Latest News

ഗോദാവരി നദിയിലെ അണക്കെട്ടില്‍നിന്ന് വാന്‍ മറിഞ്ഞ് 22 പേര്‍ മരിച്ചു

പെദപരിമി: [www.malabaflash.com] ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ അണക്കെട്ടില്‍നിന്ന് വാന്‍ മറിഞ്ഞ് 22 പേര്‍ മരിച്ചു. രാജമുദ്രിക്കടുത്ത് ഗോദാവരി നദിയിലെ ദൗളേശ്വരം അണക്കെട്ടില്‍നിന്നാണ് വാന്‍ മുപ്പതടിയോളം താഴെ വെള്ളത്തിലേക്ക് പതിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഒന്‍പത് സ്ത്രീകളും ഏഴുകുട്ടികളും മരിച്ചതില്‍ ഉള്‍പ്പെടുന്നു. വാന്‍ ഡ്രൈവറും മരിച്ചു. ഒരു ആണ്‍കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്.

വിശാഖപട്ടണത്തിനടുത്ത് അച്യുതപുരം ഗ്രാമത്തിലെ ഈഗാല അപ്പറാവു എന്നയാളുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമാണ് അപകടത്തില്‍പെട്ടത്. ഒരാഴ്ചമുമ്പ് നാട്ടില്‍നിന്ന് വാടകയ്‌ക്കെടുത്ത വാഹനത്തില്‍ പുറപ്പെട്ട ഇവര്‍ തിരുപ്പതിയിലും മറ്റുചില ആരാധനാലയങ്ങളിലും ദര്‍ശനം നടത്തി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അപ്പറാവുവിന്റെ പേരക്കുട്ടിയാണ് രക്ഷപ്പെട്ടത്. കുട്ടിയെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് സംശയിക്കുന്നു. മൂന്ന് തൂണുകളും ഭിത്തിയുടെ ഒരു ഭാഗവും ഇടിച്ചുതകര്‍ത്താണ് വണ്ടി ജലാശയത്തില്‍ വീണത്. രാവിലെ വെള്ളത്തില്‍ വാന്‍ കിടക്കുന്നതുകണ്ട ഒരാളാണ് പോലീസിനെ അറിയിച്ചത്. ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ജീവനോടെ പുറത്തെടുക്കാനായെങ്കിലും പെണ്‍കുട്ടി താമസിയാതെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആന്ധ്ര സര്‍ക്കാര്‍ രണ്ടുലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കുടുംബങ്ങള്‍ക്ക് എല്ലാ സഹായങ്ങളുമെത്തിക്കാന്‍ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവും നിര്‍ദേശിച്ചു.

നിര്‍ഭാഗ്യകരമായ സംഭവമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.