീപത്തെ പള്ളിയെ വെറുതെ വിട്ടാണ് ശാന്തമായത്. സാധാരണ ഗതിയില്‍ സ്റ്റാളുകളെല്ലാം അടച്ച് ഇവിടെയുള്ളവര്‍ പോയി കഴിയുമ്പോള്‍ അന്നം തേടി വരുന്ന കഴുതകള്‍ ദുഖം പാര്‍ത്ത് റോഡോരത്ത് നില്‍ക്കുന്നത് കണ്ടു. രാത്രിയില്‍ വരുന്ന ഈ അതിഥികള്‍ക്കായി സ്ഥാപനത്തിലുള്ളവര്‍ പഴങ്ങളും മറ്റും പ്രത്യേകം വെക്കാറുണ്ട്. വെക്കാന്‍ മറന്നാല്‍ കെട്ടി തൂക്കിയ പഴക്കുലകളില്‍ നിന്ന് ഇവ യഥേഷ്ടം തിന്നുന്നതും രാക്കാഴ്ച്ചയാണ്. 

പണ്ട് കാലങ്ങളില്‍ വെള്ളിയാഴ്ച്ച മാത്രമാണച്ചന്ത പ്രവര്‍ത്തിച്ചിരുന്നത്. അത് കൊണ്ടാണ് വെള്ളിയാഴ്ച്ച ചന്ത എന്ന പേര് കിട്ടിയത്. പിന്നിട് സ്ഥിരമായി പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. എന്നാല്‍ പേരിനുമാത്രം മാറ്റം വന്നില്ല. അത്ര കണ്ട് പെരുമ നേടിയിരുന്ന ആ പേര്.
(കടപ്പാട്: മാധ്യമം)
Advertisement

Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.