Latest News

എ ബി വി പി വിദ്യാഭ്യാസ ബന്ദിന്റെ മറവില്‍ ദുര്‍ഗ സ്‌കുളില്‍ അതിക്രമം; ജില്ലാ പ്രസിഡന്റ് അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: [www.malabarflash.com] വിദ്യാഭ്യാസബന്ദിന്റെ മറവില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കുളില്‍ അതിക്രമം കാട്ടി. അതിക്രമങ്ങള്‍ക്കിരയായ രണ്ട് അധ്യാപികമാരും മുന്നു വിദ്യാര്‍ത്ഥികളും ബോധരഹിതരായി. കയ്യേറ്റത്തിനിരയായ രണ്ട് ഹയര്‍സെക്കന്‍ഡറി അധ്യാപികമാര്‍ ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി. 

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അക്രമം. വിദ്യാലയത്തിന്റെ ഗെയിറ്റിനുമുന്നില്‍ നിന്ന പൊലീസ് സംഘത്തെ തള്ളിമാറ്റി വിദ്യാലയത്തിന്റെ പ്രവേശന കവാടത്തിന്റെ വാതില്‍ ചവിട്ടിപൊളിച്ചാണ് സമരാനുകൂലികള്‍ അകത്ത് കടന്നത്. ചെറുക്കാന്‍ ശ്രമിച്ച അദ്ധ്യാപകരെ അക്രമികള്‍ കയ്യേറ്റം ചെയ്തും ഭീഷണിപ്പെടുത്തിയും പിന്‍തിരിപ്പിച്ചു. 

പ്രിന്‍സിപ്പള്‍ ബസുമതിയുടെ ഓഫീസിനുമുന്നില്‍ സ്ഥാപിച്ച ബോര്‍ഡ്, പ്രധാന അദ്ധ്യാപകന്‍ ശ്രീഹരിഭട്ടിന്റെ ഓഫീസ് ക്യാബിനുമുന്നില്‍ മരത്തില്‍ ഘടിപ്പിച്ച ഹാഫ് മര ഡോറും ജനലുകളും വാതിലുകളും, വാരാന്തയില്‍ സ്ഥാപിച്ച ടെലിഫോണ്‍ കോയിന്‍ ബൂത്തും അടിച്ചുതകര്‍ത്തു. സ്റ്റാഫ് മുറികളിലും ക്‌ളാസ് മുറികളിലും പ്രവര്‍ത്തകര്‍ അതിക്രമിച്ചുകയറി. ബഞ്ചും ഡസ്‌കുകളും മറിച്ചിട്ടു. 

അക്രമം അരമണിക്കൂറോളം നീണ്ടുനിന്നു. വിവരമറിഞ്ഞെത്തിയ പി.ടി.എ പ്രസിഡന്റ് പല്ലവ നാരായണന്‍, വൈസ് പ്രസിഡന്റ് എം. കെ. വിനോദ്കുമാര്‍ എന്നിവര്‍ക്കുനേരെയും അക്രമികള്‍ വധഭീഷണി മുഴക്കി. അതിക്രമം കണ്ട് പരിഭ്രാന്തരായ പിഞ്ചുവിദ്യാര്‍ത്ഥികളും അധ്യാപികമാരും കൂട്ടനിലവിളിയായതോടെ വിദ്യാലയപരിസരത്തെ നാട്ടുകാരും മാദ്ധ്യമപ്രവര്‍ത്തകരും കൂടുതല്‍ പൊലീസും വിദ്യാലയത്തിലെത്തി . പൊലീസ് എത്തിയതോടെ അക്രമി സംഘം ഓടി രക്ഷപ്പെട്ടു. 

എ.ബി.വി.പി ജില്ലാ പ്രസിഡന്റിനെ ക്‌ളാസ് മുറയില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. പുതിയകോട്ടയില്‍ നിന്ന് ചുമട്ടുമേഖലയിലെ ബി.എം.എസുകാരെ എത്തിച്ച് പ്രകോപനം സൃഷ്ടിച്ച് സ്‌കൂളിന് അവധി നല്‍കിപ്പിക്കാനുള്ള നീക്കം പി.ടി.എ ഭാരവാഹികളും വിദ്യാലയം അടിച്ചുതകര്‍ത്തതറിഞ്ഞ് എത്തിയ രക്ഷിതാക്കളും , എസ്.ഐ ബിജുലാലും തടഞ്ഞു. 

ബി.ജെ.പി നേതാക്കളായ മടിക്കൈകമ്മാരന്‍ എസ്.കെ കുട്ടന്‍ എന്നിവരെത്തിയാണ് ചുമട്ടുതൊഴിലാളികളെ തിരിച്ചയച്ചത്.


2400 വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന നഗരഹൃദയത്തിലെ പ്രധാന വിദ്യാലയമാണ് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി. വിദ്യാലയത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പുറത്തുനിന്നുള്ള സംഘം വിദ്യാലയത്തില്‍ കയറി അക്രമണം നടത്തുന്നത്. പഠനപാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ മികവുപുലര്‍ത്തുന്ന ദുര്‍ഗയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംഘടനാപ്രവര്‍ത്തനം അനുവദിച്ചിട്ടുണ്ട്. പഠിപ്പുമുടക്ക് സമരം നടക്കുന്ന വേളയില്‍ വിദ്യാലയത്തിന് അവധി നല്‍കുമ്പോള്‍ കുട്ടികള്‍ക്ക് വീടുകളില്‍ തക്കസമയത്ത് എത്താനുള്ള യാത്രാസംവിധാങ്ങളില്ല. 

സ്‌കുള്‍ പരിസരത്തുള്ളവരൊഴിച്ചുള്ളവര്‍ വൈകുന്നേരം വരെ സകൂള്‍ പരിസരത്തും ടൗണിലും അലഞ്ഞുതിരിയും. ഇത്തരം വിദ്യാര്‍ത്ഥികളെ തിരഞ്ഞെുപിടിച്ച് വഴിതെറ്റിക്കാന്‍ സാമുഹ്യ വിരുദ്ധരും ശ്രമിക്കുന്നത് രക്ഷിതാക്കളുടെയും അധ്യാപികരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവിയും, സുരക്ഷയും കണക്കിലെടുത്ത് മാത്രമാണ് പഠിപ്പുമുടക്ക് വേണ്ടതില്ലെന്ന് പി.ടി.എ ജനറല്‍ ബോഡിയോഗം തീരുമാനിച്ചത്. ഇക്കാര്യങ്ങള്‍ വിദ്യാര്‍ത്ഥിസംഘനകളുടെ യോഗത്തില്‍ അറിയിച്ചതുമാണ്. 

വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പഠിപ്പുമുടക്കു ദിവസങ്ങളില്‍ സമരത്തിന്റെ മുദ്രാവാക്യം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ക്യാമ്പയിന്‍ ചെയ്യാനും സമരം ഉദ്ഘാടനം ചെയ്യാനും പ്രസംഗിക്കാനുമുള്ള അനുവാദമുണ്ട്. എസ്.എഫ്.ഐ, കെ.എസ്.യു സംഘടനകള്‍ ഇക്കാര്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് വിദ്യാര്‍ത്ഥിസമരങ്ങള്‍ നടത്തി പി.ടി.എ യുമായി സഹകരിക്കുന്നതിനിടയിലാണ് ബുധനാഴ്ച എ.ബി.വി.പി വിദ്യാഭ്യാസ ബന്ദിന്റെ മറവില്‍ അതിക്രമം കാട്ടിയത്. 

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് വൈശാഖ് കേളോത്ത് , നഗര കണ്‍വീനര്‍ പ്രണവ്, രാകേഷ്, എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ദുര്‍ഗാ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മനപൂര്‍വ്വം കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നതിന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

Keywords: Kasaragod News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.