Latest News

ചെമ്പിരിക്ക ചാത്തങ്കെയില്‍ തീവണ്ടി തട്ടി മരിച്ച രണ്ടുപേരേയും തിരിച്ചറിഞ്ഞു



കാസര്‍കോട്: [www.malabarflash.com] തിങ്കളാഴ്ച വൈകിട്ട് ചെമ്പിരിക്ക ചാത്തങ്കെയില്‍ തീവണ്ടി തട്ടി മരിച്ച രണ്ടുപേരേയും തിരിച്ചറിഞ്ഞു. അംഗഡിമുഗര്‍ ബാഡൂര്‍, കോയിപ്പാടി കടപ്പുറം സ്വദേശികളാണ് മരിച്ചത്. കളത്തൂര്‍ ചെക്ക് പോസ്റ്റിന് സമീപത്തെ താമസക്കാരനും അംഗഡിമുഗര്‍ ബാഡൂര്‍ സ്വദേശിയുമായ അബ്ദുല്ല (50), കുമ്പള കോയിപ്പാടി കടപ്പുറത്തെ അബ്ദുല്‍ ഖാദര്‍ (70) എന്നിവരാണ് മരിച്ചത്. 

കീഴൂര്‍ തുരങ്കത്തിന് സമീപം തിങ്കളാഴ്ച വൈകിട്ട് 4.30ഓടെയാണ് അപകടം ഉണ്ടായത്. പാളം മുറിച്ചുകടക്കുന്നതിനിടെ മംഗലാപുരം-കൊച്ചുവേളി എക്‌സ്പ്രസാണ് ഇവരെ ഇടിച്ചത്. മൃതദേഹം പിന്നീട് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ ബന്ധുക്കളെത്തിയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. 

കൂലിപ്പണി ചെയ്തുവരികയായിരുന്നു അബ്ദുല്ലയെന്ന് ബന്ധുക്കള്‍ പറഞ്ഞു. അബ്ദുല്‍ഖാദര്‍ മത്സ്യത്തൊഴിലാളിയായിരുന്നു. പലപ്പോഴും ഇവര്‍ ഒരുമിച്ച് പോയിരുന്നതായും ബന്ധുക്കള്‍ പറയുന്നു. തിങ്കളാഴ്ച രാവിലെയാണ് ഇരുവരും വീട്ടില്‍ നിന്നിറങ്ങിയത്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചുവരികയായിരുന്നു. അതിനിടെയാണ് കീഴൂരില്‍ രണ്ടുപേര്‍ തീവണ്ടി തട്ടിമരിച്ചതായി അറിഞ്ഞത്. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ജനറല്‍ ആസ്പത്രിയിലെത്തി മൃതദേഹം പരിശോധിച്ച് തിരിച്ചറിയുകയായിരുന്നു.
ബാഡൂരിലെ ഇദ്ദീന്റെ മകനാണ് അബ്ദുല്ല. കൊടിയമ്മ ചൂരിത്തടുക്ക സ്വദേശിനി ഖദീജയാണ് ഭാര്യ. മക്കള്‍: ഫാത്തിമത്ത് സുഹ്‌റ, രിഫായി, റഫീഖ്, മിസ്‌രിയ. മരുമക്കള്‍: ഉസ്മാന്‍ ഉപ്പിനങ്ങാടി, റസാഖ് സുള്ള്യ. സഹോദരങ്ങള്‍: യൂസഫ്, മറിയുമ്മ, ഹമീദ്, പരേതനായ മുഹമ്മദ്.
ബീഫാത്തിമയാണ് അബ്ദുല്‍ഖാദറിന്റെ ഭാര്യ. മക്കള്‍: ആയിഷ, താഹിറ, ഹനീഫ്, ലത്തീഫ്, ഹാരിസ്, പരേതനായ മുഹമ്മദ്. മരുമക്കള്‍: ഹസൈനാര്‍, ഹമീദ്, സീനത്ത്, നസീമ, ഫൗസിയ, സുബൈദ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.