Latest News

ക്ലാസ് കട്ടു ചെയ്ത് തീയറ്ററിലെത്തിയ സ്കൂള്‍ കുട്ടികളെ പോലീസ് പൊക്കി

തിരുവനന്തപുരം: [www.malabarflash.com] യുവനായകന്‍ മൂന്നു പെണ്ണുങ്ങളെ പ്രണയിക്കുന്ന ചിത്രം കാണാന്‍ തീയറ്ററിനു മുന്നില്‍ ഇടിച്ചു കയറി ക്യൂവില്‍ നിന്ന കാമുകന്‍മാരും കാമുകിമാരും കുടുങ്ങി. സ്കൂള്‍ കട്ടു ചെയ്ത്, ധരിച്ചിരുന്ന യൂണിഫോം ബാഗിലാക്കി പകരം ചുരിദാറും ടീഷര്‍ട്ടുമൊക്കെ ധരിച്ച് തീയറ്ററിലെത്തിയ സ്കൂള്‍ കുട്ടികളെയാണ് തിങ്കളാഴ്ച തിരുവനന്തപുരം സിറ്റി പോലീസ് പൊക്കിയത്. ചിലരെ വീട്ടിലും മറ്റു ചിലരെ സ്കൂളിലും എത്തിച്ചു. ക്ലാസ് കട്ട് ചെയ്തു സിനിമ കാണാനും കറങ്ങാനും ഇറങ്ങുന്ന കുട്ടികളെ പിടികൂടാന്‍ സംസ്ഥാന വ്യാപകമായി പൊലീസ് തുടരുന്ന പരിശോധനയുടെ ഭാഗമായാണ് സിറ്റി പൊലീസും രംഗത്തിറങ്ങിയത്.

ചൊവ്വാഴ്ച മുതല്‍ നഗരത്തിലെ എല്ലാ പൊലീസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള പൊലീസുകാരും പരിശോധനയില്‍ പങ്കെടുക്കണമെന്ന് വൈകിട്ട് വിളിച്ച യോഗത്തില്‍ ഡിസിപി സഞ്ജയ് കുമാര്‍ ഗരുഡ് നിര്‍ദേശിച്ചു. പ്രണയം വിഷയമാക്കി തീയറ്ററില്‍ തകര്‍ത്തോടുന്ന സിനിമ കാണാന്‍ ഏതാനും ദിവസങ്ങളായി സ്കൂള്‍ കുട്ടികളുടെ വന്‍ ഒഴുക്കാണ്. ക്ലാസ് കട്ട് ചെയ്ത് രാവിലെ തന്നെ കുട്ടികള്‍ തീയറ്ററിലേക്കു പോകുന്നെന്ന വ്യാപക പരാതിയുണ്ട്. 

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കറങ്ങി നടന്ന 52 കുട്ടികളെയാണ് പിടികൂടി മാതാപിതാക്കള്‍ക്കു കൈമാറിയത്. ഡിസിപി നേരിട്ടു പരിശോധനയ്ക്കിറങ്ങിയപ്പോള്‍ ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷന്‍റെ മൂക്കിനു താഴെ നിന്നു മൂന്നു കുട്ടികളെ കൈയോടെ പിടികൂടുകയും ചെയ്തു. സൈക്കിള്‍ ട്യൂബ് ഒട്ടിക്കുന്ന പശ ലഹരിക്കായി ഉപയോഗിക്കുകയായിരുന്നു മൂവരും. പൊലീസിനെ കണ്ടപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.

നഗരത്തിലെ പ്രമുഖ സ്കൂളുകളില്‍ നിന്നടക്കം കുട്ടികള്‍ ക്ലാസ് കട്ട് ചെയ്തു പുറത്തു കറങ്ങുന്നതായി പരിശോധനയില്‍ ബോധ്യപ്പെട്ടെന്നു ഡിസിപി മെട്രോ മനോരമയോടു പറഞ്ഞു. ഇവരെ പിടികൂടി സ്കൂളുകാരെ വിവരം അറിയിക്കേണ്ടത് പൊലീസിന്‍റെ കടമയായിരിക്കുകയാണ്. സ്കൂളുകള്‍ കേന്ദ്രീകരിച്ചു രൂപീകരിച്ച സ്റ്റുഡന്‍റ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളെയും നിരീക്ഷണത്തിനു ചുമതലപ്പെടുത്തിയിട്ടുണ്ട്. 

കറങ്ങി നടക്കുന്ന കുട്ടികള്‍ ലഹരി മാഫിയയുടെയും സെക്സ് റാക്കറ്റിന്‍റെയും വലയിലാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ സ്കൂള്‍ അധികൃതരും മാതാപിതാക്കളും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ വേലിചാട്ടം തടയാന്‍ മാതാപിതാക്കളെയും സ്കൂള്‍ അധികൃതരെയും ബോധവല്‍ക്കരിക്കാനുള്ള പദ്ധതിയും പൊലീസ് ആരംഭിക്കുന്നുണ്ട്. ഉടന്‍ എല്ലാ സ്കൂളുകളിലും ക്ലാസുകള്‍ സംഘടിപ്പിക്കും.

നേരത്തെ കോട്ടയത്തും ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്കെത്തിയ കുട്ടികളെ പൊലീസ് കണ്ടെത്തി പറഞ്ഞുവിട്ടിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.