Latest News

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വര്‍ണ്ണത്തിന്റെ കുടിശ്ശിക അടയ്ക്കാന്‍ കഴിഞ്ഞില്ല; ജ്വല്ലറിക്കുള്ളില്‍ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരൂര്‍: [www.malabarflash.com] മലപ്പുറം ജില്ലയിലെ തിരൂരില്‍ ബോബി ചെമ്മണ്ണൂറിന്റെ ജ്വല്ലറിയില്‍ ഉപഭോക്താവ് ആത്മഹത്യക്ക് ശ്രമിച്ചു. ശനിയാഴ്ച ഉച്ചക്ക് 1.30തോടെയാണ് സംഭവം. കാളാട് സ്വദേശി പാട്ടശേരി വീട്ടില്‍ ഇസ്മായില്‍(50) ആണ് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്.

മകളുടെ വിവാഹ ആവശ്യത്തിനായി ജൂവലറിയില്‍ നിന്നും ഇയാള്‍ സ്വര്‍ണ്ണഭരണങ്ങള്‍ വാങ്ങിയിരുന്നു. നാല് ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് ഇയാള്‍ വാങ്ങിയിരുന്നത്. തുടക്കത്തില്‍ പണം നല്‍കിയ ശേഷമാണ് ആഭരണങ്ങള്‍ വാങ്ങിയത്. ഇനി കുറച്ചു തുകയാണ് നല്‍കാനുണ്ടായിരുന്നത്. ഈ പണം നല്‍കേണ്ട തീയതിയില്‍ നല്‍കാന്‍ ഇസ്മായിലിന് സാധിച്ചില്ല. തുടര്‍ന്ന് ജൂവലറിയില്‍ നിന്നും ആളുകള്‍ കഴിഞ്ഞദിവസം വീട്ടിലെത്തിരുന്നു. തുടര്‍ന്ന് ഭീഷണി രൂപത്തില്‍ ജൂവലറിക്കാര്‍ സംസാരിച്ചുവെന്നുമാണ് അറിയുന്നത്. തുടര്‍ന്നാണ് ശനിയാഴ്ച വിഷയം സംസാരിക്കാന്‍ വേണ്ടി ഇസ്മായില്‍ തിരൂരിലെ ജൂവലറിയില്‍ എത്തിയത്.

തിരൂര്‍ ഷോറൂം മാനേജര്‍ കെ എം ആനന്ദുമായി സംസാരിച്ചുകൊണ്ടിരിക്കെ കൈയില്‍ കടലാസിലെ കുപ്പിയില്‍ പൊതിഞ്ഞു സൂക്ഷിച്ച പെട്രോള്‍ ദേഹത്തൊഴിച്ച് ഇയാള്‍ തീകൊളുത്തുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇതിനിടെ തീഅണച്ച് രക്ഷപെടുത്താന്‍ ശ്രമിച്ച ജൂവലറി ജീവനക്കാരന്‍ പ്രജീഷ് എന്നയാള്‍ക്കും പൊള്ളലേറ്റു. ഇയാളും ചികിത്സ തേടിയിട്ടുണ്ട്.

സ്വര്‍ണം നല്‍കുന്നതിന് പകരമായി ഇസ്മായിലില്‍ നിന്നും ബ്ലാങ്ക് ചെക്കും മുദ്രപത്രവും ജുവല്ലറിക്കാര്‍ വാങ്ങിയെന്നും പരാതിയുണ്ട്. കടം നല്‍കിയ സ്വര്‍ണ്ണത്തിന് പണിക്കൂലിയെന്ന പേരില്‍ അമിതമായ തുകയും ഈടാക്കിയിരുന്നതായും പറയപ്പെടുന്നു. സംഭവമറിഞ്ഞ് ജ്വല്ലറിക്ക് മുന്നില്‍ വന്‍ ജനകൂട്ടം തടിച്ചുകൂടിയിരുന്നു. സ്വര്‍ണം നല്‍കുമ്പോള്‍ പറഞ്ഞിരുന്ന തുക ആയിരുന്നില്ല പണിക്കൂലിയുടെ പേരില്‍ ഇസ്മായിലില്‍ നിന്നും ഈടാക്കിയിരുന്നത്. അമിതമായ പണിക്കൂലി നല്‍കേണ്ടി വന്നതാണ് ഇസ്മായേലിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചതെന്നാണ് അറിയുന്നത്.

പണിക്കൂലിയുടെ പേരില്‍ അമിത തുക ബോബിയുടെ ജൂവലറി ഈടാക്കുന്നു എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. അപകടം നടന്ന ജൂവലറിയില്‍ ഡിവൈഎസ്പി ഹസൈനാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി. ദേഹത്ത് മുഖത്തും പൊള്ളലേറ്റ ഇസ്മായേലിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.