Latest News

ബാഗിന്‍െറ വള്ളി ബസില്‍ കുടുങ്ങി പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു

ദമ്മാം: [www.malabarflash.com] സ്കൂള്‍ വാനില്‍ നിന്ന് ഇറങ്ങുന്നതിനിടെ ബാഗിന്‍െറ വള്ളി വാതിലില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി മരിച്ചു.
ദമ്മാം ഇന്ത്യന്‍ സ്കൂള്‍ നാലാം ക്ളാസ് വിദ്യാര്‍ഥി ഉദയ് ശ്രീകുമാര്‍ (ഒമ്പത്) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ 5.30ന് അല്‍ഖോബാര്‍ കിങ് ഫഹദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.

മാവേലിക്കര ചുനക്കര സ്വദേശിയും അല്‍അഹ്സയിലെ സ്വകാര്യ കമ്പനിയില്‍ മാനേജറുമായ കെ.ജി. ശ്രീകുമാര്‍ പിള്ള-ലക്ഷ്മി ദമ്പതികളുടെ മകനാണ്.

ജൂണ്‍ നാലിന് സ്കൂള്‍ വിട്ട് വീടിന് മുന്നില്‍ ഇറങ്ങുന്നതിനിടെയാണ് അപകടം. കുട്ടി ഇറങ്ങിയതിന് ശേഷം ഡ്രൈവര്‍ വാതിലടച്ച് വണ്ടി മുന്നോട്ടെടുത്തപ്പോള്‍ ചുമലില്‍ തൂക്കിയ ബാഗിന്‍െറ വള്ളി കുടുങ്ങുകയായിരുന്നു. ഉദയിനെ വലിച്ചഴച്ച് ഏതാനും മീറ്റര്‍ പോയതിന് ശേഷമാണ് വാഹനം നിന്നത്.

മലയാളിയായ ഡ്രൈവര്‍ സുനീഷ് തന്നെയാണ് കുട്ടിയെ ആശുപത്രിയിലത്തെിച്ചത്. കരളിനും ശ്വാസ കോശത്തിനും പരിക്കേറ്റതാണ് മരണ കാരണം. കരളിന് പരിക്കേറ്റ ഭാഗങ്ങള്‍ ആശുപത്രിയിലത്തെിയ ഉടന്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. വെന്‍റിലേറ്ററില്‍ കഴിഞ്ഞ ഉദയിന്‍െറ ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നതിനിടെ തിങ്കളാഴ്ച ശ്വാസ തടസ്സമുണ്ടായതിനെ തുടര്‍ന്ന് ഉച്ചക്ക് 1.30ന് വീണ്ടും ശസ്ത്രക്രിയ നടത്തി ശ്വാസകോശത്തില്‍ നീരുവന്ന ഭാഗം നീക്കം ചെയ്തു. പിന്നീട് ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായിരുന്നുവെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു.

ഏക സഹോദരി സുകന്യ ദമ്മാം ഇന്ത്യന്‍ സ്കുളിലെ പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ഥിനിയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ശ്രീകുമാറിന്‍െറ സഹോദരന്‍ ഹരികുമാര്‍ പറഞ്ഞു.
സുനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും പരാതിയില്ലെന്ന്‌ ശ്രീകുമാര്‍ എഴുതി നല്‍കിയതിനാല്‍ വൈകാതെ ഇയാളുടെ മോചനം സാധ്യമാവുമെന്നാണ് അറിയുന്നത്.

അതേസമയം, വിഷയം ഗൗരവത്തോടെ കാണുകയും ഇത്തരം ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതി ചെയര്‍മാന്‍ ഡോ. അബ്ദുസ്സലാം പ്രതികരിച്ചു. ഇന്ത്യന്‍ അംബാസഡറെയും വിദേശ വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികളെയും വിവരം ധരിപ്പിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പക്ഷം കുറ്റക്കാരുടെ ഇഖാമ റദ്ദു ചെയ്തു നാടുകടത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രാലയ പ്രതിനിധി വ്യക്തമാക്കിയതായും ചെയര്‍മാന്‍ സൂചിപ്പിച്ചു. ശക്തമായ നടപടികളുമായി മുന്നോട്ടുപോകാനാണ് എംബസിയില്‍ നിന്നുള്ള നിര്‍ദേശം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.