Latest News

കയ്യാറിന്റെ ജീവിതം പുതുതലമുറയ്ക്ക് പ്രചോദനം: എം എ ബേബി

കാസര്‍കോട് :[www.malabarflash.com] നൂറ്റാണ്ട് ദര്‍ശിച്ച മഹാകവിക്ക് ആദരവുമായി ജനനേതാവെത്തി. സിപിഐ എം പൊളിറ്റ്ബ്യൂറോഅംഗം എം എ ബേബിയാണ് 101 തികഞ്ഞ മഹാകവി കയ്യാര്‍ കിഞ്ഞണ്ണറൈയ്ക്ക് ആദരമേകാന്‍ എത്തിയത്.

വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് എം എ ബേബി ബദിയടുക്ക പെര്‍ഡാലയിലെ വീട്ടിലെത്തിയത്. എം എ ബേബി വരുന്നതറിഞ്ഞ് നിരവധി നാട്ടുകാരും കവിയുടെ ബന്ധുക്കളും ഒത്തുകൂടിയിരുന്നു. വീട്ടിലെത്തിയ എം എ ബേബി കവിക്ക് ഫലവര്‍ഗങ്ങളടങ്ങിയ ഉപഹാരം നല്‍കി. തുടര്‍ന്ന് പൊന്നാടയണിയിച്ചു. പുസ്തകവും സമ്മാനിച്ചു.

കേരളത്തിലെ മുന്‍ മന്ത്രിയാണ് എത്തിയതെന്ന് മകന്‍ പ്രദീപ് പറഞ്ഞപ്പോള്‍ കവിയുടെ കണ്ണുകള്‍ വിടര്‍ന്നു. കിഞ്ഞണ്ണറൈയുടെ ആരോഗ്യസ്ഥിതിയും കുടുംബവിവരങ്ങളും ചോദിച്ചറിഞ്ഞു. കവിയുടെ രചനകളെപ്പറ്റി മകന്‍ വിവരിച്ചപ്പോള്‍ മലയാള സാഹിത്യചരിത്രം പരിഭാഷപ്പെടുത്തിയതിനെപ്പറ്റി എം എ ബേബി സൂചിപ്പിച്ചു. ആദരത്തിന് നന്ദിയുണ്ടെന്ന് പറഞ്ഞ കയ്യാര്‍ കിഞ്ഞണ്ണറൈ, താന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ടെന്നും അധ്യാപകനാണെന്നും കവിയാണെന്നും എല്ലാറ്റിലുമുപരി മികച്ച കര്‍ഷകനാണെന്നും പറഞ്ഞു. കൈയടിയോടെയാണ് ബേബി മഹാകവിയുടെ വാക്കുകളെ എതിരേറ്റത്. തുടര്‍ന്ന് കവി എം എ ബേബിക്ക് ഫലകം ഉപഹാരമായി സമ്മാനിച്ചു.

കിഞ്ഞണ്ണറൈയുടെ ജീവിതം പുതുതലമുറയ്ക്ക് പ്രചോദനമാണെന്ന് എം എ ബേബി പിന്നീട് പറഞ്ഞു. നാടിന്റ മഹത്തായ പാരമ്പര്യം ദേശീയ പ്രക്ഷോഭത്തിലൂടെയും കലാ-സാഹിത്യ-സാംസ്‌കാരികരംഗങ്ങളിലൂടെയും എഴുത്തിലൂടെയും പ്രതിഫലിപ്പിച്ചു. പോരാളിയായ എഴൂത്തുകാരനെ ആദരിക്കാന്‍ കഴിഞ്ഞതില്‍ ആവേശവും അഭിമാനവുമുണ്ട്. കൊടുക്കല്‍ വാങ്ങലിലൂടെ കന്നഡ-മലയാളം സാഹിത്യത്തെ സമ്പുഷ്ടമാക്കാന്‍ കവിക്ക് സാധിച്ചു. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന ഇന്നത്തെ കാലത്ത്, താന്‍ കര്‍ഷകനാണെന്ന് സുധീരം പ്രഖ്യാപിക്കാനുള്ള തന്റേടം കാട്ടി. ഇത്തരം പോരാളികളായ എഴുത്തുകാര്‍ നാടിന്റെ സമ്പത്താണെന്നും എം എ ബേബി പറഞ്ഞു.

സിപിഐ എം കാസര്‍കോട് ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, കുമ്പള ഏരിയാസെക്രട്ടറി പി രഘുദേവന്‍, ജില്ലാകമ്മിറ്റിയംഗം കെ ആര്‍ ജയാനന്ദ, പ്രശസ്ത ചിത്രകാരന്‍ പി എസ് പുണിഞ്ചിത്തായ, നാട്ടുകാര്‍, കുടുംബാംഗങ്ങള്‍ എന്നിവരും സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.