Latest News

ചൂടില്‍ വെന്തുരുകി ഷാര്‍ജ അല്‍ ജുബൈല്‍ ഈന്തപ്പഴ വിപണി

ഷാര്‍ജ: [www.malabarflash.com] ഇവരുടെ ജീവിതത്തിന് വിയര്‍പ്പിന്റെ വില. കനത്ത ചൂട് വകവയ്ക്കാതെ ഉപജീവനമാര്‍ഗം കണ്ടെത്തുകയാണ് ഷാര്‍ജ അല്‍ ജുബൈലിലെ മലയാളികളായ ഈന്തപ്പഴ വ്യാപാരികളും ജോലിക്കാരും. ശീതീകരണി ഇല്ലാത്തതിനാല്‍ കനത്ത ചൂട് സഹിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

അല്‍ ജുബൈല്‍ ബസ് സ്‌റ്റേഷനടുത്തെ പഴം പച്ചക്കറി മാര്‍ക്കറ്റിനോട് ചേര്‍ന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി നിര്‍മിച്ച താത്കാലിക ഈന്തപ്പഴ വിപണിയില്‍ ശീതീകരണി ഘടിപ്പിക്കാനുള്ള സൗകര്യമില്ലാത്തതാണ് പ്രശ്‌നം. തുണി കൊണ്ട് നിര്‍മിച്ച ടെന്റുകളില്‍ ഫാന്‍ ഉപയോഗിച്ചാണ് പലരും ചൂടിനെ അകറ്റാന്‍ പാഴ് ശ്രമം നടത്തുന്നത്. തുറന്ന ടെന്റായതിനാല്‍ അകത്തേയ്ക്ക് ചൂട് അടിച്ചുകയറിക്കൊണ്ടിരിക്കും. പഴം പച്ചക്കറി മാര്‍ക്കറ്റിനോട് ചേര്‍ന്ന് സ്ഥിതി ചെയ്തിരുന്ന ഈന്തപ്പഴ മാര്‍ക്കറ്റ് അധികൃതര്‍ പൊളിച്ചു നീക്കി മൂന്ന് വര്‍ഷം മുന്‍പ് താത്കാലിക മാര്‍ക്കറ്റ് പണിത് നല്‍കുകയായിരുന്നു.

പഴം പച്ചക്കറി മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്കാണ് ഈന്തപ്പഴം, അനുബന്ധ ഉത്പന്നങ്ങള്‍ എന്നിവ വിറ്റഴിക്കാന്‍ താത്കാലിക വിപണി ഒരുക്കിയത്. നേരത്തെ 28 കടകളുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി 22 എണ്ണം മാത്രമേയുള്ളൂ. ഈന്തപ്പഴ സീസണ്‍ അവസാനിക്കുന്ന സെപ്റ്റംബര്‍ വരെ അഞ്ച് മാസങ്ങളിലാണ് ഈ വിപണി പ്രവര്‍ത്തിക്കുക. 

2000 ദിര്‍ഹം മുനസിപ്പാലിറ്റിയില്‍ കെട്ടിവച്ചാല്‍ അനുവദിക്കുന്ന ടെന്റിന് പ്രതിസമാം 2000 ദിര്‍ഹം വാടക നല്‍കണം. കെട്ടിവച്ച തുക പിന്നീട് തിരിച്ചു ലഭിക്കും. വരുമാനവും കച്ചവടവും തമ്മില്‍ ഒത്തു പോകാത്തതാണ് ആറോളം പേര്‍ കച്ചവടം മതിയാക്കിയതെന്ന് പറയുന്നു. 

വ്യാപാരികളും ഒരു കടയില്‍ ചുരുങ്ങിയത് രണ്ട് പേരെന്ന നിലയ്ക്ക്കുള്ള ജോലിക്കാരുമെല്ലാം കാസര്‍കോട് ജില്ലക്കാരാണെന്ന പ്രത്യേകതയുമുണ്ട്. ഇവരെ കൂടാതെ, ഒരു ഈജിപ്ഷ്യന്‍ സ്വദേശിയും വ്യാപാരികളുടെ കൂട്ടത്തിലുണ്ട്. റമസാനാണ് കച്ചവടത്തിന്റെ പ്രധാന സമയം. 

സാധാരണ മൂവായിരം ദിര്‍ഹമിന്റെ കച്ചവടം നടക്കുന്‌പോള്‍ റമസാനില്‍ ഇത് അയ്യായിരത്തോളമാകുന്നു. മേയിലാണ് സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന ഈന്തപ്പഴ സീസണ്‍ തുടങ്ങിയത്. എന്നാല്‍, ഇപ്രാവശ്യം റമസാന്‍ നേരത്തെ എത്തിയത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍.
(കടപ്പാട്: മനോരമ)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.