Latest News

യാത്രക്കാര്‍ക്ക് സീറ്റ് നിഷേധിച്ചു; എയര്‍ ഇന്ത്യ 1.71 ലക്ഷം രൂപ പിഴ നല്കണം

കാസര്‍കോട്: [www.malabarflash.com] ടിക്കറ്റ് ബുക്ക് ചെയ്തവരെ വിമാനത്തില്‍ കയറ്റാതിരുന്നതിന് എയര്‍ ഇന്ത്യ 1.71 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന്‍ കാസര്‍കോട് ഉപഭോക്തൃതര്‍ക്ക പരിഹാരഫോറത്തിന്റെ ഉത്തരവ്. കാസര്‍കോട് ചെറുവത്തൂര്‍ കൈതക്കാട് എല്‍.കെ.സി. ഹൗസില്‍ മുഹമ്മദ് കുഞ്ഞിയുടെയും കണ്ണൂര്‍ മാട്ടൂല്‍ അബ്ദുള്‍ റഷീദിന്റെയും പരാതിയിലാണ് ഉത്തരവ്.

മുഹമ്മദ് കുഞ്ഞിക്ക് 90,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതിച്ചെലവും അബ്ദുള്‍റഷീദിന് 75,000 നഷ്ടപരിഹാരവും 3,000 രൂപ കോടതിച്ചെലവും നല്കാനാണ് ഉത്തരവ്. ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്കണമെന്ന് ഫോറം പ്രസിഡന്റ് പി.രമാദേവി, അംഗങ്ങളായ കെ.ജി.ബീന, ഷിബ എം.സാമുവല്‍ എന്നിവരടങ്ങിയ പാനല്‍ വിധിച്ചു.
വ്യാപാരികളായ മുഹമ്മദ് കുഞ്ഞിയും അബ്ദുള്‍റഷീദും മുംബൈയില്‍നിന്ന് മംഗ്ലൂരുവിലേക്ക് 2012 മെയ് 10-ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. മുംബൈ എയര്‍പോര്‍ട്ടില്‍ ചെക്ക് ഇന്‍ ചെയ്ത് ബോര്‍ഡിങ് പാസും ലഭിച്ച ഇവര്‍ സെക്യൂരിറ്റി ചെക്കിങ്ങും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പ് ടിക്കറ്റ് റദ്ദുചെയ്ത് മറ്റു രണ്ടുപേര്‍ക്ക് നല്കിയതായി ഇരുവരെയും അറിയിക്കുകയും ഇറക്കിവിടുകയും ചെയ്തു.
ഇതുസംബന്ധിച്ച് എയര്‍ ഇന്ത്യയുടെ മുംബൈ എയര്‍പോര്‍ട്ട് മാനേജരോട് പരാതിപ്പെട്ടപ്പോള്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് അവഹേളിക്കുകയായിരുന്നുവെന്ന് പരാതിക്കാര്‍ ഫോറം മുമ്പാകെ ബോധിപ്പിച്ചു. ടിക്കറ്റ് റദ്ദാക്കിയതിന് മതിയായ കാരണവും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചില്ല. ഇതിനെതിരെയാണ് ഇരുവരും ഉപഭോക്തൃതര്‍ക്കപരിഹാരഫോറത്തെ സമീപിച്ചത്. 

ഇരുവരും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതായും ചെക്ക് ഇന്‍ ചെയ്തതായും സമ്മതിച്ച എയര്‍ ഇന്ത്യ, വിമാനത്തില്‍ കയറുന്നതിനുമുമ്പ് ഇരുവര്‍ക്കും സീറ്റ് നിഷേധിച്ചു എന്നത് ശരിയല്ലെന്ന് വാദിച്ചു. എയര്‍പോര്‍ട്ടിലെ ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍നിന്ന് ഇരുവരെയും കണ്ടെത്താനായി മൈക്കിലൂടെ നിരവധിതവണ അനൗണ്‍സ്‌മെന്റ് നടത്തിയിരുന്നു. എന്നാല്‍, കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് എയര്‍ ഇന്ത്യ ബോധിപ്പിച്ചു.
എന്നാല്‍, പരാതിക്കാര്‍ ഫോറത്തില്‍ തെളിവായി സമര്‍പ്പിച്ച ബോര്‍ഡിങ് പാസില്‍ നിന്ന് യഥാസമയം ഇവര്‍ എത്തിയിരുന്നതായി തെളിഞ്ഞു. ബോര്‍ഡിങ് പാസ് എടുത്തശേഷം യാത്രക്കാര്‍ എയര്‍പോര്‍ട്ട് വിട്ടുപോകാനുള്ള സാധ്യതകളെ ഫോറം തള്ളിക്കളഞ്ഞു. സീറ്റുകളുടെ എണ്ണത്തെക്കാള്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്കിയിട്ടുണ്ടാവാമെന്ന പരാതിക്കാരുടെ വാദം ഫോറം ശരിവെച്ചു. 

വിമാനത്തില്‍ നിന്ന് അവസാനനിമിഷം ഇറക്കിവിടുന്നത് അവഹേളിക്കുന്നതിന് തുല്യമാണെന്നും ഫോറം അഭിപ്രായപ്പെട്ടു. എയര്‍ ഇന്ത്യയുടെ സേവനത്തിലെ പോരായ്മയാണിതെന്നും ഫോറത്തിന്റെ ഉത്തരവില്‍ പറയുന്നു. പരാതിക്കാര്‍ക്ക് വേണ്ടി അഡ്വ. ഷാജിദ് കമ്മാടം ഹാജരായി.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.