Latest News

എടിഎം പിന്‍നമ്പര്‍ മോഷ്ടിച്ച് പണം തട്ടുന്ന യുവാവ് പിടിയില്‍; തട്ടിപ്പിന്റെ ആസൂത്രകന്‍ കാഞ്ഞങ്ങാട് സ്വദേശി

ആലപ്പുഴ:[www.malabarflash.com] ജിപിഎസ് സംവിധാനമുള്ള ഉപകരണം രഹസ്യമായി ഉപയോഗിച്ച് എടിഎം കാര്‍ഡിന്റെ പിന്‍നമ്പര്‍ മോഷ്ടിച്ചശേഷം ഡ്യൂപ്ലിക്കറ്റ് കാര്‍ഡുണ്ടാക്കി പണം തട്ടുന്ന അന്താരാഷ്ട്രസംഘത്തിലെ കണ്ണിയായ മലയാളി യുവാവ് അറസ്റ്റില്‍. 

ആലപ്പുഴയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഫ്രണ്ട് ഓഫീസ് ജീവനക്കാരനായിരുന്ന ചാലക്കുടി വാലകുളം കരിപ്പായി വീട്ടില്‍ ജിന്റോ ജോയിയെ (30) ആണ് ഹൈദരാബാദ് സ്വദേശി രഘുകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ ഡിവൈഎസ്പി കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തട്ടിപ്പിന്റെ ആസൂത്രകന്‍ കാഞ്ഞങ്ങാട് സ്വദേശി ദുബായിയിലുള്ള ഫഹദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ് ആരംഭിച്ചു.

ദിവസങ്ങള്‍ക്കു മുമ്പാണ് തട്ടിപ്പു സംബന്ധിച്ച് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വി. സുരേഷ് കുമാറിന് പരാതി ലഭിച്ചത്. ബിസിനസുകാരനായ രഘുകുമാര്‍ കുടുംബ സമേതം ആലപ്പുഴയിലെത്തിയപ്പോള്‍ ജിന്റോ ജോയി ജോലി ചെയ്തിരുന്ന റിസോര്‍ട്ടിലാണ് രണ്ടാ ഴ്ച താമസിച്ചിരുന്നത്. ഇവിടെ താമസിക്കുന്നതിനിടെ പല ആവശ്യങ്ങള്‍ക്കായി റിസോര്‍ട്ടില്‍ നല്‍കേണ്ട പണത്തിനു പകരം തന്റെ അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിക്കാന്‍ എടിഎം കാര്‍ഡ് രഘുകുമാര്‍ ജിന്റോയെ ഏല്പിക്കുമായിരുന്നു. 

പിന്നീട് റിസോര്‍ട്ടില്‍നിന്നു നാട്ടിലേക്കു മടങ്ങിയ രഘുകുമാര്‍ അവിടെ എത്തിയപ്പോഴാണ് ഒരു ദിവസം രണ്ടുതവണയായി തന്റെ അക്കൗണ്ടില്‍നിന്നും പണം പിന്‍വലിച്ചതായുള്ള മൊബൈല്‍സന്ദേശം ലഭിച്ചത്. ഉടന്‍തന്നെ ഇദ്ദേഹം ആലപ്പുഴ എസ്പിക്കു പരാതി നല്‍കുകയായിരുന്നു.

ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരാതിക്കാരന്‍ താമസിച്ച റിസോര്‍ട്ടിലെത്തിയപ്പോള്‍ എടിഎം കാര്‍ഡ് മുഖേനയും പണം സ്വീകരിക്കുമെന്നും ഇത് കൈകാര്യം ചെയ്തിരുന്നത് ജിന്റോ ആണെന്നും വ്യക്തമായി. ജിന്റോയെ ചോദ്യംചെയ്ത പൊലീസ് റിസോര്‍ട്ടില്‍ ഇയാള്‍ താമസിച്ചിരുന്ന മുറി പരിശോധിച്ചപ്പോള്‍ 19 എടിഎം കാര്‍ഡുകള്‍, 99,400 രൂപ, അഞ്ച് സിം കാര്‍ഡുകള്‍, ഒരു ലാപ് ടോപ്, മൊബൈല്‍ഫോണ്‍, എടിഎം കാര്‍ഡ് ഡിവൈസ് തുടങ്ങിയവ കണെ്ടടുത്തു.

വിശദമായ ചോദ്യം ചെയ്യലില്‍ ജിന്റോ തട്ടിപ്പിന്റെ കഥ പറഞ്ഞു. താമസക്കാരില്‍ നിന്ന് റിസോര്‍ട്ടിനുള്ള പണമെടുക്കാനായി എടിഎം കാര്‍ഡ് ഉപയോഗിക്കേണ്ട ഫ്രണ്ട് ഓഫീസിലെ മെഷീനിനൊപ്പം രഹ സ്യമായി സൂക്ഷിച്ചിരുന്ന പ്രത്യേക ഉപകരണത്തി ലും ജിന്റോ കാര്‍ഡ് കടത്തി. ജിപിഎസ് (ഗ്‌ളോബല്‍ പൊസിഷനിംഗ് സിസ്റ്റം) സംവിധാനമുള്ള ഈ ഉപകരണത്തില്‍ കാര്‍ഡ് ഇടുന്നതിനു മുമ്പ് ദുബായിയിലുള്ള സുഹൃത്ത് ഫഹദിന് രഹസ്യമായി വിവരം കൈമാറിയിരുന്നു. 

കാര്‍ഡ് ഇട്ടപ്പോള്‍ പിന്‍നമ്പരും മറ്റു വിവരങ്ങളും ഫഹദിന്റെ കംപ്യൂട്ടറില്‍ തെളിഞ്ഞു. തുടര്‍ന്ന് രഘുകുമാറിന്റെ കാര്‍ഡ് ജിന്റോ തിരികെ നല്‍കി. പിന്നീട്, വിവരങ്ങള്‍ ഡിലീറ്റ് ചെയ്ത തന്റെ സ്വന്തം കാര്‍ഡുകളിലൊന്ന് ഫഹദിന് അയച്ചുകൊടു ത്തു. ഫഹദ് ഈ കാര്‍ഡില്‍ രഘുകുമാറിന്റെ പിന്‍നമ്പര്‍ കയറ്റി തിരിച്ചയച്ചുകൊടുത്തു. 

രഘുകുമാര്‍ റൂം ഒഴിഞ്ഞതിന്റെ പിറ്റേന്ന് ആലപ്പുഴ നഗരത്തിലെ എസ്ബിഐയുടെയും എസ്ബിടിയുടെയും എടിഎമ്മുകളില്‍ നിന്നാണ് ജിന്റോ ഒരു ലക്ഷം രൂപ പിന്‍വലിച്ചത്. (ബിസിനസുകാര്‍ ഉപയോഗിക്കുന്ന ഗോള്‍ഡന്‍ കാര്‍ഡ് ഉപയോഗിച്ച് ഒരു ദിവസം ഒരു ലക്ഷം രൂപവരെ പിന്‍വലിക്കാം). ലഭിക്കുന്നതിന്റെ 15 ശതമാനം തുക ഫഹദിനാണെന്ന് ജിന്റോ പൊലീസിനോടു പറഞ്ഞു.

മുമ്പ് ഷെയര്‍ മാര്‍ക്കറ്റ് ബിസിനസ് നടത്തിയിരുന്ന ജിന്റോ പൊട്ടിപ്പൊളിഞ്ഞതോടെയാണ് മാസങ്ങള്‍ക്കു മുമ്പ് റിസോര്‍ട്ടില്‍ ജോലി തേടിയത്. 20,000 രൂപയാണ് ഇവിടെ ശമ്പളം. ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്‌സ് പഠിച്ച ജിന്റോയ്ക്ക് രണ്ടു പേപ്പര്‍ കിട്ടാനുണ്ട്. ഇതിനോടകം എത്രപേര്‍ തട്ടിപ്പിനിരയായി എന്നതു സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഐ.ടി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ജിന്റോയില്‍ നിന്നും പിടിച്ചെടുത്ത എടിഎം കാര്‍ഡ് ഡിവൈസ് എന്ന ഉപകരണം റഷ്യന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ചതാണ്. ഫഹദ് ആണ് ഇത് ജിന്റോയ്ക്ക് നല്‍കിയത്. മോഷ്ടിക്കുന്ന നമ്പറുകള്‍ കൈ മാറിയാല്‍ പ്രതിഫലം നല്‍കുന്ന വെബ്‌സൈറ്റുകള്‍ റഷ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ചാലക്കുടി സ്വദേശിയായ സുഹൃത്ത് ലൈജു മുഖേനയാണ് കാഞ്ഞങ്ങാടുകാരനായ ഫഹദിനെ ജിന്റോ പരിചയപ്പെട്ടത്. 

നിരവധി സാമ്പത്തിക തട്ടിപ്പുകേസുകളില്‍ പ്രതിയായതിനെത്തുടര്‍ന്ന് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് റദ്ദാക്കപ്പെട്ട ഫഹദ് നേപ്പാളിലേക്ക് പോയി. അവിടെവച്ച് വിവാഹിതനായശേഷം നേപ്പാള്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ദുബായിലേക്കു കടക്കുകയായിരുന്നു. ദുബായിയില്‍ കമ്പനി ജീവനക്കാരനായ ഫഹദിന് അവിടെയും ഇതുതന്നെയാണ് പണിയെന്ന് ജിന്റോ പൊലീസിനോടു പറഞ്ഞു. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ജില്ലാ പൊലീസ് ചീഫ് വി. സുരേഷ് കുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഡിവൈഎസ്പി കെ. ലാല്‍ജിക്കൊപ്പം നോര്‍ത്ത് എസ്.ഐ വി. ബാബു, ടൂറിസം എസ്.ഐ മുരളീധരന്‍, സിപിഒമാരായ സജിമോന്‍, മോഹനന്‍, ശരത് എന്നിവരുമുണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.